“സിജുവിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രകടനമാണ് ലഭിച്ചത്,മലയാള സിനിമയ്ക്ക് സിജു നല്ലൊരു വാഗ്ദാനം ആണ് ” – മേജർ രവി
വിനയൻ സംവിധാനം ചെയ്തു സിജു വിൽസൺ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. വലിയ സ്വീകാര്യതയോടെയാണ് തിയേറ്ററുകളിൽ ചിത്രം ജൈത്രയാത്ര തുടരുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രം എന്ന നിലയിൽ ശ്രദ്ധ നേടിയ ചിത്രം വിനയന്റെ പരിശ്രമത്തിന്റെ ഒരു വലിയ ഫലം തന്നെയാണ്. ഇപ്പോൾ ചിത്രത്തിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മേജർ രവി. വളരെ മനോഹരമായി തന്നെ നമുക്ക് കണ്ടിരിക്കാൻ സാധിക്കുന്ന ഒരു ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്നും വിനയന്റെ പരിശ്രമമാണ് ചിത്രത്തിൽ ഏറ്റവും കൂടുതൽ എടുത്തുപറയേണ്ട ഭാഗം എന്നുമാണ് മേജർ രവി പറയുന്നത്. സിജുവിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രകടനമാണ് ലഭിച്ചത് എന്നും, മലയാള സിനിമയ്ക്ക് സിജു നല്ലൊരു വാഗ്ദാനം ആണെന്നും പുതിയൊരു നായകനെ കിട്ടുകയാണ് മലയാളസിനിമയ്ക്ക് എന്നു മേജർ രവി പ്രതികരിക്കുന്നുണ്ടായിരുന്നു.
വിനയൻ ചിത്രങ്ങൾക്ക് മലയാളികൾ നൽകുന്ന ഒരു വിശ്വാസമുണ്ട്. വിനയൻ ചിത്രങ്ങൾ ഒരിക്കലും തിയേറ്ററിലെത്തിയാൽ പ്രതീക്ഷ നഷ്ടപ്പെടുത്തുന്നത് ആയിരിക്കില്ല എന്നതാണ് ആ വിശ്വാസം. കഠിനപ്രയത്നം അദ്ദേഹത്തിന്റെ ഓരോ സിനിമകളിലും എടുത്ത് കാണാൻ സാധിക്കും. തട്ടിക്കൂട്ട് പടങ്ങൾ ഉണ്ടാക്കാൻ അദ്ദേഹം മിനക്കെടാറില്ല എന്ന് എല്ലാവർക്കുമറിയാം. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകനെ ആണ് സിജു വിൽസൺ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കാവുന്ന രീതിയിലുള്ള മേക്കിങ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മികച്ച രീതിയിൽ ഒരുങ്ങിയ ഈ ചിത്രം ഓണനാളിൽ ആണ് തിയേറ്ററുകളിലെത്തിയത്. വിനയന്റെ ഒരു തിരിച്ചുവരവ് തന്നെയാണ് ഈ ചിത്രം എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
സിനിമാ ലോകത്തെ ഏറ്റവും കൂടുതൽ വിമർശനങ്ങളും അവഗണനകളും ഏൽക്കേണ്ടി വന്ന ഒരു സംവിധായകൻ തന്നെയാണ് വിനയൻ. അതിൽ നിന്നെല്ലാം ഒരു ഫിനിക്സ് പക്ഷിയെ പോലെ അദ്ദേഹം ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ട് അദ്ദേഹത്തിന്റെ കരിയറിൽ വലിയ ഒരു ബ്രേക്ക് തന്നെ സൃഷ്ടിക്കും എന്നുള്ളത് ഉറപ്പാണ്. സിജുവിനും നിരവധി മികച്ച കഥാപാത്രങ്ങൾ ഇനിയും തേടി എത്താനുള്ള ഒരു അവസരമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.