ഇനിയും ഒടിടി ആണ് ലക്ഷ്യമെങ്കിൽ മോഹൻലാൽ ചിത്രങ്ങൾ തീയേറ്ററിൽ പ്രദർശിപ്പിക്കില്ല : തിയേറ്റർ ഉടമകൾ
സംസ്ഥാനത്തെ തീയേറ്ററുകൾ വലിയ നഷ്ടത്തിലാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തീയേറ്ററുകളുടെ സംഘടനയായ ഫിയോക്ക്. ഇതുമായി ബന്ധപ്പെട്ട് ഒടിടി റിലീസുകളുടെ പേരില്‍ മലയാള സിനിമ ലോകത്ത് വീണ്ടും വിവാദങ്ങൾ പൊട്ടി പുറപ്പെട്ടിരിക്കുകയാണ്. ഒടിടി റിലീസുകൾ നിയന്ത്രിച്ചില്ലെങ്കിൽ സംസ്ഥാനത്ത് തീയേറ്ററുകൾ ഇപ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തന്നെ നേരിടേണ്ടി വരുമെന്ന് സാഹചര്യം ഉള്ളതുകൊണ്ടാണ് ഫിയോക്ക് രംഗത്തെത്തിയിരിക്കുന്നത്.
സിനിമകൾ തീയേറ്ററിൽ റിലീസ് ചെയ്ത് 56 ദിവസത്തിന് ശേഷം മാത്രമേ ഒടിടിക്ക് നല്‍കാവൂ എന്ന ആവശ്യമാണ് ഇപ്പോൾ ഫിയോക് മുന്നോട്ടുവച്ചിരിക്കുന്നത്. ഫിയൊക്കിന്റെ ഈ തീരുമാനത്തോട് സഹകരിക്കാത്ത താരങ്ങളെ വിലക്കുന്നത് അടക്കമുളള നടപടികളാണ് ഫിയോക്ക് മുന്നോട്ടു കൊണ്ടുവരാൻ ശ്രമിക്കുന്നത് . കോവിഡ് പ്രതിസന്ധി കാരണം സിനിമാലോകം ഒന്നടങ്കം അനിശ്ചിതത്വത്തിലായ സമയത്തായിരുന്നു മലയാള സിനിമയിലും ഒടിടി റിലീസ് എന്ന ആശയം മുന്നോട്ടു വന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതിന് പിന്നാലെയും ഒടിടി റിലീസ് എന്ന ആശയം തിരഞ്ഞെടുക്കുന്നതിനെതിരെ നേരത്തെ ഫിയോക് രംഗത്ത് വന്നിരുന്നു. തിയേറ്ററിൽ വലിയ കലക്ഷൻ നേടേണ്ടി ഇരുന്ന മോഹന്‍ലാലിന്റെ ദൃശ്യം 2വും തുടര്‍ന്ന് മരക്കാറും ഒടിടി റിലീസ് ആലോചിച്ചതുമെല്ലാം വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു .
എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ എലോൺ എന്ന സിനിമയും ഒടിടി റിലീസിന് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഇനി അടുത്ത സിനിമ തീയറ്ററിലേക്ക് വന്നാൽ തങ്ങൾ സ്വീകരിക്കില്ല എന്നാണ് ഫിയോക്കിന്റെ തീരുമാനം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമുളള നടന്മാര്‍ തങ്ങളുടെ ചിത്രം ഒടിടി റിലീസ് ചെയ്യുന്നത് വലിയ തെറ്റില്ല എന്നാൽ വലിയ സ്റ്റാറുകളുടെ ഇത്തരം പ്രവണതകളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നാണ് ഫിയോക് പ്രസിഡണ്ട് വിജയകുമാര്‍ പറയുന്നത്. മോഹൻലാലിന്റെ സിനിമകൾ എവിടെയാണ് റിലീസ് ചെയ്യേണ്ടത് എന്ന് അണിയറ പ്രവർത്തകർക്ക് തീരുമാനിക്കാം എന്നാൽ അടുത്ത സിനിമ തീയേറ്ററിൽ പ്രദർശിപ്പിക്കണോ വേണ്ടയോ എന്ന് ഞങ്ങൾക്ക് തീരുമാനിക്കാനുള്ള അവകാശം ഉണ്ട് എന്നുമാണ് വിജയകുമാർ പറയുന്നത്.
താരങ്ങളുടെ സമ്മതമില്ലാതെ സിനിമകൾ ഒടിടിയിലേക്ക് പോകുകയില്ല എന്നും വിജയകുമാർ പറഞ്ഞു. നടൻമാർ ഉദയം ചെയ്യുന്നത് എവിടെ നിന്നാണെന്ന് ഏവരും ഓർക്കേണ്ട കാര്യമാണെന്നും. നിർമ്മാതാവും അഭിനേതാവും ആണ് ഏത് പ്ലാറ്റ്ഫോമിലാണ് സിനിമ റിലീസ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. എന്നാൽ തീയേറ്ററിൽ റിലീസ് ചെയ്യാമെന്ന് പറഞ്ഞ ശേഷം ഒടിടിയില്‍ റിലീസ് ചെയ്യുന്ന പ്രവണതയോടാണ് ഞങ്ങൾക്ക് പ്രതിഷേധം. ഇനിയും ഇങ്ങനെ പോകുന്ന സാഹചര്യം ആണെങ്കിൽ തീയേറ്ററുകൾ അടച്ചിടേണ്ടി സാഹചര്യമാണ് വരിക എന്നും, ആളുകൾ തീയേറ്ററിലേക്ക് സിനിമ കാണാൻ വരാത്തത് ചിത്രം ഒടിടിയില്‍ വരും എന്ന പ്രതീക്ഷ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഓണചിത്രങ്ങൾ മുതൽ ഇനി വരുന്ന സിനിമകളെല്ലാം 8 ആഴ്ചകൾക്ക് ശേഷം മാത്രമാണ് ഒടിടിയില്‍ പ്രദർശിപ്പിക്കാൻ പാടുള്ളൂ എന്നും ഫിയൊക് പറഞ്ഞു.