25 കോടി ക്ലബ്ബിൽ തീപായും വേഗത്തിലെത്തി ‘മാളികപ്പുറം’
ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറം എന്ന ചിത്രം 2022 ലെ അവസാന റിലീസുകളില്‍ ഒന്നായിരുന്നു. ഡിസംബര്‍ 30 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും എല്ലാ തിയേറ്ററുകളും ഹൗസ് ഫുള്‍ ഷോയുമായാണ് മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ ചിത്രം ഇതുവരെ സ്വന്തമാക്കിയ ബോക്സ് ഓഫീസ് കളക്ഷന്‍ എത്രയെന്ന് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഇതുവരെ ചിത്രം 25 കോടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളില്‍ ഒന്നായ കാവ്യ ഫിലിം കമ്പനി സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രം 25 കോടി കളക്ഷന്‍ നേടിയെന്ന വാര്‍ത്ത പുറത്തുവിട്ടത്.
അതേസമയം ചിത്രത്തില്‍ പ്രധാനകഥാപാത്രമായി എത്തിയ ഉണ്ണി മുകുന്ദന്റെ ആദ്യ 25 കോടി ക്ലബ്ബ് ചിത്രമാണിത്. ഡിസംബര്‍ 30 ന് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് പുതുവത്സര വാരാന്ത്യത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി.
ജിസിസി, യുഎഇ റിലീസ് ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്ററുകളിലെ റിലീസ് 6 നും ആയിരുന്നു. പല വിദേശ മാര്‍ക്കറ്റുകളിലേക്കും ചിത്രം പിന്നാലെയെത്തി. രണ്ടാം വാരത്തില്‍ കേരളത്തിലെ സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു ചിത്രം. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 170 സ്ക്രീനുകളിലായി ചിത്രത്തിന്റെ പ്രദര്‍ശനം. കേരളത്തില്‍ നിന്നും ചിത്രം റിലീസ് ചെയ്ത മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പ്രേക്ഷകരുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബാലതാരമായി എത്തിയത് ദേവനന്ദയും ശ്രീപദ് എന്നിവരാണ്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.