24 വര്‍ഷം മുന്നത്തെ ആ മോഹൻലാല്‍ ക്ലാസിക് പരീക്ഷണം വീണ്ടും തിയറ്ററുകളിലേക്ക്
മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ തിയറ്ററുകളിൽ പരാജയപ്പെട്ടിരുന്നെങ്കിലും പിന്നീട് നിരവധി ആരാധകരെ സൃഷ്ടിച്ച ചിത്രമാണ്. രഘുനാഥ് പലേരിയുടെ രചനയിലൊരുങ്ങിയ സിനിമ ഫാന്റസിയുടെയും മ്യൂസിക്കിന്റെ പശ്ചാത്തലത്തിൽ തീവ്രമായൊരു പ്രണയം പങ്കുവച്ച ചിത്രമായിരുന്നു. മോഹൻലാൽ നായകനായി സിബി മലയിലിൽ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ സിനിമ ആയിരുന്നു ദേവദൂതൻ. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറായിരുന്നു നിർമ്മാണം. ചിത്രം 4K യിൽ ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സിനിമയുടെ ഡിജിറ്റൽ കളർ കറക്ഷൻ വർക്കുകളൊക്കെ കഴിഞ്ഞുവെന്ന അപ്ഡേറ്റാണ് ഇപ്പോൾ പുറത്തു വരുന്നത്. സ്പടികം റീറിലീസ് ചെയ്തപ്പോൾ തിയേറ്റിൽ വൻ ഒളമായിരുന്നു. എന്തായാലും പടം അധികം വൈകാതെ തിയേറ്ററിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ജയപ്രദയും ഒരു പ്രധാന വേഷത്തിലെത്തി. സന്തോഷ് ഡി തുണ്ടിയിലായിരുന്നു ഛായാഗ്രാഹണം. അക്കൊല്ലം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ദേവദൂതൻ കലാമൂല്യവും ജനപ്രിയവുമായ മികച്ച ചിത്രമായപ്പോള്‍ വിദ്യാ സാഗര്‍ മികച്ച സംഗീത സംവിധായകനാകുകയും എ സതീശൻ മികച്ച കോസ്റ്റ്യൂം ഡിസൈറാകുകയും ചെയ്‍തു. വിശാൽ കൃഷ്ണമൂർത്തിയെന്ന ലോകപ്രശസ്തനായ മ്യൂസിക് കമ്പോസറും അയാളിലേക്ക് സംഗീതം നിറച്ച കോളജും പശ്ചാത്തലമായ ചിത്രമായിരുന്നു ദേവദൂതൻ. വിശാൽ കൃഷ്ണമൂർത്തിയിലെ സംഗീതജ്ഞന്റെ പിറവിക്കും വളർച്ചക്കും കാരണമാകുന്ന സെവൻ ബെൽസ് എന്ന സംഗീതോപകരണവും അതിനെ ബന്ധിപ്പിച്ച് നിൽക്കുന്ന അനശ്വരമായൊരു പ്രണയകഥയുമായിരുന്നു ദേവദൂതന്റെ തീം.
വിദ്യാസാഗർ ദേവദൂതന് വേണ്ടിയൊരുക്കിയ പാട്ടുകളും സന്തോഷ് തുണ്ടിയിലിന്റെ ഛായാഗ്രഹണവും സിനിമയുടെ അവതരണ മികവിനൊപ്പം പിൽക്കാലത്ത് ചർച്ച ചെയ്യപ്പെട്ടു. മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിലെത്തിയ മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് ദേവദൂതന് സ്ഥാനം.