” വളരെ സ്നേഹമുള്ള പയ്യനാണ്… എന്നെക്കണ്ട് അങ്കിൾ എന്ന് വിളിച്ച് ഓടിവന്നു”; പ്രണവ് മോഹൻലാലിനെകുറിച്ച് കുഞ്ചൻ മനസ്സ് തുറക്കുന്നു
1 min read

” വളരെ സ്നേഹമുള്ള പയ്യനാണ്… എന്നെക്കണ്ട് അങ്കിൾ എന്ന് വിളിച്ച് ഓടിവന്നു”; പ്രണവ് മോഹൻലാലിനെകുറിച്ച് കുഞ്ചൻ മനസ്സ് തുറക്കുന്നു

ഒട്ടനവധി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച എക്കാലത്തെയും മികച്ച നടനാണ് കുഞ്ചൻ. ഹാസ്യ വേഷങ്ങളിലൂടെ സിനിമ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരം കൂടിയാണ് ഇദ്ദേഹം. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ അഭിനയ മികവ് തെളിയിച്ച വ്യക്തിയാണ് ഇദ്ദേഹം. മലയാളത്തിൽ 650 ഓളം സിനിമകളിൽ കുഞ്ചൻ അഭിനയിച്ചിട്ടുണ്ട്. ‘മനൈവി’ എന്ന തമിഴ് ചിത്രമാണ് കുഞ്ചന്റെ ആദ്യ സിനിമ. എന്നാൽ ആ ചിത്രം തീയറ്ററുകളിൽ റിലീസിന് എത്തിയില്ല. ‘റെസ്റ്റ് ഹൗസ്’ എന്ന ചിത്രം ആയിരുന്നു റിലീസ് ചെയ്ത കുഞ്ചന്റെ ആദ്യ സിനിമ. ‘കോട്ടയം കുഞ്ഞച്ചൻ’, ‘ഏയ്‌ ഓട്ടോ’ തുടങ്ങിയ ചിത്രങ്ങളിലെ ഇദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങൾ എടുത്തു പറയേണ്ടവയാണ്. ഈ സിനിമയിലെല്ലാം ഇദ്ദേഹം ചെറിയ റോളുകളാണ് ചെയ്തതെങ്കിലും ഇന്നും മലയാളം മനസ്സുകളിൽ മായാതെ ആ കഥാപാത്രങ്ങൾ നിലനിൽക്കുന്നുണ്ട്.

ഇപ്പോഴത്തെ കൗമുദി മൂവീസിന് കുഞ്ചൻ നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്നത്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെ കുറിച്ച് അഭിമുഖത്തിൽ സംസാരിക്കുകയാണ് താരം. പ്രണവ് മോഹൻലാലിനെ കുറിച്ചുള്ള വിശേഷങ്ങൾ ഇദ്ദേഹം പങ്കുവയ്ക്കുന്നത് ഇങ്ങനെ. ‘പ്രണവ് മോഹൻലാലുമായി ഞാൻ അങ്ങനെ അടുത്തിട്ടില്ല. പക്ഷേ വളരെ സ്നേഹമുള്ള പയ്യനാണ്. കമൽഹാസൻ എന്റെ അടുത്ത സുഹൃത്താണ്. ദൃശ്യത്തിന്റെ തമിഴ് പതിപ്പിൽ പ്രണവ് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട്. എന്നെ കണ്ട് അവൻ അങ്കിൾ എന്ന് വിളിച്ച് ഓടി വന്നു. അവൻ മോഹൻലാലിന്റെ മകനാണ് അവന് ഓടി വരേണ്ട ഒരു കാര്യവും ഇല്ല. ഒരു കുന്നിന്റെ മുകളിൽ വളരെ ദൂരെയാണ് അവൻ നിൽക്കുന്നത്’, കുഞ്ചൻ പറയുന്നു.

മഹാനടൻ മോഹൻലാലിന്റെ മകൻ എന്നതിലുപരി യുവനടനും സഹസംവിധായകനും ആണ് പ്രണവ് മോഹൻലാൽ. 2002 – ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘ഒന്നാമൻ’ എന്ന ചിത്രത്തിലാണ് പ്രണവ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. ബാലതാരമായിട്ടായിരുന്നു പ്രണവ് അഭിനയ രംഗത്ത് തുടക്കമിട്ടത്. പുനർജനി എന്ന സിനിമയിലെ പ്രണവിന്റെ കഥാപാത്രത്തിന് 2002 – ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു. ‘ആദി’, ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’, ‘ഹൃദയം’ തുടങ്ങിയ ചിത്രങ്ങളിൽ നായകനായി പ്രണവ് അഭിനയിച്ചു. ‘സാഗർ ഏലിയാസ് ജാക്കി’, ‘വെട്രി നടൈ’, ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്നീ മോഹൻലാൽ നായകനായ ചിത്രങ്ങളിൽ സഹനടനായും പ്രണവ് വേഷമിട്ടു. കൂടാതെ ‘ലൈഫ് ഓഫ് ജോസൂട്ടി’, പാപനാശം എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രണവ് വർക്ക് ചെയ്തിട്ടുണ്ട്.