‘ആരാണീ ഗീതുമോഹൻദാസ്..?’: ടോക്സിക് പ്രഖ്യാപിച്ചതിന് പിന്നാലെ ആളുകൾ ഗൂഗിളിൽ ഏറ്റവും അധികം ചോദിച്ച ചോദ്യമിതാണ്…
യാഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ടോക്സിക് പ്രഖ്യാപിച്ചതിന് പിന്നാലെ ആളുകൾ കൂടുതൽ ഉറ്റ് നോക്കുന്നത് അതിന്റെ സംവിധായകയായ ഗീതുമോഹൻദാസിനെയാണ്. ‘ലയേഴ്സ് ഡൈസ്’, ‘മൂത്തോൻ’ എന്നീ ചിത്രങ്ങളിലൂടെ ഗീതു മോഹൻദാസ് എന്ന മലയാളി സംവിധായികയുടെ പേര് സുപരിചിതമാണ്. എന്നാൽ യാഷ് ആരാധകർക്ക് ഈ പേര് അത്ര പരിചിതമാകാൻ സാധ്യതയില്ല.
അതുകൊണ്ട് തന്നെ ഇന്നലെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം വരുന്നതിന് തൊട്ട്മുൻപ് മുതൽ ഒരു ദിവസത്തോളം ഗൂഗിളിൽ, ആരാണ് ഗീതു മോഹൻദാസ് എന്ന അന്വേഷണവുമായി ആരാധകരെത്തി. 50,000 -ത്തില്‍ അധികം സെര്‍ച്ച് വന്ന ടോപ്പിക്കുകളുടെ കൂട്ടത്തിലാണ് ഗൂഗിള്‍ ട്രെന്‍ഡ്സ് ഗീതു മോഹന്‍ദാസ് എന്ന പേര് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെ 10.02 നാണ് ഏറ്റവും കൂടുതൽ ആളുകൾ ഈ പേര് സെർച്ച് ചെയ്തിരിക്കുന്നത്.
അഭിനേത്രി ആയിട്ടായിരുന്നു ഗീതു മോഹൻദാസ് തന്റെ കരിയർ തുടങ്ങിയത്. പിന്നീട് ഒരു ബ്രേക്ക് എടുത്തതിന് ശേഷം സംവിധാനത്തിലേക്ക് കടക്കുകയായിരുന്നു. 2009ൽ ‘കേൾക്കുന്നുണ്ടോ’ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു. 2013 ലാണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ചിത്രമായ ലയേഴ്സ് ഡൈസ് റിലീസ് ചെയ്യുന്നത്. ഗീതാഞ്ജലി ധാപ്പയും നവാസുദ്ദീൻ സിദ്ദിഖിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച നിരൂപ പ്രശംസകളാണ് നേടിയത്.
കൂടാതെ മികച്ച നടിക്കും, മികച്ച ഛായാഗ്രഹണത്തിനുമുള്ള ആ വർഷത്തെ ദേശീയ പുരസ്കാരവും ചിത്രം കരസ്ഥമാക്കിയിരുന്നു. കൂടാതെ ബൾഗേറിയയിൽ വെച്ചു നടന്ന സോഫിയ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.
അതിനുശേഷം 2019 ലാണ് നിവിൻ പോളിയെ നായികയാക്കി ‘മൂത്തോൻ’ സംവിധാനം ചെയ്യുന്നത്. അനുരാഗ് കശ്യപ് ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണ പങ്കാളി. ഗ്യാങ്ങ്സ്റ്റർ- ഡ്രാമ വിഭാഗത്തിൽ വരുന്ന ചിത്രം, നിവിൻ പോളിയുടെയും റോഷൻ മാത്യുവിന്റെയും ഗംഭീര പ്രകടനങ്ങൾ കൊണ്ട് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയത്. ആ വർഷത്തെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.
രണ്ട് സിനിമകളിലും ഗീതുവിന്റെ പങ്കാളിയായ രാജീവ് രവിയായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്. യാഷിനെ നായകനാക്കി പുതിയൊരു ചിത്രം വരുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ അതിനെ നോക്കികാണുന്നത്. 2025 ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.