”മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പ്രമേയം ഇത്ര ധൈര്യപൂര്‍വം അവതരിപ്പിച്ചിരിക്കുന്നത്”; മോണ്‍സ്റ്ററിനെക്കുറിച്ച് മോഹന്‍ലാല്‍
നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ പുലിമുരുകന് എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. പുലിമുരികന് സമ്മാനിച്ച ദൃശ്യ വിസ്മയവും തീയേറ്റര്‍ എക്സ്പീരിയന്‍സും ഇന്നും ഓര്‍മ്മകളിലുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം മോണ്‍സ്റ്റര്‍ വലിയ പ്രതീക്ഷയാണ് മുന്നോട്ടുവെയ്ക്കുന്നത്. ഉദയ് കൃഷ്ണന്റെ തിരക്കഥയില്‍ എത്തുന്ന മോണ്‍സ്റ്റര്‍ ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. വൈശാഖ് – ഉദയ് കൃഷ്ണ – മോഹന്‍ലാല്‍ ഈ കോമ്പിനേഷന്‍ തന്നെയാണ് ചിത്രത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഘടകം.
ഇപ്പോഴിതാ മോണ്‍സ്റ്റര്‍ സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്ന വാക്കുകളാണ് വൈറലാവുന്നത്. ഏറെ സവിശേഷതകള്‍ നിറഞ്ഞ ഈ ചിത്രത്തിന്റെ ഭാഗമായതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച വീഡിയോയിലായിരുന്നു മോഹന്‍ലാല്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. ‘എന്നിലെ നടനെ സംബന്ധിച്ചിടത്തോളം ഒരുപാട് സവിശേഷതകള്‍ നിറഞ്ഞ സിനിമയാണ് മോണ്‍സ്റ്റര്‍. ഒരുപാട് സര്‍പ്രൈസ് എലമെന്റുകള്‍ ഈ സിനിമയിലുണ്ട്. പക്ഷേ ഇതിന്റെ പ്രമേയം തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. മലയാളത്തില്‍ ആദ്യമായിരിക്കാം ഇങ്ങനെയൊരു പ്രമേയം ധൈര്യപൂര്‍വ്വം അവതരിപ്പിച്ചിരിക്കുന്നത്.’
തിരക്കഥയാണ് സിനിമയുടെ താരം. നായകന്, വില്ലന്‍ എന്നിങ്ങനെയുള്ള സങ്കല്‍പ്പം ചോദിച്ചാല്‍ തിരക്കഥ തന്നെയാണ് നായകനും വില്ലനും. വളരെ അപൂര്‍വമാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ ഒരു നടനെന്ന നിലയില്‍ സാധിക്കുന്നത്. ഈ സിനിമയില്‍ അഭിനയിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഈ സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒന്നും നമ്മള് ഇതുവരെ പുറത്തു കാണിച്ചിട്ടില്ല. ട്രെയ്ലറിലൊക്കെ വളരെ കുറച്ചേ കാണിച്ചിട്ടുള്ളൂ. വളരെ കാലത്തിനു ശേഷം ആക്ഷന്‍ വളരെയധികം പ്രാധാന്യം കൊടുത്തിട്ടുള്ള ഒരു സിനിമയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.