മോഹന്‍ലാലിനെതിരായ അധിക്ഷേപ പരാമര്‍ശം; ‘ചെകുത്താൻ’ പോലീസ് കസ്റ്റഡിയിൽ
1 min read

മോഹന്‍ലാലിനെതിരായ അധിക്ഷേപ പരാമര്‍ശം; ‘ചെകുത്താൻ’ പോലീസ് കസ്റ്റഡിയിൽ

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനലിലൂടെ നടത്തിയതിന് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. ഇപ്പോഴിതാ അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു വെന്ന വാർത്തയാണ് പുറത്തുവരുന്നത്. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. അതേസമയം കേസെടുത്ത പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.

ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യുട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്. മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിൻ്റെ പരാമർശമെന്നും തിരുവല്ല പൊലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു.

നേരത്തെ സിനിമ നിരൂപണത്തിന്റെ മറവിൽ അഭിനേതാക്കൾക്കെതിരെ  അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെയും പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു‌ വിട്ടയച്ചിരുന്നു. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു.