‘ഒരു താരമായിക്കഴിഞ്ഞപ്പോള്‍ അതിന്റെ സുഖങ്ങളില്‍ ആടി ഉലഞ്ഞു നടക്കുകയല്ല മമ്മൂട്ടി കരിയറില്‍ ചെയ്തിട്ടുള്ളത്’; കുറിപ്പ് ശ്രദ്ധ നേടുന്നു
പ്രായം കൂടുംതോറും സൗന്ദര്യം കൂടിവരുന്ന അത്ഭുതമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ മികച്ച അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച മമ്മൂട്ടി സനിമയില്‍ അമ്പത് വര്‍ഷവും പിന്നിട്ടുകഴിഞ്ഞു. അദ്ദേഹം കഥാപാത്രത്തിനുള്ളിലേക്ക് ഇറങ്ങിചെല്ലുകയും ആ കഥാപാത്രത്തോട് നീതി പുലര്‍ത്തുകയും ചെയ്യുന്നത് മമ്മൂട്ടിയുടെ സിനിമകളില്‍ നിന്ന് അനുഭവിച്ചറിയാന്‍ സാധിക്കാറുണ്ട്. കഥാപാത്രത്തിന് വേണ്ടി അതിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് തരം റിസ്ക്കെടുക്കാനും അദ്ദേഹം നിന്നുകൊടുക്കാറുണ്ട്. മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ റോഷാക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഭീഷ്മ പര്‍വത്തിന് ശേഷം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം കൂടിയായിരുന്നു റോഷാക്ക്. ത്രില്ലറും ഫാമിലി ഡ്രാമയുമെല്ലാം ഒത്തുചേര്‍ന്ന സിനിമ കൂടിയാണ് റോഷാക്ക്.
ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ നിയാസ് മൊഹ്ദ് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു മനുഷ്യന് പ്രായമാവുന്നത് ശരീരത്തില്‍ മാത്രമല്ല മനസിനും അറിവിനും കൂടിയാണ്, അതിലും എന്നും തന്നെ പുതുക്കാന്‍ മമ്മൂട്ടി പരിശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുവെന്നും ഗെയിം ഓഫ് ത്രോണ്‍സിനെ കുറിച്ച് അവതാരിക സംസാരിക്കുമ്പോള്‍ എനിക്ക് അതിലും കൂടുതല്‍ ഇഷ്ടമായത് ക്രൗണാണ് എന്ന് പറഞ്ഞു ഗെയിം ഓഫ് ത്രോണ്‍സിനെ പറ്റിയും ക്രൗണിനെ പറ്റിയും സംസാരിക്കാന്‍ കഴിയുന്ന എത്ര നടന്മാര് നമുക്ക് ഉണ്ടെന്നും കുറിപ്പില്‍ ചോദിക്കുന്നു.
ഈ പ്രായത്തിലും ഈ പുള്ളിക്ക് മാത്രം എങ്ങനെ ഇങ്ങനെയുള്ള റോളുകള്‍ കിട്ടുന്നു എന്ന സ്ഥിരം ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. പുള്ളി അപ്ഡേറ്റഡാണ്. ഒരു താരമായിക്കഴിഞ്ഞപ്പോള്‍ അതിന്റെ സുഖങ്ങളില്‍ ആടി ഉലഞ്ഞു നടക്കുകയല്ല മമ്മൂട്ടി അയാളുടെ കരിയറില്‍ ചെയ്തിട്ടുള്ളത്. മമ്മൂട്ടി അദ്ദേഹത്തിന്റെ ആരോഗ്യം ശ്രെദ്ധിക്കാന്‍ നടത്തുന്ന കാര്യങ്ങള്‍ നമ്മള് എപ്പോഴും കേള്‍ക്കുന്നതാണ്, ഒരു മനുഷ്യന് പ്രായമാവുന്നത് ശരീരത്തില്‍ മാത്രമല്ല മനസിനും അറിവിനും കൂടിയാണ്, അതിലും എന്നും തന്നെ പുതുക്കാന്‍ മമ്മൂട്ടി പരിശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. തന്നിലെ നടനെ മെച്ചപ്പെടുത്താന്‍ അയാള്‍ കഴിയുന്ന രീതിയില്‍ ഒക്കെ അധ്വാനിച്ചു. ലോക സിനിമയിലെ ക്ലാസിക്കുകള്‍ മുതല്‍ മലയാളത്തില്‍ ഇറങ്ങുന്ന സാധാ ഷോര്‍ട്ട് ഫിലിം തൊട്ട് സീരിയല്‍ വരെ കാണാന്‍ ഈ തിരക്ക് പിടിച്ച ജീവിതത്തില്‍ പുള്ളി സമയം കണ്ടെത്തുന്നു.
ഗെയിം ഓഫ് ത്രോണ്‍സിനെ കുറിച്ച് അവതാരിക സംസാരിക്കുമ്പോള്‍ എനിക്ക് അതിലും കൂടുതല്‍ ഇഷ്ടമായത് ക്രൗണാണ് എന്ന് പറഞ്ഞു ഗെയിം ഓഫ് ത്രോണ്‍സിനെ പറ്റിയും ക്രൗണിനെ പറ്റിയും സംസാരിക്കാന്‍ കഴിയുന്ന എത്ര നടന്മാര് നമുക്ക് ഉണ്ട്? റോഷാക്കിന്റെ തന്നെ ഇന്റര്‍വ്യൂയില്‍ ഒരു സംസാരത്തിനിടക്ക് ആവാസവ്യൂഹം എന്ന അടുത്തിടെ ഇറങ്ങിയ മികച്ച എന്നാല്‍ ഒരുപാട് പേര് കണ്ടിട്ടില്ലാത്ത മലയാള സിനിമയെപറ്റി സംസാരിച്ചത് കണ്ടിരുന്നോ ..? അങ്ങനെ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ വായിച്ചറിയാനും കണ്ടറിയാനും മമ്മൂട്ടി നടത്തുന്ന ഒരു ശ്രമം കൂടി കൊണ്ടാണ് അഞ്ച് പതിറ്റാണ്ട് കഴിഞ്ഞും മമ്മൂട്ടിക്ക് മാത്രം പ്രായമായില്ല എന്ന സ്ഥിരം ക്ളീഷേ സംസാരം വരുന്നതും അദ്ദേഹം വീണ്ടും വീണ്ടും നമ്മളെ ഞെട്ടിക്കുന്നതുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.