നെറ്റ്ഫ്ലികസിൽ ഏറ്റവുമധികം ആളുകൾ കണ്ട സീരീസ് ഏത്..? 20 ഷോകളുടെ പട്ടിക പുറത്ത് വിട്ട് കമ്പനി
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിൽ ഏറ്റവുമധികം പേര് കണ്ട സീരീസുകളുടെ പട്ടിക പുറത്ത് വിട്ട് കമ്പനി. രഹസ്യാന്വേഷണ സീരീസ് ആയ ദി നൈറ്റ് ഏജന്റ് ആണ് ഏറ്റവും അധികം ആളുകൾ കണ്ട ഷോ. നെറ്റ്ഫ്ളിക്സ് പുറത്തുവിട്ട, ഉപയോക്താക്കള്‍ ഏറ്റവുമധികം കണ്ട 20 ഉള്ളടക്കങ്ങളുടെ പട്ടികയിലാണ് ദി നൈറ്റ് ഏജന്റ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഈ സീരീസ് കാണാന്‍ 81.2 കോടി മണിക്കൂറാണ് ഉപയോക്താക്കള്‍ ചെലവഴിച്ചത് എന്നും പട്ടികയിലുണ്ട്.
2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസ കാലയളവിലെ കാഴ്ചക്കാരുടെ സ്ഥിതിവിവര കണക്കില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഉള്ളടക്കവും ആദ്യ 20ല്‍ ഇടംപിടിച്ചില്ല. നെറ്റ്ഫ്ളിക്സിന് സ്വന്തമായുള്ള 18000 ടൈറ്റിലുകളെ അടിസ്ഥാനമാക്കിയാണ് കണക്ക്. ജിന്നി ആന്റ് ജോര്‍ജിയ സീസണ് ടു ആണ് രണ്ടാം സ്ഥാനത്ത്. 66.51 കോടി മണിക്കൂറാണ് ഈ സീരീസ് കാണാന്‍ ആസ്വാദകര്‍ ചെലവഴിച്ചത്.
കൊറിയന്‍ ഡ്രാമ ദി ഗ്ലോറിയാണ് മൂന്നാം സ്ഥാനത്ത്. 62.28 കോടി മണിക്കൂറാണ് ഇത് കാണാന്‍ ചെലവഴിച്ചത്. 2022 നവംബറില്‍ പുറത്തിറങ്ങിയ സീരീസ് wednesday ആണ് നാലാം സ്ഥാനത്ത്. ഇത് കാണാനായി 50.77 കോടി മണിക്കൂറാണ് ചെലവഴിച്ചത്. ക്വീന്‍ ഷാര്‍ലറ്റ്: എ ബ്രിഡ്ജര്‍ട്ടണ്‍ സ്റ്റോറി, യു സീസണ് ഫോര്‍, ലാ സീന ഡെല്‍ സുര്‍ സീസണ് മൂന്ന്, ഔട്ടര്‍ ബാങ്ക്സ് സീസണ് മൂന്ന്, ജിന്നി & ജോര്‍ജിയ സീസണ് ഒന്ന്, ഫുബര്‍ സീസണ് ഒന്ന് എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു ഉള്ളടക്കങ്ങള്‍.
ഉപയോക്താക്കളില്‍ 55 ശതമാനം ഒറിജിനലും 45 ശതമാനം ലൈസന്‍സുള്ള ഷോകളും സിനിമകളുമാണ് കണ്ടത്. ലൈസന്‍സുള്ള ഷോകളില്‍ ഒമ്പത് സീസണുകളിലുമായി suits കാണുന്നതിന് ലോകമെമ്പാടുമായി 59.9 കോടി മണിക്കൂറാണ് ഉപയോക്താക്കള്‍ ചെലവഴിച്ചത്. തങ്ങളുടെ സുതാര്യതയുടെ ഭാഗമായാണ് നെറ്റ്ഫ്ളിക്സ് കാഴ്ചക്കാരുടെ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവിട്ടത്.