ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം; ‘പാച്ചുവും അത്ഭുതവിളക്കും’ ഏപ്രിൽ 28ന്
1 min read

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം; ‘പാച്ചുവും അത്ഭുതവിളക്കും’ ഏപ്രിൽ 28ന്

മലയാളികൾക്ക് ഒരുപിടി നല്ല കുടുംബ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനായ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ തന്റെ ആദ്യ ചിത്രവുമായി എത്തുന്നു. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘പാച്ചുവും അത്ഭുതവിളക്കും’ എന്നാണ് പേര് നൽകിയിരിക്കുന്നത്.  ഏപ്രിൽ 28ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ചിത്രത്തിന്റെ പുതിയ ഒഫിഷ്യൽ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കു വെച്ചാണ്  ഇക്കാര്യം അറിയിച്ചത്. പെട്ടിയും തൂക്കി വരുന്ന ഫഹദ് ഫാസിലിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു വരുകയായിരുന്നു അഖിൽ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യുമ്പോൾ അത് മികച്ചതായിരിക്കുമെന്ന് പ്രക്ഷകർ പ്രതീക്ഷിക്കുകയാണ്.

ഫഹദ്- സത്യൻ അന്തിക്കാട് ചിത്രം ‘ഞാൻ പ്രകാശനി’ലും അഖിൽ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു . ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് ചിത്രം നിർമ്മിക്കുന്നത്.  ശരൺ വേലായുധൻ  ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ വർഗ്ഗീസ്  കൈകാര്യം ചെയ്യും.  പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോനാണ്.അഖിൽ സത്യൻ സംവിധാനം ചെയ്ത ‘പാച്ചുവും അൽഭുതവിളക്കും’ ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രമാണ്. നേരത്തെ കൊച്ചി ടൈംസിനോട് സംസാരിക്കവെയാണ് ഫഹദ് ഫാസിൽ താൻ ചിത്രത്തിൽ നിഷ്കളങ്കമായ  കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന്  വെളിപ്പെടുത്തിയിരുന്നു.  മുംബൈയിൽ സ്ഥിര താമസമാക്കിയ ഒരു മധ്യ വർഗ മലയാളി യുവാവായാണ് ഫഹദ് അഭിനയിക്കുന്നത്.

കേരളത്തിലേക്കുള്ള തന്റെ ഒരു യാത്രയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.  കാഴ്ചയിൽ, ഇതൊരു എന്റർടെയ്‌നറാണ്, പക്ഷേ അതിന്റെ കാതൽ, ഒരു പെൺകുട്ടിയും പ്രായമായ ഒരു സ്ത്രീയും തമ്മിലുള്ള കഥയാണ്, ഫഹദിന്റെ കഥാപാത്രം ഇരുവരെയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ കഥ. മുംബൈ, ഗോവ, കേരളം എന്നിവിടങ്ങളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.  തിയേറ്ററിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിൽ മുകേഷ്, ഇന്നസെന്റ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.  അഖിൽ സത്യന്റെ സഹോദരനായ അനൂപ് സത്യം സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് തിയേറ്ററിൽ മികച്ച അഭിപ്രായം തന്നെ നേടിയെടുക്കാൻ സാധിച്ചിരുന്നു.