“പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം,സ്ത്രീധനം വാങ്ങരുത് കൊടുക്കരുത്” സോഷ്യൽ മീഡിയയിൽ തീ ആയി മാറിയ മോഹൻലാലിന്റെ വാക്കുകൾ…
സമീപകാലത്ത് കേരള സമൂഹം ഒന്നടങ്കം വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒരു വിഷയമായി സ്ത്രീധനം മാറിക്കഴിഞ്ഞു. വിവാഹശേഷം പെൺകുട്ടികൾ അനുഭവിക്കുന്ന ദുരന്തങ്ങളും അതിൽ സ്ത്രീധനമെന്ന വ്യവസ്ഥ വഹിക്കുന്ന പങ്കും നേർ കാഴ്ചയായി മലയാളിസമൂഹം കണ്ട് വിറങ്ങലിച്ചിരിക്കവെ വലിയ തോതിലുള്ള ചർച്ചകളും വിമർശനങ്ങളും സ്ത്രീധനത്തിനെതിരെ ഉയർന്നുവരുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ മേൽ തന്നെ ശക്തമായ നിലപാട് നടൻ മോഹൻലാൽ തുറന്നു പറഞ്ഞിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആറാട്ടിലെ ഒരു രംഗം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് വിവാഹ വിഷയത്തിൽ സ്ത്രീകളുടെ അവകാശത്തെ പറ്റി മോഹൻലാൽ തന്റെ നിലപാട് വ്യക്തമാക്കുന്നത്. പൂർണമായും കാലത്തിന് അനുയോജ്യമായതും സ്ത്രീകളുടെ ജീവിതത്തിന് പുരോഗതി കൈവരിക്കാൻ കഴിയുന്നതുമായ ഉപദേശം മോഹൻലാൽ പെൺകുട്ടികൾക്ക് നൽകുന്ന തരത്തിലാണ് ചിത്രത്തിലെ ഭാഗം. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രം പറയുന്ന ഏറ്റവും പ്രധാനപ്പെട്ട ഡയലോഗ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ആ ഡയലോഗ് ഇങ്ങനെ:, “നിങ്ങള് വിഷമിക്കേണ്ട കേട്ടോ നിങ്ങളുടെ എല്ലാകാര്യത്തിനും കട്ടയ്ക്ക് ഈ ഗോവണ്ണൻ അണ്ണൻ ഉണ്ട് കൂടെ. നിങ്ങളീ മെമ്പർമാരോട് പറഞ്ഞോ ഞങ്ങൾക്ക് കല്യാണം വേണ്ട പഠിപ്പു മുഴുവിപ്പിക്കണം സ്വന്തം കാലിൽ നിൽക്കണം എന്നൊക്കെ അപ്രീസിയേഷൻ ആണ് കേട്ടോ പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം സ്വയംപര്യാപ്തത ആണ് വേണ്ടത് അതാണ് പൊളിറ്റിക്കലി കറക്റ്റ്.”
കൂടാതെ വീഡിയോയുടെ അവസാനം സ്ത്രീധനത്തിനെതിരെ മോഹൻലാൽ തന്റെ നിലപാട് വ്യക്തമാക്കുന്ന ഭാഗം കൂടിയുണ്ട്. വളരെ പ്രസക്തമായ മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ:, “തുല്യതയുള്ള രണ്ടു വ്യക്തികളുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം. അത് കണക്ക് പറയുന്ന ഒരു കച്ചവടമല്ല സ്ത്രീധനം വാങ്ങരുത് കൊടുക്കരുത്. Say no to dowry.” കൊമേഴ്സ്യൽ ചിത്രം ആണെങ്കിൽ കൂടിയും കാലഘട്ടത്തിന് അനുസൃതമായ പുരോഗമനപരമായ ആശയങ്ങൾ ഡയലോഗുകളുടെ രൂപത്തിലായാലും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ബി. ഉണ്ണികൃഷ്ണൻ ഈ അവസരത്തിൽ പ്രശംസിക്കപ്പെടുന്നു. ചിത്രത്തിൽ ഇതുപോലുള്ള രംഗങ്ങൾ ഇനിയും ഉണ്ടാകും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.