“അതൊരു ബ്രില്യന്‍റ് മൂവിയാണ് ” ; മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ജോബി ജോര്‍ജ്
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചൊരു സിനിമയില്‍ എത്തുകയെന്നാല്‍ അത് ദക്ഷിണേന്ത്യ മുഴുവന്‍ ശ്രദ്ധിക്കുന്നൊരു വാര്‍ത്തയാണ്. മമ്മൂക്കയും ലാലേട്ടനും ഒന്നിച്ച സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. തുല്യ പ്രാധാന്യമുളള റോളുകളിലാണ് ഇരുവരും മിക്ക സിനിമകളിലും എത്തിയത്. ഒപ്പം തന്നെ അതിഥി വേഷങ്ങളിലും മമ്മൂക്കയും ലാലേട്ടനും സിനിമകളില്‍ അഭിനയിച്ചു. ഇവർ ഒന്നിച്ച് ഏകദേശം 50 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അപ്പൊഴൊക്കെ ആരാധകര്‍ക്ക് അതൊരു ആവേശമായിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ചാല്‍ മാത്രമല്ല, ഒന്നിച്ച് നിന്നാല്‍ തന്നെ അതൊരു സന്തോഷമാണ്. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകൾ വന്നപ്പോൾ മുതൽ സോഷ്യൽ മീഡിയകളിൽ നിറയെ ചർച്ചാവിഷയമായിരികുകയാണ്.
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും എത്തിയിട്ടില്ല. മമ്മൂട്ടി കമ്പനിയും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ തിരക്കഥയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. താന്‍ നിര്‍മ്മിച്ച ഷൈലോക്ക് എന്ന ചിത്രത്തിന് ശേഷം മുഴുവനായും ഇരുന്ന് കേട്ട തിരക്കഥ ഈ ചിത്രത്തിന്‍റേതാണെന്ന് ജോബി ജോര്‍ജ് പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോബി ജോര്‍ജിന്‍റെ പ്രതികരണം.ഷൈലോക്കിന് ശേഷം ഞാന്‍ സ്ക്രിപ്റ്റ് മുഴുവന്‍ കേട്ടത് ഇനി മമ്മൂക്കയുടെ വരാന്‍ പോകുന്ന പടമാണ്. അത് ഞാനല്ല പ്രൊഡ്യൂസ് ചെയ്യുന്നത്. പക്ഷേ മഹേഷ് നാരായണന്‍- മമ്മൂട്ടി- മോഹന്‍ലാല്‍ പടത്തിന്‍റെ സ്ക്രിപ്റ്റ് കേട്ടതാണ്. അതൊരു ബ്രില്യന്‍റ് മൂവിയാണ്. അതൊരു വലിയ സിനിമയായി മാറും എന്നാണ് എനിക്ക് തോന്നിയത്. ഞാന്‍ അത് മൊത്തം ഇരുന്ന് കേട്ടതാണ്, ജോബി ജോര്‍ജ് വ്യക്തമാക്കുന്നു.
പതിനൊന്നുവർഷംമുൻപ് മമ്മൂട്ടി നായകനായ കടൽ കടന്നൊരു മാത്തുക്കുട്ടിയിൽ മോഹൻലാൽ അതിഥിവേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഇരുവരും തുല്യപ്രധാന്യമുള്ള നായകരായി അവസാനമായി ഒന്നിച്ചത് 2008-ൽ ട്വന്റി-20 യിലാണ്. ജോഷി സംവിധാനം ചെയ്ത ട്വന്റി-20 അന്ന് ബോക്സോഫീസിൽ റെക്കോഡ് വിജയമാണ് നേടിയത്. 80 കോടിയോളം ബജറ്റിലാണ് മമ്മൂട്ടി, മോഹൻലാൽ ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.
1982-ൽ നവോദയായുടെ പടയോട്ടം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹൻലാലും പ്രധാനവേഷങ്ങളിൽ ആദ്യമായി ഒരുമിച്ചത്. അതിൽ മോഹൻലാലിന്റെ അച്ഛനായാണ് മമ്മൂട്ടി അഭിനയിച്ചത്. പിന്നീട് അഹിംസ, വാർത്ത, എന്തിനോ പൂക്കുന്ന പൂക്കൾ, അവിടത്തെപ്പോലെ ഇവിടെയും, അടിയൊഴുക്കൾ, കരിമ്പിൻപൂവിനക്കരെ, നമ്പർ 20 മദ്രാസ് മെയിൽ, അതിരാത്രം, കരിയിലക്കാറ്റുപോലെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങി 51 സിനിമകളിൽ ഇരുവരും ഒരുമിച്ചു. ഇതിലേറെയും സൂപ്പർഹിറ്റുകളുമായിരുന്നു.