‘വിദ്യാമൃതം’ പ്രഖ്യാപിച്ച് മമ്മൂട്ടി ; സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനചെലവ് ഏറ്റെടുക്കും
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. ഒരു നടന് എങ്ങനെ ആയിരിക്കണമെന്ന് മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ പലരും ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. അതിലും ഉപരി നല്ലൊരു മനുഷ്യത്വത്തിനും ഉടമയാണ് ഇദ്ദേഹം. ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയാതെ നിരവധി സഹായങ്ങള്‍ ഇന്നോളം ചെയ്തുവരുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. അറുനൂറോളം കുട്ടികള്‍ക്ക് ഇക്കാലയളവില്‍ മമ്മൂട്ടി സഹായം ചെയ്തിട്ടുണ്ട്. 50 കോടി രൂപയുടെ സഹായമാണ് ഈ കാലയളവില്‍ മമ്മൂട്ടി എന്ന നടന് പാവങ്ങള്‍ക്കായി ഇതുവരെ ചെയ്ത് നല്‍കിയിരിക്കുന്നത്.
ഇപ്പോഴിതാ കോവിഡ് മഹാമാരിയും, പ്രകൃതിദുരന്തങ്ങളും അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്തിരിക്കുകയാണ് മമ്മൂട്ടി. എഞ്ചിനീയറിങ് അടക്കം അശരണരായ വിദ്യാര്‍ഥികളുടെ കോളജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുല പദ്ധതിക്കാണ് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എംജിഎമ്മും തുടക്കമിട്ടിരിക്കുന്നത്. കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കളെ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിദ്യാമൃതം പദ്ധതിയാണ് മമ്മൂട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്.
കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. അവരില്‍ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ, ഞാന്‍ കൂടി ഭാഗമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് ‘വിദ്യാമൃതം – 2’ പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്ന് മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. പ്ലസ് ടു ജയിച്ച നൂറു വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിങ്ങ്, പോളിടെക്നിക്ക്, ആര്‍ട്സ് ആന്റ് സയന്‍സ്, കൊമേഴ്സ്, ഫാര്‍മസി ശാഖകളിലെ ഒരു ഡസനോളം കോഴ്സുകളിലാണ് തുടര്‍ പഠനസൗകര്യമൊരുക്കുന്നത്.
കോവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കൊപ്പം സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികളെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശ്യമുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികളെ യോഗ്യതയുടെ അടിസ്ഥാനത്തിലാകും ഇതില്‍ ഉള്‍പ്പെടുത്തുക. വിശദ വിവരങ്ങള്‍ക്ക് 7025335111, 9946485111 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
പ്ലസ് ടുവിനും എസ്. എസ്.എല്‍. സിക്കും ലഭിച്ച മാര്‍ക്ക് അടിസ്ഥാനമാക്കി ആയിരിക്കും പ്രവേശനം. കോളേജുകളില്‍ മാനേജ്മെന്റിനു അവകാശമുള്ള സീറ്റുകളിലാണ് പ്രവേശനം ലഭ്യമാക്കുക. കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കളോ ആരെങ്കിലും ഒരാളോ മരണമടഞ്ഞത് മൂലം സാമ്പത്തികമായി വിഷമിക്കുന്നവര്‍ക്കും പ്രകൃതി ക്ഷോഭത്തില്‍ ഇരകള്‍ ആയി രക്ഷിതാക്കളില്‍ ആരെങ്കിലും നഷ്ട്ടപ്പെടുകയോ സ്വത്തുവകകള്‍ നഷ്ടപ്പെടുകയോ ചെയ്തവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ആദിവാസികള്‍ക്കുമാണ് പ്രധാനമായും ഈ പദ്ധതി പ്രയോജനപ്പെടുത്താനാകുക.