“ഒരുപക്ഷേ ഇന്ത്യയിലൊരു ഭാഷയിലും ഇങ്ങനെ ഒരു സിനിമ ഒരു വിജയമാകുമെന്ന് എനിക്ക് തോന്നുന്നില്ല. മറ്റൊന്നും കൊണ്ടല്ല. മലയാള പ്രേക്ഷകരെ എനിക്ക് അത്രയും വിശ്വാസമുള്ളതു കൊണ്ടാണ്”… റോഷാകിന്റെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി
‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘റോഷാക്ക്’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റോഷാക്ക് ഒരു സൈക്കോളജിക്കൽ റിവഞ്ച് ഡ്രാമയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഗംഭീര പ്രതികരണങ്ങളോടെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. പ്രഖ്യാപന സമയം മുതൽ സസ്പെൻസും നിഗൂഢതയും നിറഞ്ഞ ചിത്രമായിരുന്നു റോഷാക്ക്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മലയാള സിനിമ ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോഷാക്കിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീർ അബ്ദുള്ളാണ്. മമ്മൂട്ടി കമ്പനിയാണ് റോഷാക്കിന്റെ നിർമ്മാണം.
ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷം അബുദാബിയിൽ വെച്ച് ആഘോഷിക്കുകയാണ് റോഷാക്ക് ടീം. അബുദാബി ഡാൽമ മാളിൽ വെച്ച് നടന്ന റോഷാക്കിന്റെ വിജയാഘോഷത്തിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റോസാക്കിന്റെ വിജയത്തിന് പ്രേക്ഷകർക്ക് നന്ദി പറയുകയാണ് അദ്ദേഹം. ” ഈ സിനിമയുടെ നിർമ്മാതാക്കൾക്കോ സാങ്കേതിക പ്രവർത്തകർക്ക് അഭിനേതാക്കൾക്കോ ഉള്ള സന്തോഷത്തേക്കാൾ അഭിമാനം ഈ സിനിമ ഒരു വലിയ വിജയമാക്കിയ പ്രേക്ഷകർക്കാണ്. സിനിമ വളരുന്നത് പ്രേക്ഷകരിലൂടെയാണ്. സിനിമ പ്രവർത്തകരിലൂടെയല്ല. പ്രേക്ഷകരാണ് സിനിമയെ നയിക്കുന്നത്. സിനിമ ഏത് ദിശയിലേക്ക് സഞ്ചരിക്കണം എങ്ങനെ ചർച്ച ചെയ്യണമെന്നൊക്കെ തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. കാരണം പ്രേക്ഷകരാണ് സിനിമ എന്ന കലാരൂപത്തോട് ഏറ്റവും കൂടുതൽ ആഭിമുഖ്യമുള്ളവർ. പ്രത്യേകിച്ച് മലയാള സിനിമ പ്രേക്ഷകർ.
ഞങ്ങൾക്കുണ്ടായ ഈ അഭിമാന പൂർവ്വമായ വിജയം മലയാള സിനിമ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിന്റെ ഉയർച്ചയാണ് കാണിക്കുന്നത്. ഇത് ലോകത്തിന് തന്നെ മാതൃകയാണ്. ഒരുപക്ഷേ ഇന്ത്യയിലൊരു ഭാഷയിലും ഇങ്ങനെ ഒരു സിനിമ ഒരു വിജയമാകുമെന്ന് എനിക്ക് തോന്നുന്നില്ല. മറ്റൊന്നും കൊണ്ടല്ല. മലയാള പ്രേക്ഷകരെ എനിക്ക് അത്രയും വിശ്വാസമുള്ളതു കൊണ്ടാണ്. നിങ്ങൾ സിനിമ കാണാൻ വേണ്ടി സോപ്പിടുന്നതല്ല. നിങ്ങൾ സിനിമ കണ്ടതുകൊണ്ട് പറഞ്ഞതാണ്”. മമ്മൂട്ടി പറയുന്നു. ഗ്രേസ് ആന്റണി, ജോർജ്, ഷറഫുദ്ദീൻ എന്നിവരും സിനിമയെ പ്രതിനിധീകരിച്ചുകൊണ്ട് വിജയാഘോഷത്തിൽ പങ്കെടുത്തു. കൂടാതെ റോഷാക്കിലെ വീഡിയോ ഗാനവും പരിപാടിയിൽ റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയെയും റോഷക്കിന്റെ ടീമിനെയും കാണാനായി ആയിരക്കണക്കിന് ആളുകളാണ് ഡാല്മ മാളിൽ തടിച്ചുകൂടിയത്.