സാധാരണക്കാരിൽ സാധാരണക്കാരനായി ലാലേട്ടൻ; തരുൺ മൂർത്തി ചിത്രത്തിലെ ലുക്ക് കാണാം..
മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രമാണ് എൽ 360. ഒരു സാധാരണക്കാരനായിട്ടാണ് നായകൻ മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു വേറിട്ട ഫോട്ടോയാണ് ചർച്ചയാകുന്നത്. ചിത്രീകരണ സ്ഥലത്തു നിന്നുള്ള ഒരു ഫോട്ടോയാണ് മോഹൻലാലിന്റേതായി പ്രചരിക്കുന്നത്.
എൽ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് തരുൺ മൂർത്തി നേരത്തെ വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോൾ ആവേശഭരിതനായെന്നാണ് മോഹൻലാൽ പറഞ്ഞത് എന്നും തരുൺ മൂർത്തി വെളിപ്പെടുത്തി. എൽ 360 വൈകാതെ തന്നെ തുടങ്ങാൻ മോഹൻലാൽ നിർദ്ദേശിച്ചതിനാലാണ് എപ്രിലിൽ ചിത്രീകരണം നടത്താൻ തീരുമാനിച്ചതെന്നും തരുൺ മൂർത്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മോഹൻലാലിനെ നായകനാക്കി രജപുത്ര നിർമിക്കുന്ന ചിത്രമാണ് എൽ 360. ഇതിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറുടേതാണ്. മോഹൻലാൽ ഒരു റിയലിസ്റ്റിക് നായക കഥാപാത്രത്തെ എൽ 360ൽ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുൺ മൂർത്തിയുടെ എൽ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോർട്ട്.
തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. നിർമാണം എം രഞ്ജിത്ത് ആണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്തുമായ ചിത്രത്തിന്റെ നിർമാണ നിർവ്വഹണം ഡിക്സൻപൊടുത്താസാണ്. ഛായാഗ്രാഹണം നിർവഹിക്കുന്നത് ഷാജികുമാർ.