‘സോറി പറഞ്ഞാലൊന്നും നമ്മള് താണുപോകില്ല’, ജൂഡ് ആന്റണി വിഷയത്തില്‍ മമ്മൂട്ടി
‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയുടെ സിനിമയുടെ ട്രെയ്ലര് ലോഞ്ച് വേളയില്‍ നടന് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന് കൂടിയായ ജൂഡ് ആന്റണിയെക്കുറിച്ചു നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. പരാമര്‍ശം ബോഡിഷെയിമിങ് ആണെന്നു പറഞ്ഞായിരുന്നു സാമൂഹിക മാധ്യമത്തില്‍ ചര്‍ച്ച ഉയര്‍ന്നത്. തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി രംഗത്ത് എത്തുകയും ചെയ്തു.
ഇപ്പോഴിതാ, ആ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് അങ്ങനെ സോറി പറയാന്‍ തോന്നിയതില്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. തിരിച്ചറിവുകളുടെ കാലമാണ് ഇതെന്നും പുതിയ ചിത്രമായ ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്.
നിമയല്ലാതെ പൊളിറ്റിക്കല്‍ കറക്റ്റന്സൊക്കെ ചര്‍ച്ചയായി വരുന്നുണ്ട് എന്ന് അഭിമുഖകാരി പറഞ്ഞപ്പോഴായിരുന്നു മമ്മൂട്ടി മനസ് തുറന്നത്. അതൊക്കെ കാലം ഉണ്ടാക്കുന്ന മാറ്റമാണ്. അതിനൊപ്പം നമ്മള് നിന്നുകൊടുക്കേണ്ടത് ആവശ്യമാണ്. ആളുകളുടെ പല തിരിച്ചറിവുകളുടെ കാലമാണ്.നമ്മള് പണ്ട് ആലോചിക്കുന്നതുപോലെയല്ല ഇപ്പോള്‍. ആളുകള്‍ തിരിച്ചറിയുന്നു. അത് മനസിലാക്കുന്നു. അതിനെതിരെ പ്രതികരിക്കുന്നു. പ്രതികരിച്ച് ആ അവകാശങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നു. അതൊക്കെ സംഭവിച്ചുകൊണ്ടേയിരിക്കും.
ഇനി ഇതിന് അപ്പുറം വരുമെന്നും മമ്മൂട്ടി പറഞ്ഞു. ജൂഡ് ആന്റണിയോട് ഖേദം പ്രകടിപ്പിച്ചതിനെ കുറിച്ചും മമ്മൂട്ടി സംസാരിച്ചു. അബദ്ധത്തിലാണെങ്കിലും ഒരാള്‍ക്ക് വിഷമം വരുമ്പോള്‍ സോറി പറഞ്ഞാല്‍ എന്താ. അതുകൊണ്ടൊന്നും നമ്മള് താന്നുപോകാന് പോകുന്നില്ല. അങ്ങനെ ഒരു മനസുണ്ടാകുന്നത് നല്ലതാ. എനിക്ക് അത് ഉണ്ടായതില്‍ സന്തോഷമുണ്ട്. എന്തേലും അബദ്ധത്തില്‍ ചെയ്താണേലും നമുക്ക് സോറി പറയാം എന്നും മമ്മൂട്ടി വ്യക്തമാക്കി.
അതേസമയം, മമ്മൂട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നേരത്തേ ജൂഡ് ആന്റണിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല . ഇനി അത്രേം കണ്‍സേണ്‍ ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്പറേഷന് വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന് ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുതെന്നാണ് അന്നത്തെ വിഷയത്തില്‍ ജൂഡ് ആന്റണി പ്രതികരിച്ചത്.