‘രജനികാന്തും കമല്‍ ഹാസനുമല്ല, നിരഞ്ജനായി മോഹന്‍ലാല്‍ വന്നാല്‍ സിനിമ സൂപ്പര്‍ഹിറ്റാവും’ ; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. മള്‍ട്ടി സ്റ്റാര്‍ ചിത്രമായെത്തിയ സിനിമ അന്ന് വന്‍വിജയം നേടുകയും ചെയ്തിരുന്നു. ഹാസ്യത്തിനും പ്രണയത്തിനും നാടകീയതക്കും ഒരു പോലെ പ്രാധാന്യം നല്കി അണിയിച്ചൊരുക്കിയ തിളക്കമാര്‍ന്ന ചിത്രമായിരുന്നു ഇത്. അതുവരെ ഉണ്ടായിരുന്ന സിനിമാ സങ്കല്പങ്ങളില് നിന്ന് അല്പം മാറി സഞ്ചരിച്ച ഒരു പ്രമേയമായിരുന്നു ചിത്രത്തിന്റേത്. ഗിരീഷ് പുത്തഞ്ചേരി-വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ പിറന്ന അതിമനോഹരമായ ഗാനങ്ങള്‍ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യുവുള്ള സിനിമ കൂടിയാണ് സമ്മര്‍ ഇന്‍ ബത്ലഹേം. ക്ലൈമാക്സില്‍ വലിയൊരു സസ്പെന്‍സ് ബാക്കി നിര്‍ത്തിയാണ് സിനിമ അവസാനിപ്പിച്ചത്.
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചത് സുരേഷ് ഗോപി, മഞ്ജുവാര്യര്‍, ജയറാം എന്നിവരായിരുന്നു. ചിത്രത്തിലെ അതിനിര്‍ണായകമായ അതിഥി വേഷത്തില്‍ എത്തിയത് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലാണ്. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ വന്നതിനു കാരണം താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ സുരേഷ് ഗോപി. ബിഹൈന്‍ഡ് വുഡ്സ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അതിനിര്‍ണായകമായ നിരഞ്ജന് എന്ന വേഷം ചെയ്യാന്‍ രജനികാന്ത്, കമല്‍ ഹാസന് എന്നിവരെ പരിഗണിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ താനാണ് മോഹന്‍ലാല്‍ വേണം ഈ കഥാപാത്രം ചെയ്യാനെന്നും അദ്ദേഹത്തിന് മാത്രമേ ഇത് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞതെന്നും സുരേഷ് ഗോപി പറയുന്നു.
സിനിമ തമിഴില്‍ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. കുറച്ച് ഭാഗം ചിത്രീകരിച്ചിരുന്നു. പ്രഭു സാര്‍ വരാതിരുന്നതോടെയാണ് സിനിമ നിര്‍ത്തിവെച്ചത്. അതിന് ശേഷമായാണ് ഈ സിനിമ മലയാളത്തില്‍ ചെയ്യുകയാണന്നറിയിച്ചത്. ജയറാമും മഞ്ജുവാര്യരും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് എന്നെ അറിയിച്ചു. എന്നാല്‍ ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കില്ലെന്നായിരുന്നു പറഞ്ഞത്. പിന്നെ സിബി മലയില്‍ കഥ കേള്‍ക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ കഥ കേട്ടു. ഈ ചിത്രത്തിന്റെ കഥ തന്നോട് പറഞ്ഞു കഴിഞ്ഞപ്പോള്‍ താന്‍ രഞ്ജിത്തിനോട് പറഞ്ഞത്, ഈ ചിത്രം ഇരുനൂറ് ദിവസം ഓടുമെന്നാണ്.
അതിനിര്‍ണായകമായ നിരഞ്ജന് എന്ന വേഷം ചെയ്യാന്‍ രജനികാന്ത്, കമല്‍ ഹാസന് എന്നിവരെ പരിഗണിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു മോഹന്‍ലാല്‍ വേണം ഈ കഥാപാത്രം ചെയ്യാന്‍, അദ്ദേഹത്തിന് മാത്രമേ ഇത് സാധിക്കു എന്ന്. തന്റെ മനസ്സിലെ വിശ്വാസവും അത് തന്നെയാണെന്നാണ് രഞ്ജിത് പറഞ്ഞതെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു. ഈ ചിത്രം നിര്‍മ്മിച്ച സിയാദ് കോക്കര്‍ അടുത്തിടെ ഇതിന്റെ ഒരു രണ്ടാം ഭാഗം വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. മഞ്ജു വാര്യര്‍ ചിത്രത്തിലുണ്ടാവും. എന്നാല്‍ ജയറാം, സുരേഷ് ഗോപി എന്നിവര്‍ ഉണ്ടാവുമോ എന്നത് പറയാന്‍ പറ്റില്ല എന്നും അദ്ദേഹം സിയാദ് കോക്കര്‍ പറഞ്ഞിരുന്നു.