“എനിക്ക് ഉറപ്പുണ്ട് ആദ്യ കാഴ്ച്ചയിൽ നിങ്ങൾ അനുഭവിച്ച റോഷാക് ആയിരിക്കില്ല രണ്ടാം കാഴ്ച്ചയിൽ”… സിനിമാ മോഹി വിനായകിന്റെ കുറിപ്പ്
1 min read

“എനിക്ക് ഉറപ്പുണ്ട് ആദ്യ കാഴ്ച്ചയിൽ നിങ്ങൾ അനുഭവിച്ച റോഷാക് ആയിരിക്കില്ല രണ്ടാം കാഴ്ച്ചയിൽ”… സിനിമാ മോഹി വിനായകിന്റെ കുറിപ്പ്

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്’ ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. ഗംഭീര പ്രതികരണങ്ങളാണ് റോഷാക്കിന് കിട്ടിക്കൊണ്ടിരിക്കുന്നത്. മലയാള പ്രേക്ഷകർ ഇതുവരെ കാണാത്ത പുത്തൻ സ്റ്റൈലിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരിക്കുന്നത്. റോഷാക് കണ്ട് ഇറങ്ങിയവരെല്ലാം തന്നെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് എക്സൈറ്റഡായിരിക്കുകയാണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി ഇന്നുവരെ അഭിനയിച്ചിട്ടുള്ളതിൽ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രമാണിത്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോഷാക്കിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീർ അബ്ദുള്ളാണ്.

മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനിയാണ് റോഷാക് നിർമ്മിച്ചിരിക്കുന്നത്.മമ്മൂട്ടിയുടെ ‘റോഷാക്’ ആരാധകർ ആഘോഷമാക്കുകയാണ്. ആരവങ്ങളോട് കൂടിയ തിയേറ്റർ പ്രതികരണമാണ് രണ്ടാം ദിവസമായ ഇന്നും ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. അതുപോലെതന്നെ സാമൂഹ്യ മാധ്യമങ്ങളിലും ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റോഷാക് കണ്ട സിനിമ പ്രേമികൾ ഒരുപാടു റിവ്യൂകളാണ് സിനിമ ഗ്രൂപ്പുകളിലും മറ്റു സോഷ്യൽ മീഡിയകളിലും പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ റോഷാക് കണ്ട് ത്രില്ലടിച്ച് വിനായക് കെ. എ എന്ന സിനിമ പ്രേമി സിനി ഫയലിൽ കുറിച്ച റിവ്യൂ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിനായക് കെ. എ എഴുതിയ റിവ്യൂ വായിക്കാം…

“This is not an experiment, This is the work”. ഈ സിനിമ കണ്ട് വല്ലാത്ത ഒരു ഉന്മാദവസ്ഥയിലാണ് തിയേറ്ററിൽ നിന്നും ഇറങ്ങിയത്. ഒരു ഗംഭീര സിനിമ തീയേറ്ററിൽ നിന്നും കണ്ട് കിട്ടുന്ന കിക്ക് അത് വാക്കുകൾക്കതീതമാണ്.. അത്രക് മികച്ച ഒരു തീയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു സമീർ അബ്ദുൽ തിരക്കഥ എഴുതി, നിസ്സാം ബഷീർ സംവിധാനം ചെയ്ത് മമ്മൂക്ക പ്രധാന വേഷത്തിലെത്തിയ റോഷാക് സമ്മാനിച്ചത്. ഒരു സാധാരണ പ്രതികാര കഥയെ അസാധാരണമായ കഥ പറച്ചിലിലൂടെ ഒരു ഇന്റർനാഷണൽ ലെവൽ കാഴ്ചനുഭൂതി തരികയാണ് ഈ സിനിമ. യഥാർത്ഥത്തിൽ ഒരു ഹോളിവുഡ് / കൊറിയൻ ലെവൽ സിനിമ എക്സ്പീരിയൻസ് നിൽക്കുന്നതിൽ സംവിധായകനും, നിമിഷ് രവിയുടെ സിനിമട്ടോഗ്രാഫിയും, മിഥുൻ മുകുന്ദന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ്.

എനിക്ക് ഉറപ്പുണ്ട് ആദ്യ കാഴ്ച്ചയിൽ നിങ്ങൾ അനുഭവിച്ച റോഷാക് ആയിരിക്കില്ല രണ്ടാം കാഴ്ച്ചയിൽ നിങ്ങൾ കാണുക. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും ഉത്തരം ആ സിനിമയിൽ തന്നെ ഒളിഞ്ഞു ഇരിപ്പുണ്ട്. റോഷക് ടെസ്റ്റ് ശരിക്കും പ്രേക്ഷകനോടായിരുന്നു. സിനിമയെ പറ്റി ഒരുപാട് എഴുതണം എന്നുണ്ട്, പക്ഷേ സിനിമയെ പറ്റി എന്ത് എഴുതിയാലും അത് സ്പോയ്ലർ ആകുകയും ഇതുവരെ കാണാത്ത പ്രേക്ഷകരുടെ excitement തകർത്ത് കളയുമോ എന്നുള്ള വിചാരവുമാണ്. പെർഫോമൻസിനെ പറ്റി പറഞ്ഞാൽ അഭിനയിച്ച എല്ലാവരും പെർഫെക്ട് കാസ്റ്റിംഗ്. ഗ്രേസ് ആന്റണി, ഷറഫുദ്ധീൻ, ജഗദീഷ്, ബിന്ദു പണിക്കർ, കോട്ടയം നസീർ, സഞ്ജു എന്നിവരുടെ അൺപ്രെഡിക്റ്റബിൾ പെർഫോമൻസ്. ഒരു അനാവശ്യ കഥാപാത്രത്തെ പോലും സിനിമയിൽ കണ്ടെത്താൻ കഴിയുന്നില്ല.

എല്ലാത്തിനും മുകളിൽ The Master… മമ്മൂക്ക.. പറയാൻ വാക്കുകൾ ഇല്ല… ഈ സിനിമയിൽ ഏറ്റവും കൂടുതൽ കയ്യടിക്ക് അർഹൻ മമ്മൂക്ക തന്നെയാണ്. ഇതുപോലൊരു പാത്ത് ബ്രേക്കിങ് സിനിമ എടുത്ത് പ്രൊഡക്ഷൻ കമ്പനി launch ചെയ്യാനെടുത്ത ധൈര്യം. ലൂക്ക് ആന്റണിയിലൂടെ മുൻപെങ്ങും കണ്ടിട്ടില്ലാത്ത പുതിയൊരു മമ്മൂക്കയെ റോഷാക്കിലൂടെ നമുക്ക് കാണാം. ഇതെങ്ങനെ ഈ മനുഷ്യൻ.? ഉത്തരം കിട്ടാത്ത ചോദ്യം.. മലയാള സിനിമ എന്നും മാറി തുടങ്ങുന്നത് മമ്മൂക്കയിലൂടെ ആണ്.. അന്ന് ബിഗ് ബി ആണെങ്കിൽ ഇന്ന് റോഷാക്. എന്നെ പോലുള്ള സിനിമ മോഹികൾ അദ്ദേഹത്തിന്റെ ആവേശത്തിനൊപ്പം ആണ് ഓടി എത്തേണ്ടത് എന്ന ചിന്തക്ക് പിന്നെയും പിന്നെയും അടിവരയിടുന്നു ഈ സിനിമ. ഈ സിനിമ കാണാൻ പോകുന്നവർ ഏറ്റവും മികച്ച തീയേറ്ററിൽ തന്നെ പോയി കണ്ട് എക്സ്പീരിയൻസ് ചെയ്യേണ്ടതാണെന്നൊരു അഭ്യർത്ഥന കൂടെ ഉണ്ട്. പുതിയൊരു സിനിമ അനുഭവം ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ ഒരിക്കലും റോഷാക് നിങ്ങളെ നിരാശപ്പെടുത്തില്ല..

PS: സൗത്ത് ഇന്ത്യൻ സിനിമകളെ പറ്റി പറയുമ്പോൾ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള കാര്യമാണ്, തമിഴ് സിനിമ നമ്മളുടെ ഹോളിവുടും മലയാള സിനിമ നമ്മുടെ കൊറിയൻ ഇൻഡസ്ട്രിയും ആണെന്ന്. തമിഴിൽ വൻ ബഡ്ജറ്റിൽ PS-1 ഒക്കെ എടുത്ത് സിനിമപ്രേമികളെ വിസ്മയിപ്പിക്കുമ്പോൾ ഇവിടെ ചെറിയ ബഡ്ജറ്റിൽ റോഷകും മറ്റും ഇറങ്ങി സിനിമ പ്രേമികളെ ആവേശം കൊള്ളിക്കുന്നു. മലയാള സിനിമ മാറ്റത്തിന്റെ പാതയിലല്ല.. മുന്നേറ്റത്തിന്റെ പാതയിൽ തന്നെയാണ്.. “ വിനായക് കെ. എ എഴുതുന്നു.