‘എല്‍ജെപി ഇപ്പോള്‍ പടം ചെയ്യുന്നത് മലയാളി ഓഡിയന്‍സിന് വേണ്ടിയല്ല, ഒരു കോര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടിയാണ്’; കുറിപ്പ്
1 min read

‘എല്‍ജെപി ഇപ്പോള്‍ പടം ചെയ്യുന്നത് മലയാളി ഓഡിയന്‍സിന് വേണ്ടിയല്ല, ഒരു കോര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടിയാണ്’; കുറിപ്പ്

മ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്‌ക്രീനിലെത്തിച്ചു. കേരളത്തില്‍ 122 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നിരുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. തേനീ ഈശ്വറിന്റെ ക്യാമറയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ഒറ്റപ്പെട്ട ചില നെഗറ്റീവ് റിവ്യൂകളും വരുന്നുണ്ട്. ഇപ്പോഴിതാ സിനി ഫൈല്‍ ഗ്രൂപ്പില്‍ അത്തരത്തില്‍ വന്ന ഒരു കുറിപ്പാണ് വൈറലാവുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

LJP: An Overrated, Overhyped and Over-valued director of Mollywood.

അദ്ദേഹത്തിന്റെ നായകന്‍ എന്ന സിനിമ മുതല്‍ ഇതുവരെ ഇറങ്ങിയിട്ടുള്ള എല്ലാ പടങ്ങളും കണ്ട ഒരാളാണ് ഞാന്‍. നായകന്‍ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. സിറ്റി ഓഫ് ഗോഡ് അത്ര കണ്ട് ബോധിച്ചില്ല. എല്‍ജിപിയുടെ പടങ്ങള്‍ ശ്രദ്ധിച്ചു കഴിഞ്ഞാല്‍ നമുക്കൊരു കാര്യം മനസ്സിലാവും. അയാള്‍ കൃത്യമായി ഇടവേളകളില്‍ കൊമേര്‍ഷ്യല്‍ പടവും ഓഫ് ബീറ്റ് പടവും ചെയ്യുന്നുണ്ട്… ഒരു ഓഫ് ബീറ്റ് പടം ഇറങ്ങി പൊട്ടിക്കഴിയുമ്പോള്‍ അതിന്റെ ക്ഷീണം തീര്‍ക്കാന്‍ നല്ലൊരു കൊമേര്‍ഷ്യല്‍ സക്‌സസ് ഉണ്ടാകുന്ന ഒരു പടം അയാള്‍ ചെയ്യാറുണ്ട്. സിറ്റി ഓഫ് ഗോഡിന്റെ ക്ഷീണം തീര്‍ത്തത് ആമേനിലൂടെയാണ്.

അതുകഴിഞ്ഞ് വീണ്ടും ഒരു എക്‌സ്പിരിമെന്റല്‍ സിനിമയായി ഡബിള്‍ ബാരല്‍ ചെയ്തു. ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷേ ഭൂരിഭാഗം പേര്‍ക്കും ആ സിനിമ അത്ര ദഹിച്ചില്ല. അതിനുശേഷം അങ്കമാലി ഡയറീസ് എന്ന സിനിമ അദ്ദേഹത്തിന് വീണ്ടും ഒരു വിജയം സമ്മാനിച്ചു. ഇതുവരെ അദ്ദേഹം വ്യക്തമായ പ്ലാനിങ്ങോടുകൂടിയായിരുന്നു മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. അതിനുശേഷം അദ്ദേഹം ഈ മാ യൗ എന്ന സിനിമ സംവിധാനം ചെയ്തു. ശവം എന്ന പേരില്‍ പുറത്തിറങ്ങിയ ഒരു സ്വതന്ത്ര സിനിമയുടെ 90% സീന്‍ ബൈ സീന്‍ കോപ്പിയാണ് ഈ സിനിമ. ഈ പടം ഫിലിം ഫെസ്റ്റിവലില്‍ കയറി കൊളുത്തിയത് കൂടി അയാള്‍ സ്വയം ഒരു അടൂര്‍ ലെവല്‍ ബുദ്ധിജീവി ആകുവാന്‍ തീരുമാനിച്ചു. തനിക്ക് ഇന്റര്‍വ്യൂവില്‍ പറഞ്ഞു നടക്കാന്‍ ഒരു ക്യാപ്ഷന്‍ കണ്ടുപിടിച്ചു നോ പ്ലാന്‍സ് ടു ചേഞ്ച് ആന്‍ഡ് നോ പ്ലാന്‍സ് ടു ഇമ്പ്രസ്.

നമ്മുടെ മലയാളികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഒരിക്കല്‍ ഒരാള്‍ക്ക് ബുദ്ധിജീവിപട്ടം ചാര്‍ത്തി കൊടുത്തുകഴിഞ്ഞാല്‍ അയാള്‍ പിന്നെ ആ മറവില്‍ നിന്ന് ഒരിക്കലും പുറത്തു വരില്ല. അതിനുശേഷം അദ്ദേഹം ചെയ്ത എല്ലാ സിനിമയും ഓഫ് ബീറ്റ് പടങ്ങള്‍ ആയിരുന്നു. ഒരിടയ്ക്ക് കമല്‍ സാറിനും ഈ ഒരു അസുഖം ഉണ്ടായിരുന്നു. കൊമേര്‍ഷ്യല്‍ പടങ്ങള്‍ ചെയ്ത് ക്ലച്ച് പിടിച്ച ശേഷം, താനൊരു വലിയ സംഭവമാണെന്ന് കാണിക്കാന്‍ അവസാനം കുറെ ആര്‍ട്ട് സിനിമകള്‍ എടുത്ത് പൊട്ടിച്ച് പണ്ടാരടങ്ങി ഫീല്‍ഡ് ഔട്ട് ആയി. കുറെ ലാഗ് അടിപ്പിക്കുന്ന ആര്‍ക്കും മനസ്സിലാവാത്ത സിനിമകള്‍ ചെയ്തു കഴിഞ്ഞാല്‍ താന്‍ ഏതോ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധായകനാണ് എന്ന് സ്വയം തോന്നുന്ന ഇയാളെപ്പോലുള്ളവരാണ് മലയാള സിനിമയുടെ ശാപം. ഒരു സിനിമ എന്നാല്‍ ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കേണ്ട ഒരു ഉപാധി മാത്രമാണ്. അതല്ലാതെ താന്‍ ബ്രാന്‍ഡ് ആണ് ബ്രാന്‍ഡ് ഡയറക്ടര്‍ ആണ് എന്നൊക്കെ പറഞ്ഞ് എന്ത് കോപ്രായം കാണിച്ചാലും താങ്ങി നടക്കാന്‍ കുറെ പേരുള്ളടത്തോളം കാലം ഇയാളെ ഒക്കെ നമ്മള്‍ സഹിച്ചേ പറ്റൂ.

നന്‍പകല്‍ നേരത്ത് മയക്കമെന്ന് സിനിമയെക്കുറിച്ച് നിരവധി പോസ്റ്റുകള്‍ ഗ്രൂപ്പില്‍ വന്നു. അതില്‍ ഒരു പോസ്റ്റ് മാത്രമാണ് കുറച്ച് നെഗറ്റീവ് ആയി വന്നത്. അയാളുടെ പക്ഷത്ത് നിന്ന് സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രിയ സുഹൃത്തേ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക. എല്‍ജിപി ഇപ്പോള്‍ പടം ചെയ്യുന്നത് മലയാളി ഓഡിയന്‍സിന് വേണ്ടിയല്ല. ആയിരം പേരു മാത്രം പങ്കെടുക്കുന്ന, അതില്‍ തന്നെ 500- 600 പേര്‍ക്ക് മാത്രം ഇഷ്ടപ്പെടുന്ന ഒരു കോര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടിയാണ്. അങ്ങനെയുള്ളവര്‍ക്ക് മനസ്സിലാകും എന്ന് മാത്രം വിചാരിച്ച് അയാള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ അവര്‍ക്ക് ബ്രില്ലിയന്‍സ് ആയി തോന്നും.

പിന്നെ ഇവരൊക്കെ കാണിച്ചുകൂട്ടുന്ന സിനിമകള്‍ക്ക് സാധാരണ പ്രേക്ഷകര്‍ എന്തെങ്കിലും കുറ്റം പറഞ്ഞു കഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് നിലവാരമില്ല. ഈ പറയുന്ന ബുദ്ധിജീവികള്‍ക്ക് കൊമേര്‍ഷ്യല്‍ പടങ്ങളെ വിമര്‍ശിക്കാം. അതിന് ആരെങ്കിലും ചോദ്യം ചെയ്താല്‍ പറയും ടിക്കറ്റ് കൊടുത്ത് പടം കാണുന്ന പ്രേക്ഷകന് സിനിമയെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. അതേ അവകാശത്തിന് പുറത്തു തന്നെ തിരിച്ചു പറയുന്നു. ഇതുപോലെയുള്ള സിനിമകള്‍ കാരണമാണ് ഇന്‍ഡസ്ട്രി നന്നാവാത്തത്. മോഹന്‍ലാലിന്റെ കൂടെയുള്ള സിനിമയും ഇതുതന്നെയായിരിക്കും അവസ്ഥ. 500- 600 പേര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു സിനിമ. ഇതിന്റെ വാല് പിടിച്ച് നടക്കാന്‍ വേറെ ഒരായിരം 1500 പേരും കൂടി ഉണ്ടാവും. അവര്‍ക്ക് സിനിമയൊന്നും മനസ്സിലായിട്ടില്ല , ഇഷ്ടപ്പെട്ടിട്ടുമില്ല. പക്ഷേ അത് തുറന്നു പറയാന്‍ പേടിയാണ്. ഇവര്‍ക്ക് ഈ സിനിമ ഇഷ്ടപ്പെട്ടിട്ടില്ല അല്ലെങ്കില്‍ മനസ്സിലായിട്ടില്ല എന്ന് പറഞ്ഞു കഴിഞ്ഞാല്‍ ബാക്കി ഈ സോ-ക്കോള്‍ഡ്ഡ് സിനിമാ നിരൂപകരുടെ ഗ്രൂപ്പില്‍ അവര്‍ അടിയാളരായി പോകുമെന്ന് ചിന്തയാണ്. അതുകൊണ്ട് അവരും ഇതിനെയൊക്കെ തലയില്‍ വച്ചുകൊണ്ട് നടക്കുന്നു.

മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക് എന്ന സിനിമയെ ഒരുപാട് പ്രകീര്‍ത്തിച്ച് പോസ്റ്റിട്ട ഒരാളാണ് ഞാന്‍. ആര്‍ട്ട് സിനിമകള്‍ ഞാനും കാണാറുണ്ട്. പക്ഷേ പ്രേക്ഷകരെ അതില്‍ എന്‍ഗേജ്ഡ് ആയിട്ട് ഇരിത്തുക എന്നുള്ളത് ഒരു ഡയറക്ടറിന്റെ കടമയാണ്. അതിനാ ഡയറക്ടര്‍ക്ക് പറ്റുന്നില്ലെങ്കില്‍ അയാള്‍ എത്ര വലിയ ബ്രാന്‍ഡ് ആയാലും ഒരു കാര്യവുമില്ല. കുറെ അവാര്‍ഡുകള്‍ കിട്ടും അംഗീകാരങ്ങള്‍ കിട്ടും പക്ഷേ പ്രേക്ഷകരുടെ മുമ്പില്‍ അയാള്‍ ഒന്നുമല്ലാതെ ആവും ….