“മമ്മൂട്ടി എന്ന അതുല്യ നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു”
1 min read

“മമ്മൂട്ടി എന്ന അതുല്യ നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു”

ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ലിജോ ജോസ് ആദ്യമായി സംവിധായകനും ചെയ്യുന്ന ചിത്രം എന്ന നിലയിൽ തന്നെ പ്രഖ്യാപനസമയം മുതൽ ശ്രദ്ധ നേടിയ ചിത്രം ഇപ്പോൾ തീയറ്ററുകളിൽ എത്തിയപ്പോൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ഹൗസ് ഫുള്ളായാണ് ചിത്രം പല തിയറ്ററിലും പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്നത്. സിനിമ മികച്ച ആസ്വാദന അനുഭവമാണ് നൽകിയെന്ന് പറയുന്നതോടൊപ്പം ഐഎഫ്എഫ്കെ വിഭാഗത്തിൽ ചിത്രത്തെക്കുറിച്ച് പറഞ്ഞ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിന്റെ വാക്കുകളും ചർച്ച ചെയ്യപ്പെട്ടിരുന്നു. സംഘട്ടനരംഗങ്ങൾക്കും വയലൻസിനും കടുത്ത ഭാഷാപ്രയോഗങ്ങൾക്കും ഒക്കെ സ്ഥാനം ഉണ്ടായിരുന്നവയാണ് ലിജോയുടെ മുൻ ചിത്രങ്ങൾ.

അതിൽനിന്ന് വ്യത്യസ്തമായ ഒരു വഴിയാണ് ഈ മമ്മൂട്ടി ചിത്രം സ്വീകരിച്ചിരിക്കുന്നത്. നാടക ട്രൂപ്പ് ഉടമ ജെയിംസ്, പഴനി സ്വദേശി സുന്ദരം എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളായുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശമാണ് ചിത്രത്തിൽ ഉടനീളം കാണാൻ കഴിയുന്നത്. ചിത്രം കണ്ട പ്രേക്ഷകർ എല്ലാവരും താരത്തിന്റെ പ്രകടനത്തെ എടുത്ത് പറയുകയും ചെയ്യുന്നു. മമ്മൂട്ടി കമ്പനിയുടെ പേരിൽ മമ്മൂട്ടി ആദ്യമായി നിർമ്മിച്ച ചിത്രം ദുൽഖർ സൽമാന്റെ വെഫെറെർ ഫിലിംസ് ആണ് തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. രമ്യാ പാണ്ഡ്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു.

തേനി ഈശ്വരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ദീപു ജോസഫ് എഡിറ്റിങ്ങും ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എസ് ഹരീഷും ഒരുക്കിയിരിക്കുന്നു. ഇപ്പോൾ ചിത്രത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമയെന്നാണ് സത്യൻ അന്തിക്കാട് ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര മനോഹരമായാണ് ജെയിംസിന്റെയും സുന്ദരത്തിന്റെയും കഥ ലിജോ പറഞ്ഞതെന്നും മമ്മൂട്ടി എന്ന അതുല്യ നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചതിലെ സന്തോഷവും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.”നൻ പകൽ നേരത്തെ മയക്കം കണ്ടു. ഉച്ചമയക്കത്തിലെ സ്വപ്നം പോലെ ഒരു സിനിമ.

എത്ര മനോഹരമായാണ് ജെയിംസിന്റെയും സുന്ദരത്തിന്റെയും കഥ ലിജോ പറഞ്ഞു വെച്ചിരിക്കുന്നത്. പണ്ട് മഴവിൽക്കാവടിയുടെ ലൊക്കേഷൻ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ചോള വയലുകളും ഗ്രാമവാസികൾ ഇടതിങ്ങി പാർക്കുന്ന കൊച്ചു വീടുകളും രാപ്പകലില്ലാതെ അലയടിക്കുന്ന തമിഴ് പാട്ടുകൾ ഒക്കെ. അതെല്ലാം ലിജോ തന്റെ ചിത്രത്തിൽ ഒപ്പിയെടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന അതുല്യ നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു. ജയിംസിന്‍റെ നാടക വണ്ടി ഗ്രാമം വിട്ട് പോകുമ്പോൾ പിന്നാലെ ഓടുന്ന സുന്ദരത്തിന്റെ വളർത്തുന്നയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിൽ! ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സുനിറഞ്ഞ നന്ദി” എന്നാണ് സത്യൻ.അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചത്.