‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും’; ‘നേരി’ന് ആശംസകളുമായി മമ്മൂട്ടി, വാനോളം പ്രതീക്ഷയിൽ ആരാധകർ
1 min read

‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും’; ‘നേരി’ന് ആശംസകളുമായി മമ്മൂട്ടി, വാനോളം പ്രതീക്ഷയിൽ ആരാധകർ

21ന് തിയേറ്ററുകളിൽ റിലീസിനെത്തുന്ന ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം ‘നേരി’ന് ആശംസയുമായി നടൻ മമ്മൂട്ടി. തന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ നേരിന്‍റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസ അറിയിച്ചിരിക്കുന്നത്. ‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ആശംസകൾക്ക് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രം​ഗത്തെത്തിയിരിക്കുന്നത്.

‘ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം, ഇച്ചാക്കയുടെ സ്വന്തം ലാലു, തമ്മിൽ ചെളിവാരി എറിയുന്ന ഫാൻസുകാർ അറിയുന്നില്ല ഇവർ തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിൻ്റെ ആഴം, ഇവരുടെ പേരിൽ തല്ലു പിടിക്കുന്ന ഫാൻസുകാർ എന്തുകൊണ്ട് ഇവരുടെ സ്നേഹബന്ധത്തിന്‍റെ ആഴം മനസ്സിലാക്കുന്നില്ല, അവസാനം സിനിമയിൽ മോഹൻലാലിന് രക്ഷകനായി വരുന്നത് പോലെ റിയൽ ലൈഫിൽ വരെ ഇക്കയുടെ കരുതൽ പ്രമോഷനിലൂടെ, ലാലേട്ടന്‍റെ ഒരു ഒന്നൊന്നര വരവായിരിക്കും ഇത് ,ലാലേട്ടന്‍റെ സ്വന്തം ഇച്ചാക്ക തമ്മിൽ തല്ലുന്ന ഫാൻസ്‌കാർ കാണുന്നില്ലേ’, എന്നിങ്ങനെ നിരവധി കമന്‍റുകളാണ് പോസ്റ്ററിന് താഴെ എത്തിയിരിക്കുന്നത്.

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘ദൃശ്യം’, ‘ദൃശ്യം 2′, ’12ത് മാൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ സിനിമാപ്രേമികൾ ഏവരും ഏറെ പ്രതീക്ഷയിലാണ്. സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയതും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ട്രെയിലറും ഏറെ ചർച്ചയായിരിക്കുകയാണ്. സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നത് ‘ദൃശ്യം 2’-ൽ അഡ്വക്കേറ്റ് കഥാപാത്രമായെത്തിയ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി രാത്രികാല സിറ്റിങ് നടത്തിയ യഥാർത്ഥ സംഭവമാണ് സിനിമയുടെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചനകള്‍.

പ്രിയാമണി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും പ്രിയാമണിയും ഒന്നിച്ചെത്തുന്നതെന്ന പ്രത്യേകതയും ‘നേരി’നുണ്ട്. 2012-ൽ ​’ഗ്രാൻഡ് മാസ്റ്ററി’ൽ ഒന്നിച്ചപ്പോൾ മോഹൻലാൽ ഐപിഎസ് ഓഫീസറും പ്രിയാമണി വക്കീലുമായിരുന്നു. ‘നേരി’ൽ ഇരുവരും വക്കീലന്മാരായാണ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 2010-ൽ പുറത്തിറങ്ങിയ ‘ജനകൻ’ എന്ന സിനിമയ്ക്ക് ശേഷം 13 വർഷങ്ങൾ കഴിഞ്ഞാണ് മോഹൻലാൽ വക്കീൽ കഥാപാത്രമായെത്തുന്നതെന്നതും ശ്രദ്ധേയമാണ്.

‘സീക്കിങ് ജസ്റ്റിസ്’ എന്ന ടാഗ്‌ലൈനാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ 33-ാ മത് നിർമാണ ചിത്രംകൂടിയാണിത്. സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേഷ് പ്രഭാകർ, ശ്രീധന്യ, രശ്മി അനിൽ, ഷെഫ് പിള്ള, പ്രശാന്ത് നായർ, ശങ്കർ ഇന്ദുചൂഡൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശാന്തി ആന്‍റണി, പ്രൊഡക്ഷൻ ഡിസൈനർ: ബോബൻ, എഡിറ്റർ: വിനായക് വി.എസ്, സംഗീതം: വിഷ്ണു ശ്യാം, കോസ്റ്റ്യും: ലിന്‍ഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാ‍ർ, ചീഫ് അസോ.ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, മേക്കപ്പ്: അമൽ ചന്ദ്ര, ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ പയ്യന്നൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രണവ് മോഹൻ, ഫിനാൻസ് മാനേജർ: ബേസിൽ എം ബാബു, സ്റ്റിൽസ്: ബെന്നറ്റ് എം വർഗ്ഗീസ്, വിഎഫ്എക്സ്: ടോണി മാഗ്മിത്ത്, ഡിസൈൻ: റോസ്മേരി ലില്ലു, ഓവർസീസ് റിലീസ്: ഫാർസ് ഫിലിം കമ്പനി, ആശിർവാദ് സിനിമാസ് കോ.എൽഎൽസി, ഡിജിറ്റൽ മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.