ട്രോളുകൾ പരിധി വിടുന്നു:, നടൻ കൈലാഷിനെതിരെ ഇത്രയും ആക്രമണം എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല
നടൻ കലാ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മിഷൻ സി’ എന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. നിമിഷ നേരങ്ങൾ കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ട പോസ്റ്റർ വ്യാപകമായ രീതിയിൽ സൈബർ ആക്രമണം നേരിട്ടു. ചിത്രത്തിന്റെ നിലവാരത്തെ ചൊല്ലിയും മുൻപുള്ള കൈലാഷ് ചിത്രങ്ങളെ മുൻനിർത്തിയുമാരുന്നു ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ട്രോളുകൾ അധിക്ഷേപങ്ങളുടെ രൂപത്തിൽ വ്യാപകമായപ്പോൾ ചിത്രത്തിന്റെ സംവിധായകൻ വിനോദ് ഗുരുവായൂർ അധിക്ഷേപങ്ങൾക്ക് പരിധിയുണ്ട് എന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ഓൺലൈനിലൂടെ ആണ് സംവിധായകന്റെ പ്രതികരണം അറിയിച്ചത്. അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെ:, “കഴിഞ്ഞ ദിവസം മിഷൻ സി എന്ന ചിത്രത്തിലെ പോസ്റ്റർ റിലീസ് ചെയ്തിട്ടുണ്ടായി. കൈലാഷിന്റെ ഫോട്ടോ ആണ് അതിൽ ഉണ്ടായിരുന്നത്. വിഷമത്തോടെ തന്നെ പറയട്ടെ വളരെ മോശമായി ഒരു നടനെ ചിത്രീകരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ആ നടനെതിരെ ഇത്രയും ആക്രമണം എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല. കാരണം ഒരു സാധാരണ കുടുംബത്തിൽ നിന്നും വളർന്ന് അധ്വാനിച്ച് ചാൻസ് ചോദിച്ച് സംവിധായകരുടെയും പുറകെ നടന്ന് ഈ നിലയിൽ എത്തിയ താരമാണ് കൈലാഷ്…”
ചിലപ്പോൾ എല്ലാ സിനിമകളും വലിയ സംവിധായകർക്കൊപ്പം അഭിനയിക്കാൻ സാധിച്ചന്ന് വരില്ല. സംവിധായകൻ നിർദ്ദേശിക്കുന്നത് അനുസരിച്ചായിരിക്കും പലപ്പോഴും അഭിനയിക്കേണ്ടി വരിക. കഥാപാത്രങ്ങൾക്കനുസരിച്ച് അഭിനയിക്കേണ്ടിയും വരാം. പക്ഷേ ഇന്നും സംവിധായകർ അദ്ദേഹത്തെ വിളിക്കുകയും സിനിമകൾ കൊടുക്കുകയും ചെയ്യുന്നത് എന്തെങ്കിലും ഒരു കഴിവില്ലാതെ ആയിരിക്കില്ല. കഴിവില്ല എന്ന് പറഞ്ഞ് ഒരാളെ മാറ്റി നിർത്തിയാൽ അയാളെ ഒരു സംവിധായകൻ വിളിക്കില്ല. ഇത് സംഘടിത ആക്രമണമാണ്. അയാളുടെ കരിയർ തന്നെ തകർക്കുന്ന സ്ഥിതിയിലുള്ള സൈബർ ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
മിഷൻ സി എന്ന സിനിമയിൽ അദ്ദേഹം നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ട്. സിനിമ പുറത്തിറങ്ങുമ്പോൾ നിങ്ങൾക്ക് അത് മനസിലാകും. ഇപ്പോൾ സിനിമയിലെ പോലും മോശമായി ചിത്രീകരിക്കുകയാണ്. എന്നോ ഒരു റോള് ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തെ ഇങ്ങനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. എന്റെ സിനിമയിൽ ശരത് അപ്പാനിയാണ് നായകൻ. സിനിമയിൽ പ്രധാനറോളാണ് തന്റേതെന്ന മനസിലാക്കി സാമ്പത്തികം പോലും നോക്കാതെ വന്ന് അഭിനയിച്ച ആളാണ് കൈലാഷ്. ട്രോളുകൾ നമുക്ക് ആവശ്യമാണ്. പക്ഷേ പരിധി വിടുമ്പോൾ അത് സങ്കടകരമാകും…. “