അടുത്ത 100 കോടി ക്ലബ്ബിനൊരുങ്ങി പൃഥ്വിരാജ്; 13 ദിവസം കൊണ്ട് 75 കോടി നേടി ഗുരുവായൂരമ്പലനടയിൽ
പൃഥ്വിരാജ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ തിയേറ്ററുകളിലെത്തിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പതിമൂന്ന് ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. ആഗോളതലത്തിൽ 75 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ നൂറ് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ഗുരുവായൂരമ്പല നടയിൽ. ഈ റിപ്പോർട്ട് പ്രകാരം ആണെങ്കിൽ 2024ൽ 100 കോടി ക്ലബ്ബിൽ ഇടംനേടാൻ പോകുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രം കൂടിയായിരിക്കും ഇത്. റിലീസ് ചെയ്ത് ആറാം ദിവസത്തിൽ ചിത്രം 50 കോടി നേടിയിരുന്നു. മെയ് 16ന് ആയിരുന്നു ഗുരുവായൂരമ്പല നടയിലിന്റെ റിലീസ്. നിഖിത വിമലും അനശ്വര രാജനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
‘ജയ ജയ ജയ ജയ’ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിലി’ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പൃഥ്വിരാജും ഇ 4 എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി. വി സാരഥിയും ചേർന്നാണ് ‘ഗുരുവായൂരമ്പല നടയിൽ’ നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം – നീരജ് രവി, എഡിറ്റർ- ജോൺ കുട്ടി,സംഗീതം- അങ്കിത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്-സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ് മണി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
അതേസമയം, എമ്പുരാൻ എന്ന തൻറെ സംവിധാന ചിത്രത്തിൻറെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിൻറെ രണ്ടാം ഭാഗമാണിത്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൻറെ ചിത്രീകരണം തിരുവനന്തപുരത്താണ് പുരോഗമിക്കുന്നത്.