ഇത്തവണ ഐഎഫ്എഫ്കെയിൽ തിളങ്ങാൻ മമ്മൂട്ടിയുൾപ്പെടെ ഒരുകൂട്ടം മഹാരാജാസുകാരും ; വെറും 12,000 രൂപയ്ക്ക് മഹാരാജാസുകാർ നിർമ്മിച്ച ‘ബാക്കി വന്നവർ’ മുഖ്യാകർഷണമാകും
1 min read

ഇത്തവണ ഐഎഫ്എഫ്കെയിൽ തിളങ്ങാൻ മമ്മൂട്ടിയുൾപ്പെടെ ഒരുകൂട്ടം മഹാരാജാസുകാരും ; വെറും 12,000 രൂപയ്ക്ക് മഹാരാജാസുകാർ നിർമ്മിച്ച ‘ബാക്കി വന്നവർ’ മുഖ്യാകർഷണമാകും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ചലച്ചിത്രമേളയാണ് ഐഎഫ്എഫ്കെ അന്താരാഷ്ട്ര ചലച്ചിത്രമേള. 27ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കാണ് ഡിസംബറിൽ തുടക്കം കുറിക്കാൻ പോകുന്നത്. ഇതിനോടനുബന്ധിച്ച് മലയാളസിനിമയിൽ നിന്നും ഒരുപിടി മികച്ച ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ ഇടം നേടിയിരിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രവും കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന അറിയിപ്പ് എന്നീ രണ്ട് സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 12 സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധായകനായ ആര്‍ ശരത്ത് ചെയര്‍മാൻ ജീവ കെ ജെ, ഷെറി, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ എന്നീ സംവിധായകരുൾപ്പെട്ട സമിതിയാണ് സിനിമകൾ തിരഞ്ഞെടുത്തത്.


സനല്‍കുമാര്‍ ശശിധരന്‍റെ ചിത്രമായ ‘വഴക്ക്’, അമൽ പ്രസ്സിയുടെ ‘ബാക്കി വന്നവർ’, താമര്‍ കെ വിയുടെ ‘ആയിരത്തൊന്ന് നുണകള്‍’, കമല്‍ കെ എമ്മിന്‍റെ ‘പട’, പ്രതീഷ് പ്രസാദിന്‍റെ ‘നോര്‍മല്‍’, അരവിന്ദ് എച്ചിന്‍റെ ‘ഗ്രേറ്റ് ഡിപ്രഷന്‍’, രാരിഷ് ജിയുടെ ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’, സിദ്ധാര്‍ഥ ശിവയുടെ ‘ആണ്’, സതീഷ് ബാബുസേനന്‍ – സന്തോഷ് ബാബുസേനന്‍ എന്നിവരുടെ ‘ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും’, പ്രിയനന്ദനന്‍ ടി ആറിന്‍റെ ‘ധബാരി കുരുവി’, അഖില്‍ അനില്‍കുമാര്‍ – കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ് – ജിയോ ബേബി – ജിതിന്‍ ഐസക് തോമസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ആന്തോളജി ചിത്രം ‘ഫ്രീഡം ഫൈറ്റ്’, ഇന്ദു വി എസിന്‍റെ ‘19 1 എ’ എന്നീ സിനിമകളാണ് മലയാളസിനിമ ടുഡേ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.


ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരുപാട് സ്വതന്ത്ര സിനിമകളിൽ ഏറ്റവും ചിലവ് കുറഞ്ഞ സിനിമയാണ് ‘ബാക്കി വന്നവർ’. അമൽ പ്രസി സംവിധാനം ചെയ്ത ഈ സിനിമ വെറും 12,000 രൂപയ്ക്കാണ് എറണാകുളം മഹാരാജാസ് കോളേജിലെ ഒരുപറ്റം ചെറുപ്പക്കാർ ഒത്തൊരുമിച്ച് നിർമ്മാണം പൂർത്തിയാക്കിയത്. ആഹാരത്തിനും യാത്രയ്ക്കും മാത്രമാണ് ഇവർക്ക് ചിലവ് വന്നത്. ബാക്കിയെല്ലാം ഒരുമിച്ചുള്ള സഹകരണത്തിലൂടെ സാധ്യമാക്കുകയായിരുന്നു. ഈ സിനിമയിൽ ഭാഗമായിട്ടുള്ള അഭിനേതാക്കളും പിന്നണിപ്രവർത്തകരുമെല്ലാം മഹാരാജാസുകാരാണ്. തൊഴിൽ ഇല്ലായ്മ ചർച്ച ചെയ്യുന്ന ‘ബാക്കി വന്നവർ’ എന്നയീ ബഡ്ജറ്റ് സിനിമയുടെ പ്രധാനപ്പെട്ട ലൊക്കേഷനുകൾ മഹാരാജാസ് ഹോസ്റ്റലും പരിസരങ്ങളും ഒക്കെ തന്നെയാണ്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സൽമാനുൽ ഫാരിസ് തന്നെയാണ് സംവിധായകൻ അമൽ പ്രസിക്ക് ഒപ്പം തിരക്കഥ രചിച്ചിരിക്കുന്നത് (2016 – 19 കാലഘട്ടങ്ങളിൽ മഹാരാജാസിൽ പഠിച്ചിരുന്നവർ കൂടിയാണിവർ).

നിരവധി ഷോർട്ട് ഫിലിമുകളും ആൽബംസും ചെയ്ത് എക്സ്പീരിയൻസുള്ള റഹിം ബിൻ റഷീദ് ബാക്കി വന്നവർക്ക് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് തംജീത്താണ്. സംഗീത സംവിധാനം അബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘പൂമരം’ സിനിമയിലൂടെ സംഗീത സംവിധാനരംഗത്തും പിന്നണി ഗാനരംഗത്തും തന്റേതായ സ്ഥാനം നേടിയെടുത്ത ഫൈസൽ റസിയാണ് ചെയ്തിരിക്കുന്നത്. ഈ സിനിമയുടെ സ്റ്റുഡിയോ റെക്കോർഡിംഗ് ശബ്ദ മിശ്രണ ജോലികൾ ചെയ്തത് ഡെൻസൻ ഡൊമനിക്കാണ്. നോയ്സ് ഗേറ്റ് സ്റ്റുഡിയോയിലായിരുന്നു ബാക്കി വന്നവർ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്ക്‌ നടന്നത്. സൗണ്ട് എഞ്ചിനീയർ ദിനേഷാണ്. ആർട്ട്‌ ശബരീഷ് ശശി നിർവ്വഹിച്ചിരിക്കുന്നു. അസിസ്റ്റന്റ് ഡയറക്ടർസ് ആയി വർക്ക്‌ ചെയ്തത് നിർഷാൻ, ഹൽഷിക്, ആകാശ് പിള്ളരിക്കൽ എന്നിവരാണ്.


ഇങ്ങനെ ഒരുകൂട്ടം മഹാരാജാസുകാർ ഒത്തൊരുമിച്ച് സിനിമയെന്ന വലിയ സ്വപ്നത്തെ വളരെ ചുരുങ്ങിയ ചെലവിൽ സാധ്യമാക്കിയത് ഓരോ സിനിമ മോഹിക്കും പ്രചോദനമാണ്. പല ചെറുപ്പക്കാരുടെയും സ്വപ്നമാണ് സിനിമ എന്നത്. പലപ്പോഴും ആ സ്വപ്നത്തിന് സാമ്പത്തികം തന്നെയാണ് വലിയ പ്രതിസന്ധിയായി മുൻപിൽ നിൽക്കുന്നത്. എന്നാൽ ലക്ഷ്യബോധമുള്ള മനസുകളും അതിനൊത്ത ആത്മാർത്ഥ പരിശ്രമവും കൂട്ടായ്മയുമുണ്ടെങ്കിൽ സാമ്പത്തികമെല്ലാം ഒരു പ്രശ്നമല്ല എന്ന് തെളിയിച്ചു കൊണ്ടാണ് ഇവിടെ മഹാരാജാസുകാർ ഒരുമിച്ച് ചേർന്ന് സിനിമ എന്ന സ്വപ്നത്തെ സാക്ഷാത്കരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ഈ ചിത്രം പരിഗണിക്കപ്പെട്ടത് ഒരുപാട് സിനിമ മോഹികൾക്ക് പ്രചോദനം നൽകുന്ന കാര്യമാണ്. ‘ബാക്കിവന്നവർ’ ഉൾപ്പെടെ എല്ലാ മികച്ച ചിത്രങ്ങളും ചലച്ചിത്ര മേളയുടെ വേദിയിൽ കാണാനുള്ള ആകാംഷയിലാണ് സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ.

Summary : Maharajas students film Bakki Vannavar selected to 27th IFFK