‘പാലക്കാട് ഓഫീസിന് മുന്നിൽ ഒടിയൻ ഇപ്പോഴുമുണ്ട്, ഒടിയനെ കാണാനും, പടമെടുക്കാനും വരുന്നവർ നിരവധി’; നന്ദി പറഞ്ഞു ശ്രീകുമാർ മേനോൻ
മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി 2018 ൽ പുറത്തിറങ്ങിയ മലയാള ചിത്രമായിരുന്നു ഒടിയൻ. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. വി.എ. ശ്രീകുമാർ മേനോൻ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. വടക്കൻ ജില്ലകളിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കൽപ്പത്തെ ആധാരമാക്കിയാണ് ചിത്രം നിർമ്മിച്ചിരുന്നത്.
മോഹൻലാൽ പ്രധാന വേഷം കൈകാര്യം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യരായിരുന്നു നായികയായി എത്തിയത്. പ്രകാശ് രാജ് മുഖ്യ റോളിൽ എത്തിയ ചിത്രം കൂടിയായിരുന്നു ഒടിയൻ. ഒടിയനായും , മാണിക്യനായും മോഹൻലാൽ ഒരേ സമയം ചിത്രത്തിൽ നിറഞ്ഞു നിന്നു. 2018 ഡിസംബറർ 14 – ന് റിലീസ് ചെയ്ത ചിത്രത്തിൽ ആദ്യ 14 ദിവസം കൊണ്ടുതന്നെ 54 കോടി രൂപ നേടി മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാറാൻ ഒടിയന് സാധിച്ചു.
അതെ സമയം പ്രേക്ഷക സങ്കൽപ്പത്തിനൊത്ത് ഉയരാൻ ഒടിയന് സാധിച്ചില്ല എന്നതും സിനിമയ്ക്ക് നേരേ വലിയ വിമർശനമായി ഉയർന്നിരുന്നു. നിരവധി ട്രോളുകളും, കമെന്റുകളും സിനിമയ്ക്ക് നേരേ ഉണ്ടായിരുന്നു. എന്നാൽ സിനിമയെ ഇപ്പോഴും സ്നേഹിക്കുന്നവർ ഉണ്ടെന്നും , ഓടിയനെ നെഞ്ചിലേറ്റിയ പ്രേക്ഷകരോട് താൻ നന്ദി പറയുകയാണെന്നും പറഞ്ഞുകൊണ്ട് സിനിമയുടെ സംവിധായകൻ വി .എ ശ്രീകുമാർ മേനോൻ തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങളും , കുറിപ്പുമാണ് ഇപ്പോൾ വൈറലാകുന്നത്.
പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ : പാലക്കാട് ഓഫീസിനു മുന്നിൽ ഒടിയൻ നിൽപ്പുണ്ട്. പ്രെമോഷൻ്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപങ്ങളിൽ രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദർശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവർ. പടമെടുക്കാൻ അവർ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കൾ ചോദിച്ചു. ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദി.