ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിൽ ഗായകനാകാൻ സാക്ഷാൽ മോഹൻലാൽ
സൂപ്പർതാരങ്ങൾ അഭിനയത്തിന് പുറമേ ഗാനരംഗത്തും ഒരു പരീക്ഷണം നടത്താറുള്ളത് ഏവർക്കും വലിയ കൗതുകം ഉളവാക്കുന്ന ഒരു കാര്യമാണ്. ഇതിനോടകം നിരവധി സിനിമകളിൽ ഗാനം ആലപിച്ചിട്ടുള്ള മോഹൻലാൽ പുതിയ മലയാള ചിത്രത്തിൽ വീണ്ടും ഒരു ഗാനം ആലപിക്കാൻ ഒരുങ്ങുകയാണ്. യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിലാണ് മോഹൻലാൽ ഗാനം ആരംഭിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനം കൊണ്ട് തന്നെ വലിയ ഒരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചിട്ടുള്ള ഷെയിൻ നിഗം ടി.കെ രവികുമാർ ഒരുക്കുന്ന ബർമുഡ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷക പ്രശംസ നേടാൻ ഒരുങ്ങുകയാണ്. ഈ ചിത്രത്തിലാണ് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ഒരു ഗാനം ആലപിക്കാൻ എത്തുന്നത്. ഷെയിൻ നിഗത്തിന് ഒപ്പം വിനയ് ഫോർട്ടും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അഭിനയത്തിന് പുറമെ മോഹൻലാലിന് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാട്ടുകൾ പാടുക എന്നത്. അതിൽ പ്രേക്ഷക മനസ്സിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നത് മഞ്ജുവാര്യർ കേന്ദ്രകഥാപാത്രമായി എത്തിയ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ മോഹൻലാൽ ആലപിച്ച ‘കൈതപ്പൂവിൻ’ എന്നു തുടങ്ങുന്ന ഗാനമാണ്. ഇതിനോടകം നിരവധി സിനിമകളിൽ മോഹൻലാൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത റൺ ബേബി റൺ എന്ന ചിത്രത്തിലെ മോഹൻലാൽ പാടിയ ‘ആറ്റുമണൽ പായയിൽ’ എന്നു തുടങ്ങുന്ന ഗാനവും ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിട്ടുണ്ട്.
ബർമുഡ എന്ന ചിത്രത്തിന്റെ സംവിധായകൻ ടി.കെ രാജീവ് കുമാർ തന്നെയാണ് ഈ ചിത്രത്തിൽ മോഹൻലാൽ ഒരു ഗാനം ആലപിക്കുന്നു എന്ന വിവരം വെളിപ്പെടുത്തിയത്. നിലവിൽ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ട്വൽത് മാനിലാണ് മോഹൻലാൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഷൂട്ടിങ്ങ് പൂർത്തിയായതിനു ശേഷം ഈ മാസം അവസാനം കൊച്ചിയിലെത്തുന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരാധകർ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ ഗാനം ചിട്ടപ്പെടുത്തുന്നത് പ്രശസ്ത സംഗീത സംവിധായകൻ രമേശ് നാരായണനാണ്. വരികൾ എഴുതുന്നത് വിനായക് ശശികുമാർ.ഷെയിൻ നിഗം ചിത്രത്തിലും ഗായകനായി എത്തുന്നതോടെ മോഹൻലാൽ തന്റെ കരിയറിൽ ഏകദേശം അമ്പതോളം ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചു എന്ന വിശേഷണത്തിന് അർഹനാവുകയും ചെയ്യും.