ജയിലറിലെ ‘മാത്യു’വും ‘നരസിംഹ’യും വീണ്ടും ഒരുമിക്കുന്നു; വരുന്നത് പാന്‍ ഇന്ത്യന്‍ ചിത്രം
രജനികാന്ത് നായകനായെത്തി വമ്പന്‍ വിജയമായ ചിത്രമാണ് ജയിലര്‍. മാസും ക്ലാസുമായ നായകനായിട്ട് രജനികാന്ത് ചിത്രത്തില്‍ എത്തിയപ്പോള്‍ ജയിലര്‍ക്ക് ലഭിച്ചത് പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയം. രാജ്യമൊട്ടാകെ സ്വാകാര്യത നേടിയെന്നതാണ് രജനികാന്ത് ചിത്രത്തിന്റെ വിജയത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ജയിലര്‍ തമിഴകത്ത് മാത്രം 205 കോടി രൂപയാണ് നേടിയത്. കേരളത്തില്‍ നിന്ന് നേടിയത് 58.50 കോടി രൂപയാണ്. വിദേശത്ത് നിന്ന് നേടിയത് 195 കോടിയും അങ്ങനെ ആകെ 635 കോടിയും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജയിലര്‍ ഇത്ര വലിയ വിജയം നേടിയതില്‍ അതിലെ കാസ്റ്റിംഗിന് വലിയ പങ്കുണ്ട്.
പ്രതിനായകനായി വിനായകന് അരങ്ങ് തകര്‍ത്ത ചിത്രത്തില്‍ മോഹന്‍ലാലും ശിവ രാജ്കുമാറും അതിഥിവേഷങ്ങളിലെത്തിയ കൈയടി നേടി. മാത്യു എന്ന അധോലോകനേതാവായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ നരസിംഹ എന്നായിരുന്നു ശിവണ്ണയുടെ കഥാപാത്രത്തിന്റെ പേര്. ഇരുവരും രജനി അവതരിപ്പിച്ച ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ സുഹൃത്തുക്കളും ആയിരുന്നു. ജയിലറില്‍ കൈയടി വാങ്ങിയ ഈ കോമ്പോ വീണ്ടും ഒരുമിച്ചാലോ? പൃഥ്വിരാജിനൊപ്പം ഒരു ചിത്രത്തില്‍ സഹകരിക്കാനുള്ള സാധ്യതയെക്കുറിച്ച് ശിവണ്ണ ജയിലറിന് മുന്‍പ് നല്കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രമേതെന്ന് പറഞ്ഞിരുന്നില്ല. ഇത് എമ്പുരാന് ആയിരിക്കുമോ എന്ന സംശയം ആരാധകര്‍ക്ക് ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിട്ടില്ല. എന്നാല്‍ എമ്പുരാനില്‍ ശിവണ്ണ ഉണ്ടെങ്കിലും ഇല്ലെങ്കിലും മറ്റൊരു ചിത്രത്തില്‍ ഇരുവരും ഒരുമിച്ചെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.
തെലുങ്ക് താരം വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാര്‍ സിം?ഗ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പയിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മോഹന്‍ലാല്‍ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്ന് വിഷ്ണു മഞ്ചു നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഒപ്പം പാന്‍ ഇന്ത്യന്‍ താരം പ്രഭാസും ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നും. ഇപ്പോഴിതാ ചിത്രത്തിലെ ശിവണ്ണയുടെ സാന്നിധ്യത്തിലും നായകതാരം ഉറപ്പ് പറഞ്ഞിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഒരു എന്റര്ടെയ്ന്മെന്റ് ജേണലിസ്റ്റിന്റെ പോസ്റ്റ് എക്സില്‍ പങ്കുവച്ചിരിക്കുകയാണ് വിഷ്ണു മഞ്ചു. ‘പ്രഭാസും മലയാളം സൂപ്പര്‍താരം മോഹന്‍ലാലും വിഷ്ണു മഞ്ചുവിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പയില്‍ ഒന്നിക്കുന്നു. എന്നാല്‍ അവിടെ തീരുന്നില്ല, കാസ്റ്റിംഗിന് കൂടുതല്‍ ബലമേകി ശിവണ്ണയും ചിത്രത്തില്‍ എത്തുകയാണ്!’, എന്നാണ് പ്രസ്തുത പോസ്റ്റ്. ഹര് ഹര് മഹാദേവ് എന്ന വരിയോടെയാണ് വിഷ്ണു മഞ്ചു ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഒരു ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. പ്രഭാസ് ശിവഭ?ഗവാനായി എത്തുന്ന ചിത്രത്തില്‍ നയന്‍താര പാര്‍വ്വതീദേവിയായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രം എന്തെന്ന് വ്യക്തമല്ല. പ്രഭാസിന്റെയും മോഹന്‍ലാലിന്റെയും റോളുകള്‍ അതിഥിവേഷങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശിവണ്ണയുടെ കഥാപാത്രവും അങ്ങനെ ആയിരിക്കാനാണ് സാധ്യത. അതേസമയം ഈ കഥാപാത്രങ്ങളെല്ലാം ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളും ആയിരിക്കും. ചിത്രം സംബന്ധിച്ച കൂടുതല്‍ അപ്ഡേറ്റുകള് വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.