“മമ്മൂക്കയ്ക്കല്ല.. എനിയ്ക്കാണ് മമ്മൂക്കയെ വെച്ച് സിനിമ ചെയ്യാൻ ആഗ്രഹം” : പൃഥ്വിരാജ് സുകുമാരൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. നടനെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും അദ്ദേഹം തൻ്റെ കഴിവ് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. പലപ്പോഴും സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളുമായി അദ്ദേഹം പ്രേക്ഷർക്ക് മുൻപിൽ എത്തുമ്പോൾ മികച്ച സ്വീകാര്യതയാണ് എല്ലാവരിൽ നിന്നും ലഭിക്കാറുള്ളത്. അഭിപ്രായങ്ങളും, നിലപടുകളും മറയില്ലാതെ തുറന്നു പറയുന്ന താരം സിനിമ മേഖലയിലും തൻ്റെ വ്യത്യസ്ത തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിനോക്കാറുണ്ട്. അത്തരത്തിൽ നടത്തിയ വലിയൊരു പരീക്ഷണം വൻ വിജയമായി തീരുകയായിരുന്നു മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’. മലയാളത്തിലെ മഹാ നടൻ മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ സിനിമ ഗംഭീര വിജയം കാഴ്ചവെക്കുകയും ചെയ്തിരുന്നു.
മോഹൻലാലിനെ നായകനാക്കി സിനിമ എടുത്തതു മുതൽ എന്നാണ് മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിങ്ങൾ ഒരു ചിത്രം സംവിധാനം ചെയ്യുക എന്ന ചോദ്യം വലിയ രീതിയിൽ ഉയർന്നിരുന്നു. എന്നാൽ അന്ന് ആ ചോദ്യത്തിന് താരം നൽകിയ മറുപടി സമയമുണ്ട് നമ്മുക്ക് ആലോചിക്കാം എന്നായിരുന്നു.
അതേസമയം മമ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജ് പുതിയ ചിത്രം ചെയ്യാൻ പോകുന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുമ്പോൾ തൻ്റെ മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും, ധാരണകളും പങ്കുവെക്കുകയാണ് അദ്ദേഹം. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിൻ്റെ പ്രതികരണം.
എഴുപത് വയസിന് ശേഷമുള്ള മമ്മൂട്ടിയിൽ നിന്ന് നല്ലൊരു കഥാപാത്രത്തെ സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്നും, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെ ലഭിക്കുമെന്നും, ഇനി ചെയ്യാനുള്ള അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെ ഒരു നടനെന്ന രീതിയിൽ നന്നായി എക്സ്പ്ലോർ ചെയ്യാൻ സാധിക്കുമെന്നും താങ്കൾ മുൻപ് സൂചിപ്പിച്ചിരുന്നു. അത് വളരെ വളരെ എക്സൈറ്റഡ് ആയി നോക്കിക്കാണുന്നു എന്ന് പറയുമ്പോൾ എന്താണ് അങ്ങനെ പറയാനുള്ള കാരണം എന്ന് അവതാരകൻ ചോദിച്ചപ്പോൾ താരത്തിൻ്റെ മറുപടി ഇങ്ങനെയായിരുന്നു.
“പുതിയ സംവിധായകർ മമ്മൂട്ടിയെ വെച്ചും, മോഹൻലാലിനെവെച്ചും സിനിമ എടുക്കുമ്പോൾ അവരിൽ നിന്ന് പുതുമയുള്ള എന്തെങ്കിലും കണ്ടെത്താൻ ശ്രമിക്കുന്നവരാണ്. ഉദാഹരണം എൻ്റെ കാര്യം തന്നെ നോക്കുക ലാലേട്ടനെ വെച്ച് ലൂസിഫർ എടുത്തപ്പോൾ ഞാൻ ചിന്തിച്ചത് അങ്ങനെയായിരുന്നു. സ്ഥിരം ലാലേട്ടൻ സിനിമകളിൽ നിന്നും അദ്ദേഹത്തെ ലൂസിഫറിലൂടെ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചു. ഇത് തന്നെയാണ് താനും ആഗ്രഹിക്കുന്നത്. മിക്കച്ച നടന്മാരെ വെച്ച് സിനിമ ചെയ്യുമ്പോൾ അവരിൽ നിന്ന് വ്യത്യസ്തത കണ്ടെത്തുക. മമ്മൂക്കയുടെ കാര്യത്തിലും താൻ അതാണ് ഉദ്ദേശിക്കുന്നത്”.
മമ്മൂട്ടിയെ വെച്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രത്തിൽ അദ്ദേഹത്തെ നല്ല രീതിയിൽ എക്സ്പ്ലോർ ചെയ്യാൻ സാധിക്കുമോ എന്ന ചോദ്യത്തിന് അത് താൻ ഇവിടെയിരുന്ന് പറയേണ്ട കാര്യമല്ലെന്നും, സിനിമ കണ്ട് കഴിഞ്ഞതിന് ശേഷം പ്രേക്ഷകരാണ് സിനിമയിൽ അദ്ദേഹത്തെ നല്ല രീതിയിൽ ഉപയോഗിച്ചോ എന്ന് വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നല്ല രീതിയിൽ മമ്മൂക്കയെ വെച്ച് ഒരു സിനിമ എടുക്കാൻ സാധിക്കുമെന്ന തൻ്റെ ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവെച്ചു. ഒടിടി പ്ലാറ്റ്ഫോമുകളുടെ കാലഘട്ടമാണിതെന്നും, നല്ല സിനിയമകൾ ഒടിടിയിലൂടെ ലഭിക്കുമെന്നും, അതുകൊണ്ട് ഒന്ന് മികച്ചതാണെന്നും, ഒന്ന് മോശമാണെന്നും തനിയ്ക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.