‘മമ്മൂട്ടി എന്ന നടന് തന്നെയാണ് റോഷാക്കിന്റെ നട്ടെല്ല്, വോയിസ് മോഡുലേഷനും, ശരീര ഭാഷയുമൊക്കെ അത്രമേല്‍ ഗംഭീരം’; കുറിപ്പ് വായിക്കാം
കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി നായകനായെത്തിയ ചിത്രം രണ്ടാം ദിനത്തിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ച് മൂവി മാക് പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത്, മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി തീയേറ്ററുകളില്‍ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണ് റോഷാക്ക്. ഒരു ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് തന്റെ ഭാര്യയുമായി എത്തുന്ന ലൂക്ക് ആന്റണി എന്നയാളുടെ കാര്‍ അപകടത്തിലാവുകയും, അതിന് ശേഷം നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കഥയുടെ ഇതിവൃത്തം.
ഒരൊറ്റ വാക്കില്‍ മുന്നോട്ട് വെക്കാവുന്ന ഒരു ആശയം, ആ ആശയത്തെ, മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു തലത്തിലേക്ക് ഉയര്‍ത്തി വെക്കുന്ന ചിത്രമായാണ് റോഷാക്ക് എനിക്കനുഭവപ്പെട്ടത്. ചിത്രത്തിന്റെ ഏറ്റവും പ്രധാന പോസിറ്റീവ് തന്നെ അതിന്റെ പ്ലോട്ടും, അതിനെ പറയാന്‍ ഉപയോഗിച്ച ട്രീറ്റ്മെന്റും തന്നെയാണ്. ഒരു ലീനിയര്‍ നറേറ്റീവ് നല്‍കാതെ, അല്‍പ്പം കോംപ്ലക്സ് ആക്കി, കാണുന്ന പ്രേക്ഷകന് ചിന്തിക്കാനുള്ള സ്പേസ് ചിത്രം നല്‍കുന്നുണ്ട്. സമീര്‍ അബ്ദുലിന്റെ തിരക്കഥ കഥയോട് നീതി പുലര്‍ത്തിയിട്ടുണ്ടെങ്കിലും, രണ്ടാം പകുതിയില്‍ വരുന്ന ചെറിയ ലാഗ് ചിത്രത്തെ അല്‍പ്പം പിറകോട്ട് വലിക്കുന്നുണ്ട്. എന്നാല്‍ നിസാമിന്റെ മേക്കിങ് തന്നെയാണ് ചിത്രത്തെ ഒരു സാധാരണ ത്രില്ലര്‍ എന്ന ലേബലില്‍ തളയ്ക്കാതെ വത്യസ്ഥമാക്കുന്നത്.
നിമിഷ് രവിയുടെ ടോപ്പ് ക്ലാസ്സ് ഫ്രേയ്മുകളും, മിഥുന് മുകുന്ദന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ അത്രമേല്‍ സപ്പോര്‍ട്ട് ചെയ്ത് മുന്നോട്ട് നീക്കുന്നുണ്ട്. കിരണ്‍ ദാസിന്റെ എഡിറ്റിംഗും കട്ടുകളും ചിത്രത്തിന്റെ മൂഡിന് അനുയോജ്യമായിരുന്നു. മമ്മൂട്ടി എന്ന നടന് തന്നെയാണ് റോഷാക്കിന്റെ നട്ടെല്ല്. ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു മമ്മൂട്ടിയെ, തീര്‍ത്തും സൈക്കിക്ക് ആയ ഒരു മിസ്റ്റീരിയസ് കഥാപാത്രത്തിന്റെ അകമ്പടിയോടെയാണ് സംവിധായകന് അവതരിപ്പിച്ചിരിക്കുന്നത്. വോയിസ് മോഡുലേഷനും, ശരീര ഭാഷയുമൊക്കെ അത്രമേല്‍ ഗംഭീരം. അതിന് ശേഷം പ്രകടനങ്ങളില്‍ അക്ഷരാര്‍ത്ഥം ഞെട്ടിച്ചത് ബിന്ദു പണിക്കര്‍, ജഗദീഷ്, ഗ്രെയ്സ് ആന്റണി, ശറഫുദ്ധീന്‍ എന്നിവരാണ്. മറ്റുള്ള സപ്പോര്‍ട്ടിങ് ആക്ടര്‍സിന്റെയും പ്രകടനങ്ങള്‍ മികച്ചതായി തന്നെ തോന്നി.
ത്രില്ലര്‍ സിനിമകളുടെ കുത്തൊഴുക്കില്‍ മുക്കി കളയാതെ, വളരെ വത്യസ്തമായ, അല്‍പ്പം സ്ലോ പേസ്ഡ് ആയ, കൃത്യമായ തിരക്കഥയും മേക്കിങ്ങും, പ്രകടനങ്ങളുമുള്ള ഒരു മികച്ച സിനിമാനുഭവം തന്നെയായിരുന്നു റോഷാക്ക് എനിക്ക്. തീര്‍ച്ചയായും തീയേറ്ററില്‍ നിന്ന് തന്നെ കാണാന്‍ ശ്രമിക്കുക.
മൂവി മാക് റോഷാക്കിന് നല്കുന്ന റേറ്റിംഗ്- 8.5/10..
*അഭിപ്രായം തീര്‍ത്തും വ്യക്തിപരം!
സ്നേഹത്തോടെ, മാക്..