ഗോള്‍ഡന്‍ ഗ്ലോബ് നരേന്ദ്രമോദിയുടെ അഭിനന്ദനം നേടി ആര്‍ആര്‍ആര്‍ ടീം; സംഗീത സംവിധായകന് കീരവാണിക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് സിനിമാലോകം
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്.ആര്.ആറിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്കാരം. ബുധനാഴ്ച ലൊസാഞ്ചലസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനമുണ്ടായത്. ഇപ്പോഴിതാ, ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ആര്‍ആര്‍ആര്‍ ടീമിനെയും ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘നാട്ടു നാട്ടു’ ഗാനം ഒരുക്കിയ കീരവാണിയെയും അഭിനന്ദിച്ചത്.
വളരെ സവിശേഷമായ ഒരു നേട്ടമാണിത്. എംഎം കീരവാണിയെ അഭിനന്ദിക്കുന്നു. ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്, രാഹുല്‍സിപ്ലിഗുഞ്ച് എന്നിവരെയും അഭിനന്ദിക്കുന്നു. രാജമൌലി, ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എല്ലാ ആര്‍ആര്‍ആര്‍ ടീമിനെയും അഭിനന്ദിക്കുന്നു. ഈ അഭിമാനകരമായ നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു എന്നിങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്ററില്‍ കുറിച്ചത്.
എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ ഗാനത്തിനു സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നു ഗാനം ആലപിച്ചു. ഇംഗ്ലിഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍ആര്‍ആര്‍ നോമിനേഷന് നേടിയിരുന്നത്.
അതേസമയം, ആര്‍ആര്‍ആര്‍ നേടിയ പുരസ്കാരത്തില്‍ എംഎം കീരവാണിയെ അഭിനന്ദിച്ച് ഓസ്കാര്‍ അവാര്‍ഡ് ജേതാവും സംഗീത സംവിധായകനുമായ എആര്‍ റഹ്മാന് രംഗത്ത് എത്തിയിരുന്നു. അവിശ്വസനീയമായ ഒരു മാറ്റമാണ് ഇത്. എല്ലാ ഇന്ത്യക്കാര്‍ക്ക് വേണ്ടിയും കീരവാണിക്കും, എസ്എസ് രാജമൌലിക്കും ആര്‍ആര്‍ആര്‍ ടീമിനും അഭിനന്ദനങ്ങളെന്നാണ് അദ്ദേഹം കുറിച്ചത്.
കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യന്‍ ചിത്രമായ ആര്‍ആര്‍ആര്‍ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. റിഹാന, ലേഡിഗാഗ , ടെയ്ലര് സ്വിഫ്റ്റ് എന്നിവര്‍ക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. എആര്‍ റഹ്മാന് പുരസ്കാരം നേടി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നതെന്നതും ഇരട്ടിമധുരമാകുന്നു. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം.