ഒടിടിയിലും താരരാജാവ് മോഹൻലാൽ തന്നെ !! ഇതിനോടകം നേടിയത് കോടികളുടെ ലാഭം, കണക്കുകൾ ഇങ്ങനെ
കോവിഡ് മഹാമാരി തീർത്ത വലിയ പ്രതിസന്ധി സിനിമാമേഖലയിലെ നട്ടെല്ല് തന്നെ ഒടിച്ച അവസ്ഥയാണ്. ലോകവ്യാപകമായി തന്നെ സിനിമ തിയേറ്ററുകളിൽ നിന്നും ഒഴിഞ്ഞപ്പോൾ സജീവമായത് ആമസോൺ, നെറ്റ്ഫ്ലിക്സ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ആണ്. മുമ്പ് തീയറ്ററിൽ ഇറങ്ങുന്ന ചിത്രങ്ങൾ പിന്നീട് ഒടിടി റിലീസായി എത്തുകയാണ് ചെയ്തതെങ്കിൽ. തിയേറ്റർ പൂർണമായും അടച്ചതോടെ മലയാള ചിത്രങ്ങൾ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നേരിട്ട് തന്നെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യപ്പെട്ടു. ആദ്യഘട്ടത്തിൽ തിയേറ്റർ ഉടമകളുടെ ഭാഗത്തു നിന്നും ചില പ്രമുഖ പ്രൊഡ്യൂസർമാരുടെ ഭാഗത്തുനിന്നും ഇതിന് വലിയ എതിർപ്പുകൾ നേരിട്ടു എങ്കിലും പിന്നീട് സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ വരെ നേരിട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിയതോടെ ഒടിടി മേഖലയ്ക്ക് വലിയ ജനകീയ പങ്കാളിത്തം ലഭിക്കുകയും ചെയ്തു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ലാഭം നിർണയിക്കുന്നതും താരമൂല്യം തന്നെയാണ്. കഴിഞ്ഞദിവസം മാതൃഭൂമി ദിനപത്രത്തിൽ വന്ന റിപ്പോർട്ട് ഈ വിഷയത്തെക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്നു. റിപ്പോർട്ടിൽ മോഹൻലാലാണ് താരം മൂല്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലും ഒന്നാമതെന്ന് വ്യക്തമായി സൂചിപ്പിക്കുന്നു.
റിപ്പോർട്ടിലെ ചില പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:, “ദൃശ്യം-2′ ആമസോണിലൂടെ ലോകമെമ്പാടുമെത്തിയത് വലിയ വഴിത്തിരിവായി. ‘ആമസോൺ എവിടെക്കിട്ടും’ എന്നായി അതോടെ മലയാളികളുടെ അന്വേഷണം. കേരളത്തിൽ വരിക്കാരുടെ എണ്ണം കുതിച്ചുയർന്നതും ‘ആമസോൺ ഫയർ സ്റ്റിക്കു’കൾക്ക് ആവശ്യക്കാരേറിയതും ‘ദൃശ്യം 2’-ന്റെ വരവോടെയാണ്. 30 കോടിയിലധികമായിരുന്നു ‘ദൃശ്യം 2’-ന് ആമസോൺ നൽകിയ തുക. അതോടെ കോവിഡ്കാലത്തെ അനിശ്ചിതത്വം പുതിയൊരു അവസരമായി മാറ്റാൻ സിനിമാ പ്രവർത്തകർക്ക് ധൈര്യം കിട്ടി. പൂർണമായും ഒ.ടി.ടി. റിലീസ് ഉദ്ദേശിച്ച് ഉണ്ടാക്കിയ ‘ജോജി’ എന്ന സിനിമ 15 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയത്.സാറ്റലൈറ്റ് കച്ചവടത്തിലെ പോലെ തന്നെ ഒ.ടി.ടി.യിലും താരമൂല്യമാണ് സിനിമയ്ക്കുള്ള തുക നിശ്ചയിക്കുന്നത്. കൂടുതൽ താരത്തിളക്കമുള്ള സിനിമകൾക്ക് കൂടുതൽ വില കിട്ടും. ചിത്രീകരണം തുടങ്ങും മുമ്പുതന്നെ മോഹൻലാലിന്റെ ‘ട്വൽത്ത് മാന്’ 35 കോടിയും ‘ബ്രോ ഡാഡി’ക്ക് 28 കോടിയും ഒ.ടി.ടി. വമ്പന്മാർ വിലപറഞ്ഞു.”