കറി ആൻഡ് സയനൈഡ്, കൂടത്തായി ജോളി കേസ് ഡോക്യുമെന്ററി പ്രേക്ഷകരിലേക്ക്; ട്രെയ്ലർ കാണാം
1 min read

കറി ആൻഡ് സയനൈഡ്, കൂടത്തായി ജോളി കേസ് ഡോക്യുമെന്ററി പ്രേക്ഷകരിലേക്ക്; ട്രെയ്ലർ കാണാം

കേരള മനസാക്ഷിയെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസിനെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയ ഡോക്യുമെന്ററി ഉടന്‍ പുറത്തിറങ്ങും. കറി ആന്റ് സയനൈഡ് എന്ന പേരില്‍ നിർമ്മിച്ച ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ വലിയ ശ്രദ്ധയാണ് നേടുന്നത്. ഡിസംബര്‍ 22 മുതല്‍ ഡോക്യുമെന്ററി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സ്ട്രീമിങ് ആരംഭിക്കും.

പൊലീസ്, അഭിഭാഷകര്‍, ജോളിയുടെ മകന്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ഈ ഡോക്യുമെന്റിയുടെ ഭാഗമാകുന്നുണ്ട്. 2019 ലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങളുടെ കഥ പുറം ലോകം അറിയുന്നത്. വ്യാജ ഒസ്യത്തിന്മേല്‍ തുടങ്ങി അടുത്ത ബന്ധുക്കളായ ആറുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിന്റെ കാരണം തേടിയ അന്വേഷണസംഘം അന്ന് സ്ഥിരീകരിച്ചത് നാടിനെയാകെ നടുക്കിയ അരുംകൊലയുടെ നേര്‍ച്ചിത്രമായിരുന്നു.

ജോളി എന്ന പ്ലസ്ടു യോഗ്യത മാത്രമുള്ള ജോളി ജോസഫ് എന്‍.ഐ.ടി.. പ്രൊഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെ കേട്ടു. 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി അറസ്റ്റിലായത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ഒരേ സാഹചര്യത്തില്‍ മരിച്ചത്.

കൂടത്തായിയിലെ റിട്ട.അധ്യാപികയായ അന്നമ്മ തോമസാണ് 2002 ഓഗസ്റ്റ് 22-ന് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് പിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആറു വര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും ഇതിനു മൂന്നു വര്‍ഷത്തിന് ശേഷം ഇവരുടെ മകന്‍ റോയ് തോമസും ഏകദേശം സമാന സാഹചരിത്തിൽ കൊല്ലപ്പെട്ടു.