മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; കൈപിടിച്ച് കൊടുത്ത് കണ്ണൻ, കണ്ണുനിറഞ്ഞ് ചക്കി
ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് വിവാഹനിശ്ചയ വിഡിയോ. ഏകദേശം ഒരു മാസം മുമ്പാണ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കാളിദാസ്–താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി വെളിപ്പെടുത്തിയിരുന്നു.
ക്രീം ലെഹങ്കയിൽ അതിസുന്ദരിയായാണ് മാളവികയെ കാണുന്നത്. സഹോദരൻ കാളിദാസും താരിണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിരം മാറ്റത്തിനിടെ സന്തോഷം കൊണ്ട് മാളവികയുടെ കണ്ണു നിറയുന്നതും വിഡിയോയിൽ കാണാം.
ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവികയും തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. എന്നാൽ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും കുറിപ്പിൽ പങ്കുവച്ചിട്ടില്ലായിരുന്നു. കാളിദാസിന്റെ വിവാഹനിശ്ചയത്തിനും മാളവികയ്ക്കൊപ്പം കാമുകനുമുണ്ടായിരുന്നു.