‘വഴിയോരക്കാഴ്ചകളിലെ’ ആന്റണി, ഹാസ്യം, വീരം, പ്രണയം, വില്ലനിസം, നിഷ്കളങ്കത, ക്രൗര്യം….. അങ്ങിനെ ഹീറോയിസത്തിന് വേണ്ട എല്ലാ വിധ ചേരുവകളും ചേരുംപടി ചേർത്ത കഥാപാത്രം
മോഹൻലാൽ ഇതുവരെ വേഷമിട്ട സിനിമകളിലും, അഭിനയിച്ച കഥാപാത്രങ്ങളിലും തൻ്റെ അഭിനയത്തെ മികവുറ്റതാക്കി മാറ്റിയ നിരവധി സിനിമകളുണ്ട്. എന്നാൽ അദ്ദേഹത്തിൻ്റെ അഭിനയശേഷിയുടെ എല്ലാവിധ ഡയമെൻഷനുകളും ഉൾക്കൊണ്ട് കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു തമ്പി കണ്ണന്താനത്തിൻ്റെ ‘വഴിയോരക്കാഴ്ചകളിലെ’ ആന്റണി എന്ന കഥാപാത്രം. ഹാസ്യം, വീരം, പ്രണയം, വില്ലനിസം, നിഷ്കളങ്കത, ക്രൗര്യം തുടങ്ങി ഒരു ഹീറോയിസത്തിന് വേണ്ടത് എന്തോ അങ്ങനെ എല്ലാം ഇണക്കി ചേർത്തുകൊണ്ടാണ്
ഡെന്നീസ് ജോസഫ് ആ കഥാപാത്രത്തെ സൃഷ്ടിച്ചത്. എന്നാൽ വേണ്ട രീതിയിൽ സിനിമാ ആസ്വാദകരുടെ ഇടയിൽ ആ കഥാപാത്രത്തിന് സ്വീകാര്യത ലഭിച്ചോ എന്നത് മറ്റൊരു ചോദ്യമായി ഇപ്പോഴും നിലനിൽക്കുന്നു.
1987 – ൽ തമ്പി കണ്ണന്താനത്തിൻ്റെ സംവിധാനത്തിൽ പിറന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം രതീഷ്,അംബിക എന്നിവരും വഴിയോരക്കാഴ്ചകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഷാരോൺ പിക്ചേഴ്സിൻ്റെ ബാനറിൽ തമ്പി കണ്ണന്താനം തന്നെയാണ് ചിത്രം നിർമ്മിച്ചതും. ജൂബിലി പിക്ചേഴ്സായിരുന്നു വിതരണം. സിനിമ റിലീസായി ആരംഭത്തിൽ ശ്രദ്ധ നേടിയെങ്കിലും വലിയ വിജയം കണ്ടെത്താൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. മറിച്ച് വലിയ പരാജയം സിനിമയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നു.
രാജാവിൻ്റെ മകനും,ഭൂമിയിലെ രാജാക്കന്മാർക്കും ശേഷം അതെ സൗഹൃദത്തിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ഇതും. എന്നാൽ തിരക്കഥയിലെ അലംഭാവം ഒന്നുകൊണ്ടു മാത്രം സിനിമ തികഞ്ഞ പരാജയത്തിൽ കലാശിക്കുകയായിരുന്നു. “യാറുക്കാഹെ..ഇത് യാറുക്കാഹെ .. ഇന്ത മാളികൈ വസന്ത മാളികൈ…” എന്ന പാട്ടും പാടി അദ്ദേഹം ട്രാക്കോടിച്ചു വരുന്ന ആ ആരംഭത്തിലെ സീനുകളൊക്കെ അതി മനോഹരമായിരുന്നു. മികച്ച ഒരു സ്ക്രിപ്റ്റിൽ പുനരാവിഷ്കരിക്കാൻ സ്കോപ്പുള്ള ഒരു കഥാപാത്രമാണത് ഇപ്പോഴും. ഇന്നായിരുന്നെങ്കിൽ ഒരു പക്ഷേ തിമിർത്താടാനും, തിയേറ്ററിൻ്റെ കൈയ്യടി മുഴുവനും വാരി കൂട്ടാൻ സാധിക്കുമായിരുന്ന ഒരു കഥാപാത്രമാകുവാൻ വഴിയോരക്കാഴ്ചയിലെ ആന്റണിയ്ക്ക് സാധിച്ചേനേ.