“ഇംഗ്ലീഷ് പഠനം, പേടി, 30 ദിവസമെടുത്ത ഡബ്ബിംഗ്” ; ചിത്രത്തിലെ ഡബ്ബിങ്ങിനെ കുറിച്ച് മമ്മൂട്ടി
മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. കഴിഞ്ഞ വർഷം റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, പുഴു അടക്കമുള്ള സിനിമകളുമായെത്തിയ നടൻ ഈ വർഷവും കണ്ണൂർ സ്ക്വാഡ് തുടങ്ങി ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.വേഷങ്ങൾക്കൊപ്പം തന്നെ മമ്മൂട്ടിയുടെ ഭാഷാ പ്രയോഗങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. ഏത് സ്ഥലത്തെ കഥാപാത്രമായാലും ആ ഭാഷയിൽ അതിമനോഹരമായി അഭിനയിച്ച് കയ്യടി നേടിയ ഒട്ടനവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ ഭാഷാഭേദങ്ങൾക്ക് പുറമെ ഇംഗ്ലീഷ് പറഞ്ഞ് കസറിയ മമ്മൂട്ടിയുടെ ഒരു കഥാപാത്രം ഉണ്ട്.
ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഡോ. ബി ആർ അംബേദ്കർ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇംഗ്ലീഷ് പറഞ്ഞ് അമ്പരപ്പിച്ചത്. ചിത്രത്തിൽ അംബേദ്കറുടെ വേഷത്തിൽ ആയിരുന്നു മമ്മൂട്ടി എത്തിയത്. സ്പഷ്ടമായി ഇംഗ്ലീഷ് പറയുന്ന മമ്മൂട്ടിയെ കണ്ട് മലയാളികൾ ഒന്നടങ്കം ഇന്നും കയ്യടിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഡബ്ബിങ്ങിനെ കുറിച്ചും ഇംഗ്ലീഷ് പഠിച്ചതിനെ പറ്റിയും മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വർഷങ്ങൾക്ക് മുൻപുള്ളൊരു അഭിമുഖ വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആയിരിക്കുന്നത്.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ
30 ദിവസം ഡബ്ബ് ചെയ്തിട്ടാണ് അംബേദ്കർ പുറത്തിറങ്ങിയത്. ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ? 30 ദിവസം ! ആ സമയം കൊണ്ടിവിടെ ഒരു സിനിമ അഭിനയിക്കാം. മുപ്പത് ദിവസം ഡബ്ബ് ചെയ്തിട്ടാണ് അംബേദ്കറിൽ അത്രയെങ്കിലും എനിക്ക് ഇംഗ്ലീഷ് പറയാൻ പറ്റിയത്. അന്ന് ഞങ്ങൾ മദ്രാസിൽ ആയിരുന്നു താമസം. അവിടെ ഒരു ബ്രിട്ടീഷ് ലേഡി ഉണ്ടായിരുന്നു. അവരുടെ അടുത്ത് മണിക്കൂറിന് 600 രൂപ കൊടുത്ത് ഞാൻ ഇംഗ്ലീഷ് പഠിക്കാൻ പോയി. അവരൊരു മൂന്ന് മണി മുതൽ നാല് മണിവരെയുള്ള സമയം പറയും. ഞാൻ മൂന്നരയ്ക്ക് പോകും. മൂന്നെ മുക്കാല് ആകുമ്പോൾ തിരിച്ചു വരും. പേടിച്ചിട്ട്. എനിക്ക് അവരുടെ ഉച്ചാരണങ്ങൾ ഒന്നും വരില്ല. ആ കാലത്ത് ഞാൻ ഇംഗ്ലീഷ് പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ?. ഭയങ്കര ബ്രിട്ടീഷ് ഇംഗ്ലീഷ് ആയിരുന്നു. അതൊക്കെ പോയി ഇപ്പോൾ. പത്ത് പന്ത്രണ്ട് കൊല്ലമായപ്പോൾ എല്ലാം കയ്യീന്ന് പോയി. ടച്ച് വിട്ടുപോയി.
2000 ഡിസംബറിൽ ആണ് അംബേദ്കർ എന്ന സിനിമ റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയിലെ അഭിനേതാവിനെ രേഖപ്പെടുത്തിയ സിനിമകളിൽ ഒന്നായിരുന്നു അംബേദ്കർ. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടി എത്തിയിരുന്നു.