ഒടിടിയിൽ അച്ഛനും മകനും തമ്മിൽ ഏറ്റുമുട്ടൽ ….! സ്ട്രീമിംഗിൽ ആര് ജനപ്രീതി നേടും?
കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സിനിമാ മേഖലയ്ക്ക് കിട്ടിയ ആശ്വാസമായിരുന്നു ഒടിടി പ്ലാറ്റ് ഫോം. തീയേറ്ററുകൾ എന്ന് തുറക്കും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത പശ്ചാത്തലത്തിൽ സിനിമകൾ ആളുകളിലേക്ക് എത്തിക്കാൻ ആകെയുള്ള മാർഗമായിരുന്നു ഒടിടി പ്ലാറ്റ് ഫോമുകൾ. ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഒരു പുതിയ വരുമാന സ്രോതസ് കൂടിയാണ് തുറന്നുകൊടുത്തത്. തിയറ്റര്‍ കളക്ഷനും സാറ്റലൈറ്റ് റൈറ്റുമായിരുന്നു മുന്‍പ് ഒരു സിനിമയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. മ്യൂസിക് റൈറ്റ്സ് അടക്കം അല്ലറ ചില്ലറ തുക വേറെയും. എന്നാല്‍ ഒടിടി കൂടി എത്തിയതോടെ ഒരു വരുമാന മാര്‍ഗ്ഗം എന്നതിനൊപ്പം ചിത്രം തിയറ്ററില്‍ കാണാത്ത പ്രേക്ഷകര്‍ക്ക് അതിനുള്ള അവസരം കൂടി ഒരുങ്ങി.
തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ മോശം അഭിപ്രായവും നേരെ മറിച്ച് തിയറ്ററില്‍ ആള് കയറാത്ത സിനിമയ്ക്ക് ഒടിടിയില്‍ വലിയ പ്രേക്ഷകപ്രീതിയും ലഭിക്കുന്നത് പലകുറി ആവര്‍ത്തിച്ച മാതൃകയാണ്. ഇപ്പോഴിതാ രണ്ട് മലയാളി താരങ്ങളുടെ ഒടിടി റിലീസ് ഒരേ ദിവസം സംഭവിക്കുകയാണ്. ദുല്‍ഖര്‍ സല്മാന് നായകനായ കിംഗ് ഓഫ് കൊത്ത, മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ് എന്നിവയാണ് ഒരേ ദിവസമാണ് സ്ട്രീമിംഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ഏജന്റിന്റെ ഒടിടി റിലീസ് തീയതി ഏതാനും ദിവസം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 29 ന് സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ഇപ്പോഴിതാ ദുല്‍ഖറിന്റെ ഓണം തിയറ്റര്‍ റിലീസ് ആയിരുന്ന കിംഗ് ഓഫ് കൊത്തയും ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 29 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഡിജിറ്റല്‍ സ്ട്രീമിംഗ് ആരംഭിക്കുക.
അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ ഒരേദിവസം പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതാണ് കൌതുകം. ഇരുചിത്രങ്ങളും വലിയ പ്രതീക്ഷയോടെയും പ്രീ റിലീസ് ഹൈപ്പോടെയും തിയറ്ററുകളിലെത്തി പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ട ചിത്രങ്ങളാണ്. അവ ഒടിടിയില്‍ ജനപ്രീതി നേടുമോ എന്നതാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന കൗതുകം .
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു ഏജന്റ്. അഖിൽ അക്കിനേനിയായിരുന്നു ചിത്രത്തിലെ നായകൻ. അഖിൽ അക്കിനേനിയുടെ കരിയറിൽ ഏറ്റവും പ്രതീക്ഷ നൽകിയ ചിത്രം കൂടിയായിരുന്നു ഏജന്റ്. ഈ വർഷം ഏപ്രിൽ 28 ന് ആയിരുന്നു ചിത്രം പ്രദർശനത്തിന് എത്തിയത്. ആക്ഷൻ സ്പൈ വിഭാഗത്തിൽപെട്ട ചിത്രം വലിയ ഹൈപ്പോടെയാണ് എത്തിയതെങ്കിലും ബോക്സോഫീസിൽ വൻ പരാജയമായിരുന്നു. സുരേന്ദ്രൻ റെഡ്ഡിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. എകെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് ചിത്രം നിർമ്മിച്ചത്.
അതേസമയം ഈ വർഷത്തെ ഓണം റിലീസായി തിയേറ്ററിൽ എത്തിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ ‘കിംഗ് ഓഫ് കൊത്ത.’ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ‘കിംഗ് ഓഫ് കൊത്ത’ സംവിധാനം ചെയ്തത്. ചതികളിൽ ഇടറി രാജ്യം ഉപേക്ഷിച്ചുപോയ കൊത്തയുടെ രാജാവിന്റെ കഥയും കാലത്തിന്റെ കണക്കുതീർക്കലുമാണ് സംവിധായകന് അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റചിത്രമായ കിംഗ് ഓഫ് കൊത്ത പറയുന്നത്. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.