“എനിക്കറിയാം മമ്മൂട്ടി അങ്ങനെ ഒരു പരുക്കനോ ജാഡക്കാരനോ ഒന്നുമല്ല”; മമ്മൂസിനെ കുറിച്ച് പൊന്നമ്മ പറഞ്ഞത്
കവിയൂര്‍ പൊന്നമ്മ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരിക വലിയ വട്ടപ്പൊട്ടും നിറഞ്ഞ പുഞ്ചിരിയുമാണ്. അഭിനയത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന കലാകാരിയാണ് കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയില്‍ സ്ഥിരം അമ്മ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന പൊന്നമ്മ ഒരു അസാധാരണ കലാകാരിയാണ്. സ്ഥിരമായി ഒരു കലാകാരി ഒരേ രീതിയിലുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത് കാഴ്ച്ചക്കാരെ മടുപ്പിക്കാറാണ് പതിവ്, എന്നാല്‍ പൊന്നമ്മ ചെയ്ത എല്ലാ അമ്മ കഥാപാത്രങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ പൊന്നമ്മയുടെ വിയോഗമുണ്ടാക്കിയ വേദനയിലാണ് സഹപ്രവര്‍ത്തകരായ താരങ്ങള്‍. താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ അമ്മ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് പൊന്നമ്മ. പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികള്‍.. എന്ന് പറഞ്ഞാണ് മമ്മൂട്ടി എത്തിയത്. ഒപ്പം നടി പൊന്നമ്മ കെട്ടിപ്പിടിച്ച് ഉമ്മ തരുന്നൊരു ചിത്രവും മമ്മൂട്ടി കൊടുത്തിട്ടുണ്ട്. ഇതിനൊപ്പം മമ്മൂട്ടിയെ കുറിച്ച് കവിയൂര്‍ പൊന്നമ്മ മുന്‍പൊരിക്കല്‍ പറഞ്ഞ കാര്യങ്ങളും വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെബി ജംഗ്ഷന് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.
മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്ന ഒരു വലിയ നടനാണ് മമ്മൂട്ടി. പ്രായം കുറഞ്ഞവരൊക്കെ മമ്മൂക്ക എന്ന് വിളിക്കും. ഞങ്ങളൊക്കെ വളരെ സ്നേഹത്തോടെ മമ്മൂസേ എന്ന് വിളിക്കും. അദ്ദേഹം എത്ര നല്ല കഥാപാത്രങ്ങളാണ് ചെയ്തിട്ടുളളത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്റെ സിനിമ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ്. ഞാന്‍ ആദ്യമായി മമ്മൂട്ടിയെ കാണുന്നത് ഐ വി ശശിയുടെ തൃഷ്ണ എന്ന സിനിമയുടെ സെറ്റിലാണ്. എനിക്ക് ജോഡിയായി അഭിനയിച്ചത് ജോസ് പ്രകാശ് ആയിരുന്നു. ഞങ്ങള്‍ രണ്ടുപേരും നടക്കാന്‍ ഇറങ്ങുമ്പോള്‍ ഒരാള്‍ ഇങ്ങനെ ഓടിക്കൊണ്ടു വരുന്നു. യാതൊരു കൂസലും ഇല്ലാതെ..മുന്‍പ് അഭിനയിച്ചിട്ടുണ്ട്.
പക്ഷെ യാതൊരു സഭാകമ്പവും ഇല്ലാതെ വളരെ തന്റേടത്തോടെ വളരെ അനുഭവ സമ്പത്തുള്ള നടനെ പോലെയാണ് ആദ്യ ഷോട്ട് അഭിനയിച്ചത്. അപ്പോഴാരോ പറഞ്ഞു വക്കീല്‍ ആണ്… സിനിമയോടുള്ള താല്പര്യം കൊണ്ട് വക്കീല്‍ പണി കളഞ്ഞു വന്നയാളാണ് എന്നൊക്കെ… ഞാന്‍ മമ്മൂസിന്റെ കൂടെ ചെയ്ത പടങ്ങളില്‍ എനിക്ക് ഏറെ ഇഷ്ടം അരയന്നങ്ങളുടെ വീട് ആണ്. ലാലിനൊപ്പം അഭിനയിക്കുന്നത് പോലെ തന്നെ ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ വാത്സല്യം, തനിയാവര്‍ത്തനം അങ്ങനെ വളരെ പണ്ടേ ഞാന്‍ മമ്മൂസിന്റെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ഒരിക്കല്‍ രസകരമായ ഒരു സംഭവം ഉണ്ടായി. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ അഭിനയിച്ച സിനിമ ആയിരുന്നു. ഞങ്ങള്‍ രണ്ടുപേരും റൂമില്‍ തനിച്ചായി. അപ്പോള്‍ ഒരു ശബ്ദം – ‘പൊയ്ക്കൂടെ’. ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.
ആരോടാണ് ഈ പറയുന്നത് എന്ന് ആലോചിച്ചു നോക്കി. അപ്പോള്‍ ‘കേട്ടൂടെ, പൊയ്ക്കൂടെ’ എന്ന്. ഞാന്‍ ചോദിച്ചു – എന്നോടാണോ? എങ്ങോട്ടു പോകാന്‍? അല്ല കാലം കുറെ ആയില്ലേ.. പൊയ്ക്കൂടേ എന്ന്. ഞാന്‍ പറഞ്ഞു എനിക്ക് സൗകര്യമില്ല. അപ്പോള്‍ മമ്മൂസ് ചോദിച്ചു എന്തേ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു – എനിക്ക് ഒരു ആഗ്രഹം ഉണ്ട്. എനിക്ക് മിസ്റ്റര്‍ മമ്മൂട്ടിയുടെ പെയര്‍ ആയി അഭിനയിക്കണം. എന്നിട്ടേ ഞാന്‍ ഇവിടെ നിന്ന് പോകൂ. അങ്ങനെ ഒരു തമാശ ഉണ്ടായിട്ടുണ്ട്.ചുമ്മാ വെറുതെ ഒരു തമാശ. എല്ലാവര്ക്കും ഒരു ധാരണയുണ്ട്. മമ്മൂട്ടി ഒരു പരുക്കനാണ്, ജാഡയാണ്, അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ. പക്ഷെ എനിക്കറിയാവുന്ന മമ്മൂട്ടി, സിനിമയിലെ എന്റെ മൂത്ത മകന്, ഒരിക്കലും അങ്ങനെ ഒരാളല്ല. നല്ല മനസുള്ള ആളാണ്. കയ്യഴിഞ്ഞ ഒരുപാടു പേരെ സഹായിക്കും. പക്ഷെ ഇതൊന്നു ആരും അറിയില്ല. ആരോടും പറയില്ല അതാണ് മമ്മൂട്ടിക്കുള്ള ഗുണം. എനിക്കറിയാം മമ്മൂട്ടി അങ്ങനെ ഒരു പരുക്കനോ ജാഡക്കാരനോ ഒന്നുമല്ല. പിന്നെ ഓരോരുത്തരുടെയും സ്വഭാവങ്ങള്‍ ഓരോ തരത്തില്‍ ആണല്ലോ. ഉള്ളത് തുറന്നു പറയും. അത് ചിലര്‍ക്ക് ഇഷ്ടമാവില്ല. അതാണ് സത്യം… എന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.