ജോസഫ്, നായാട്ട്; സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഷാഹി കബീർ സംവിധായകനാകുന്നു
ലോക്ക് ഡൗണിനു ശേഷം സജീവമായി വരുന്ന മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഗംഭീര ചിത്രങ്ങൾ തീയേറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും നിറഞ്ഞൊഴുകുമ്പോൾ പ്രതീക്ഷയുള്ള നിരവധി പുതിയ പ്രോജക്ടുകളാണ് പ്രഖ്യാപിക്കപ്പെടുന്നത്. ഇപ്പോഴിതാ സിനിമാപ്രേമികൾക്ക് വളരെ ആവേശം നൽകുന്ന ഒരു ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. പ്രമുഖ നിർമ്മാതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകനാണ് പ്രധാന ആകർഷക ഘടകം. ജോജു ജോർജ്ജ് നായകനായ ‘ജോസഫ്’, തിയേറ്ററുകളിൽ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുന്ന ‘നായാട്ട്’ എന്നീ സൂപ്പർ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഷാഹി കബീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. രണ്ട് ഗംഭീര ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ചിത്രകാരൻ സംവിധായകന്റെ കുപ്പായം അണിയുമ്പോൾ സിനിമാപ്രേമികൾക്ക് പ്രതീക്ഷ വാനോളമാണ്. നായകനായും സഹനടനായും കോമഡി താരമായും മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൗബിൻ ഷാഹിർ ആയിരിക്കും ചിത്രത്തിൽ നായകനായി എത്തുക. പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ അൻവർ റഷീദ് ഈ ചിത്രത്തിൽ നിർമാണച്ചുമതല വഹിക്കുന്നുണ്ട്.
അൻവർ റഷീദിനെ കൂടാതെ കപ്പേളയ്ക്ക് ശേഷം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാകുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വരുംദിവസങ്ങളിൽ മറ്റ് അണിയറ വിശേഷങ്ങൾ പുറത്തു വരുന്നതായിരിക്കും. ജോസഫ്, നായാട്ട് എന്നീ രണ്ട് ചിത്രങ്ങളുടെ ഗംഭീര വിജയം തന്നെയാണ് അണിയറയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനു വേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്നതിന് പ്രധാന കാരണം.