വെറും നാല് ദിവസംകൊണ്ട് 550 കോടിയും കടന്ന് റെക്കോര്‍ഡുകള്‍ കുറിച്ച് കെജിഎഫ് 2 വിജയകുതിപ്പ്
കന്നട ചിത്രം ‘കെജിഎഫ് ചാപ്റ്റര്‍ 2’ റിലീസ് ചെയ്ത് വെറും നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 550 കോടിയോളം രൂപയാണ് വരുമാനം. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ പുതിയ റെക്കോഡുകള്‍ കുറിച്ച ചിത്രം എന്ന് തന്നെ കെജിഎഫ് 2വിനെ നമുക്ക് വിശേഷിപ്പിക്കാം. ചിത്രം റിലീസ് ചെയ്ത ദിവസം ഇന്ത്യയില്‍ നിന്ന് 134.5 കോടിയാണ് നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 7.48 കോടിയോളം രൂപ സ്വന്തമാക്കാന്‍ ചിത്രത്തിന് കഴിഞ്ഞു. ആദ്യദിനം തന്നെ ഒരു സിനിമയ്ക്ക് കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.
അതേസമയം, യഷ് നായകനായെത്തിയ കെജിഫ് ചാപ്റ്റര്‍ 2 100 കോടി രൂപ മുതല്‍ മുടക്കിലാണ് ഒരുക്കിയത്. ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ഠണ്ടന്, പ്രകാശ് രാജ്, ആനന്ദ് നാഗ്, മാളവിക അവിനാശ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. ലോകമെമ്പാടുമായി ഏകദേശം 10,000 സ്ക്രീനുകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെജിഎഫിന്റെ വിവിധ ഭാഷാ പതിപ്പുകള്‍ ഇന്ത്യയിലുടനീളം ഏകദേശം 6500 സ്ക്രീനുകളില്‍ ലഭ്യമാണ്. മലയാളത്തിനു പുറമെ, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളും കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ട്. കേരളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ചിത്രത്തിന്റെ ആദ്യഭാഗം 2018 ലാണ് റിലീസ് ചെയ്തത്. 1960-70 കാലഘട്ടത്തില്‍ കോലാര്‍ സ്വര്‍ണഖനി തൊഴിലാളികളുടെ അടിമ ജീവിതവും അവരുടെ അതിജീവനവും ആണ് ചിത്രത്തിന്റെ പ്രമേയം. ഏറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കെജിഎഫ് ഇന്ത്യയൊട്ടാകെ തരംഗമായി മാറി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും പ്രതീക്ഷകള്‍ കൈവിടാതെയായിരുന്നു കെജിഎഫിന്റെ വിജയം. 80 കോടി മുടക്കി നിര്‍മ്മിച്ച കെജിഎഫ് ആദ്യ ചാപ്റ്റര്‍ 250 കോടി നേടിയിരുന്നു.