സുരേഷ് ഗോപിയുടെ കൈത്താങ്ങില്‍ നീതി കൊടുങ്ങല്ലൂരിന് വീട് ; തറക്കല്ലിട്ട് സത്യന്‍ അന്തിക്കാട്
1 min read

സുരേഷ് ഗോപിയുടെ കൈത്താങ്ങില്‍ നീതി കൊടുങ്ങല്ലൂരിന് വീട് ; തറക്കല്ലിട്ട് സത്യന്‍ അന്തിക്കാട്

നുഷ്യരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഇടപെടുകയും പ്രവൃത്തിക്കുകയും അതിനുവേണ്ടി സ്വന്തം കീശയില്‍നിന്ന് പണം ചെലവാക്കാന്‍ യാതൊരു മടിയും കാട്ടാത്ത തികഞ്ഞ മനുഷ്യസ്നേഹിയാണ് മലയാളികളുടെ സ്വന്തം സുരേഷ്ഗോപി. നടനെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലകുറി മലയാളികള്‍ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്. താരം സിനിമ രംഗത്തും പുറത്തുമുള്ള നിരവധിപേരെയാണ് സാമ്പത്തികമായും അല്ലാതെയും സഹായിച്ചിട്ടുള്ളത്. ഇതില്‍ ചിലത് വലിയ രീതിയില്‍ വാര്‍ത്തയാവുകയും ചെയ്തിട്ടുണ്ട്.

മലയാളവും തമിഴുമടക്കം മൂന്നൂറില്‍പ്പരം ചിത്രങ്ങള്‍ക്കുവേണ്ടി പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ള നീതി കൊടുങ്ങല്ലൂരിന്റെ ദയനീയാവസ്ഥ വാര്‍ത്തകളില്‍ വന്നിരുന്നു. മുപ്പത്തിയേഴ് വര്‍ഷം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടും സ്വന്തമായൊരു കൂരപോലും ഇല്ലാതിരുന്ന നീതിയുടെ ദയനീയാവസ്ഥ മനസ്സിലാക്കി അദ്ദേഹത്തിന് ഒരു വീട് വച്ചുകൊടുക്കാന്‍ സുരേഷ്ഗോപി ഒരുങ്ങുന്നുവെന്നായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം വീടിന് തറക്കല്ലിടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. പുതിയ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സുരേഷ് ഗോപിയുടെ ആവശ്യപ്രകാരം സംവിധായകന്‍ സത്യന്‍ അന്തിക്കാട് നിര്‍വ്വഹിച്ചു.

വീടിന്റെ പ്ലാനെല്ലാം അതിവേഗത്തില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് തറക്കല്ലിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കാനായി സുരേഷ് ഗോപി സത്യന്‍ അന്തിക്കാടിനോട് ആവശ്യപ്പെടുകയായിരുന്നു. വീടിന്റെ ശ്രമദാനങ്ങളില്‍ പങ്കെടുക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരും ചടങ്ങിന് എത്തിയിരുന്നു. ഈ സമയം തിരുവനന്തപുരത്തെ വീട്ടില്‍ പ്രാര്‍ത്ഥനയോടെ സുരേഷ്ഗോപിയും ഉണ്ടായിരുന്നു. അദ്ദേഹം ചടങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോ നിമിഷവും വിളിച്ച് തിരക്കുകയും ചെയ്തിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറയുകയുണ്ടായി.

ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍, ബിജെപി മാള മണ്ഡലം പ്രസിഡണ്ട് കെഎസ് അനൂപ്, ജനറല്‍ സെക്രട്ടറി സിഎസ് അനുമോദ്, സെക്രട്ടറി സുനില്‍ വര്‍മ്മ, ബിജെപി തൃശ്ശൂര്‍ ജില്ല സെക്രട്ടറി ലോചനന്‍ അമ്പാട്ട്, സ്റ്റേറ്റ് കൗണ്‍സിലംഗം സുരേഷ് കെഎ, മൈനോററ്റി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടന്‍, വേണു ഗോപാല്‍ വിആര്‍, പൊയ്യ പഞ്ചായത്ത് വാര്‍ഡംഗങ്ങളായ അനില സുനില്‍, രാജേഷ് മോഹന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.