അദ്ദേഹം രണ്ട് അടി അടിച്ച് ‘ഗുഡ് ഫിസിക്ക്’ എന്ന് പറഞ്ഞപ്പോള്‍ ശരിക്കും സ്വര്‍ഗ്ഗലോകത്ത് ആയിപ്പോയി; അര്‍ണോള്‍ഡിനെ കണ്ട അനുഭവം പങ്കുവെച്ച് അബുസലീം
വര്‍ഷങ്ങളായി നമ്മള് ആരാധിക്കുന്ന മനുഷ്യനെ കാണാന്‍ വേണ്ടി ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുക, അവസാനം സാധിക്കില്ല എന്ന അവസ്ഥ എത്തുമ്പോള്‍ അദ്ദേഹം നേരിട്ട് ഇങ്ങോട്ട് വന്ന് സംസാരിക്കുക… സിനിമയിലൊക്കെ കാണാന്‍ കഴിയുന്ന ഇത്തരത്തിലുള്ള ഒരു സീനാണ് നടന് അബുസലിമിന്റെ ജീവിതത്തില്‍ ഉണ്ടായത്. ഹോളിവുഡ് സൂപ്പര്‍താരം അര്‍ണോള്‍ഡ് ഷ്വാസ്നെഗറിന്റെ കട്ട ഫാനാണ് അബുസലിം. അര്‍ണോള്‍ഡിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ സാധിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ അബുസലിം ഒരു അഭിമുഖത്തില്‍. ശങ്കര്‍ സംവിധാനം ചെയ്ത വിക്രം നായകനായ സിനിമയാണ് ഐ. ഈ സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായി അര്‍ണോള്‍ഡ് തമിഴ്നാട്ടില്‍ എത്തിയപ്പോഴാണ് അബുസലിമിന് അദ്ദേഹത്തെ കാണാന്‍ സാധിച്ചത്.
വിക്രമാണ് അര്‍ണോള്‍ഡ് വരുന്നുണ്ട് എന്ന കാര്യം ഫാന്‍ബോയ് ആയ അബുസലിമിനെ വിളിച്ച് പറഞ്ഞത്. വാര്‍ത്ത കേട്ടതും അബുസലിം നേരെ മദ്രാസിലേയ്ക്ക് പോയി. ലീല പാലസ് ഹോട്ടലില്‍ വലിയ സെക്യൂരിറ്റിയോടെയാണ് അര്‍ണോള്‍ഡ് താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ പൊലീസ് വഴി നീങ്ങാന്‍ അബുസലിം തീരുമാനിച്ചു. കേരളത്തില്‍ നിന്നുള്ള റെയില്‍വേ ഡിഐജി ആയ അഷ്റഫ് ഐപിഎസിനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ അബുസലീമിന് അര്‍ണോള്‍ഡിനെ കാണാനുള്ള സൗകര്യം ചെയ്ത് കൊടുക്കാന്‍ അദ്ദേഹം സബോര്‍ഡിനേറ്റിനോട് പറഞ്ഞു. ഡിഐജിയുടെ വാഹനത്തില്‍ തന്നെ ലീല പാലസ് ഹോട്ടലില്‍ അദ്ദേഹം എത്തി. പക്ഷേ, അകത്ത് കയറി അര്‍ണോള്‍ഡിനെ കാണാന്‍ കഴിഞ്ഞില്ല. അത്രയ്ക്ക് സെക്യൂരിറ്റിയായിരുന്നു, ഒപ്പം അദ്ദേഹത്തെ ശല്യം ചെയ്യരുതെന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ പ്രത്യേക ഓര്‍ഡറും ഉണ്ടായിരുന്നു. കൂടെ നിന്ന് ഒരു ഫോട്ടോ എടുത്താല്‍ മാത്രം മതി എന്ന ആഗ്രഹമായിരുന്നു അബുസലിമിന് ഉണ്ടായിരുന്നത്.
പൊലീസ് വഴി കാര്യങ്ങള്‍ നടക്കാത്തതിനാല്‍ അര്‍ണോള്‍ഡിന്റെ സെക്യൂരിറ്റി വിങ്ങിലുണ്ടായിരുന്ന വസന്ത്നഗര്‍ രവി വഴി ഒരു ശ്രമം കൂടി നടത്തി. പക്ഷേ, അതും പാളിപ്പോയി. റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച് അര്‍ണോള്‍ഡ് പുറത്തിറങ്ങുമ്പോള്‍ അബുസലിം പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു. പക്ഷേ, അപ്രതീക്ഷിതമായി അര്‍ണോള്‍ഡ് അബുസലിമിനെ വിഷ് ചെയ്തു. ആദ്യം ഒന്ന് അമ്പരന്നു എങ്കിലും ഓടിച്ചെന്ന് സ്വയം പരിചയപ്പെടുത്തി എന്ന് അബുസലിം പറയുന്നു. ഗുഡ് ഫിസിക്ക് എന്ന് പറഞ്ഞ് അര്‍ണോള്‍ഡ് അബുസലിമിനെ രണ്ട് അടി അടിച്ചു. താന്‍ സ്വര്‍ഗ്ഗ ലോകത്ത് ആയിരുന്നു എന്നാണ് അബുസലിം ആ നിമിഷങ്ങളെക്കുറിച്ച് ഓര്‍ക്കുന്നത്. മാത്രവുമല്ല, രണ്ട് മിനിറ്റി അര്‍ണോള്‍ഡിനൊപ്പം സംസാരിക്കാനും സാധിച്ചു എന്ന് അദ്ദേഹം ഓര്‍ക്കുന്നു.