“ഞാൻ കടുത്ത മമ്മൂക്ക ആരാധകനാണ്, അദ്ദേഹത്തെ കണ്ടുമുട്ടിയത് ജീവിതത്തിൽ വഴിത്തിരിവായി”: തുറന്നു പറഞ്ഞ് നടൻ സുരാജ് വെഞ്ഞാറമൂട്
മലയാളികൾ ഹൃദയത്തിലേറ്റിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികളിലൂടെയാണ് താരം സിനിമയിലെത്തിയത്. തിരുവനന്തപുരം മേഖലയിലെ ഒരു പ്രത്യേക തരം ഭാഷ അവതരിപ്പിച്ചുകൊണ്ടാണ് താരം മലയാളികളുടെ ഹൃദയത്തിൽ കയറിക്കൂടിയത്. ഹാസ്യ കഥാപാത്രമായി അരങ്ങേറ്റം കുറച്ചെങ്കിലും പിന്നീട് സ്വഭാവ നടനായിട്ടാണ് സുരാജ് വെഞ്ഞാറമൂട് തിളങ്ങിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാരമടക്കം താരം സ്വന്തമാക്കുകയും ചെയ്തു.
മമ്മൂട്ടി നായകനായി, അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ, മമ്മൂട്ടിക്ക് പ്രത്യേകതരം ശൈലി പറഞ്ഞു കൊടുത്തതിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് സിനിമ മേഖലയിൽ സജീവമാകുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധകൻ കൂടിയായ സുരാജ് അദ്ദേഹത്തെ ആദ്യമായി കാണുന്ന അവസരത്തെ കുറിച്ചും, അത് തന്റെ ജീവിതത്തിൽ വഴിത്തിരിവായതിനെക്കുറിച്ചും തുറന്നു പറയുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറലായി മാറുന്നത്.
മമ്മൂട്ടിയുടെ സിനിമകൾക്ക് തിയേറ്ററിൽ പോയി ആരവം ഉണ്ടാക്കുകയും ബാനർ കെട്ടുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ അതുവരെ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു ദിവസം തന്റെ പ്രോഗ്രാം പ്രൊഡ്യൂസറായ സുധീർ വന്ന് മമ്മൂട്ടി തന്നെ കാണാനെത്തി എന്ന് പറഞ്ഞു. ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് അദ്ദേഹത്തെ നേരിൽ കണ്ടു. ആദ്യം കണ്ടപ്പോൾ ഒന്നും പറയാനാകാതെ സ്തംഭിച്ചു നിന്നെന്നാണ് താരം പറയുന്നത്. തുടർന്ന് മമ്മൂക്ക തൻ്റെ പ്രോഗ്രാമുകളെക്കുറിച്ച് പല ഉപദേശങ്ങളും തന്നു.
സിനിമ മേഖലയിൽ, മറ്റുള്ള ചാനൽ പരിപാടികളെക്കുറിച്ചെല്ലാം വളരെയധികം അപ്ഡേറ്റഡ് ആയിരിക്കുന്ന ഒരു താരം മമ്മൂക്കയാണെന്നാണ് സുരാജ് പറയുന്നത്. അന്ന് ഒരു സിനിമ ചെയ്യണമെന്നും അത് തൻ്റെ സ്ലാങ് വേണമെന്നും മമ്മൂക്ക പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആ സിനിമ മടങ്ങിപ്പോവുകയും അതിനു ശേഷം അൻവർ റഷീദ് രാജമാണിക്യം എന്ന സിനിമയ്ക്ക് വേണ്ടി വിളിക്കുകയും ചെയ്തു.
ആ സിനിമയിലൂടെ മമ്മൂക്കയുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞെന്നും താരം പറയുന്നു. ഒന്നിച്ച് കാറിൽ യാത്ര ചെയ്യാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിഞ്ഞു. ആ സിനിമയിൽ തനിക്ക് ഒരു അവസരം ലഭിച്ചു. 18 പ്രാവശ്യം ടേക്ക് എടുത്തതിനു ശേഷമാണ് ആ സീൻ ഒക്കെ ആയത്. പക്ഷേ എഡിറ്റ് ചെയ്യുന്ന സമയത്ത് അത് കട്ട് ചെയ്യുകയും ചെയ്തു. അൻവർ റഷീദ് അടുത്ത സിനിമയിൽ നല്ലൊരു കഥാപാത്രം നൽകാമെന്ന് പറഞ്ഞതായും സുരാജ് പറഞ്ഞു.
താൻ പറഞ്ഞു കൊടുത്ത സ്ലാങ് തന്നെക്കാൾ ഗംഭീരമായി മമ്മൂക്ക ചെയ്തെന്നും സുരാജ് പറയുന്നുണ്ട്. തന്നെ ഒരു ഡയറക്ടറായി കാണാനാണ് ആദ്യം മമ്മൂക്ക ആഗ്രഹിച്ചത്. എന്നാൽ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് താല്പര്യം എന്ന് പറഞ്ഞതോടെ അതിനുള്ള വഴിയൊരുക്കി. ബസ് കണ്ടക്ടർ എന്ന സിനിമ വന്നപ്പോൾ സുരാജ് നല്ലൊരു വേഷം കൊടുക്കണമെന്ന് പറയുകയും ചെയ്തു. അദ്ദേഹവുമായി പരിചയപ്പെട്ടതിനു ശേഷമാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് താരം വ്യക്തമാക്കുന്നു.