‘ഗോകുല്‍ നല്ല ഫൈന്‍ ആക്ടര്‍ ആണ്, പക്ഷെ അവന്‍ കൃത്യമായ കൈകളില്‍ ചെന്ന് പെടണം’ ; ജോഷി അന്ന് പറഞ്ഞ കാര്യം ഓര്‍ത്തെടുത്ത് സുരേഷ് ഗോപി
1 min read

‘ഗോകുല്‍ നല്ല ഫൈന്‍ ആക്ടര്‍ ആണ്, പക്ഷെ അവന്‍ കൃത്യമായ കൈകളില്‍ ചെന്ന് പെടണം’ ; ജോഷി അന്ന് പറഞ്ഞ കാര്യം ഓര്‍ത്തെടുത്ത് സുരേഷ് ഗോപി

രു നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രമാണ് പാപ്പന്‍. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയോടൊപ്പം ആദ്യമായി മകന്‍ ഗോകുല്‍ സുരേഷും എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇപ്പോഴിതാ പ്രമോഷന്‍ പരിപാടിക്കിടെ ഗോകുല്‍ സുരേഷിനെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗോകുല്‍ നല്ല ഫൈന്‍ ആക്ടറാണെന്നും പക്ഷേ അവന്‍ കൃത്യമായ കൈകളില്‍ ചെന്ന് പെടണമെന്നും പാപ്പന്‍ ചിത്രത്തിന്റെ സംവിധായകന്‍ ജോഷി സുരേഷ്‌ഗോപിയോട് പറഞ്ഞത്.

പാപ്പന്‍ സിനിമയുടെ പ്ലാനിങ് നടക്കുന്നതിന് മുന്‍പ് 2020ല്‍ ഞാന്‍ ജോഷിയേട്ടനെ കാണുമ്പോള്‍ എന്നോട് അദ്ദേഹം പറഞ്ഞു, ഗോകുല്‍ നല്ല ഫൈന്‍ ആക്ടര്‍ ആണ്. പക്ഷെ അവന്‍ കൃത്യമായ കൈകളില്‍ ചെന്ന് പെടണം. അന്ന് ഗോകുലിന് ജോഷി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാനുള്ള ചിന്തയൊന്നുമില്ലായിരുന്നു. പാപ്പനെ കുറിച്ചും ചിന്തിച്ചിട്ടില്ല. ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നത് ഗോകുല്‍ കൃത്യമായ കൈകളില്‍ എത്തിച്ചേര്‍ന്നു എന്നാണ്. ഞാന്‍ ധ്രുവത്തില്‍ ലാന്‍ഡ് ചെയ്തതുപോലെയാണ് ഗോകുല്‍ പാപ്പനിലെത്തിയത്. റിസള്‍ട്ടും അത് പോലെ ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കാമെന്നും സുരേഷ് ഗോപി പറയുന്നു.

അച്ഛനെ എന്നും ഞാന്‍ സൂപ്പര്‍ സ്റ്റാര്‍ ഫിഗറിലാണ് എപ്പോഴും കാണുന്നത്. ഓര്‍മവെച്ചനാള്‍ മുതല്‍ അങ്ങനെയാണ് കാണുന്നതെന്നും സുപ്പര്‍സ്റ്റാറിനോട് ഫാന്‍ പെരുമാറുന്ന രീതിയാണ് ഞാന്‍ അച്ഛനോട് പെരുമാറുന്നതെന്നും ഗോകുല്‍ പറഞ്ഞപ്പോള്‍ സുരേഷ് ഗോപി പറയുകയുണ്ടായി ആ ഒരു സമീപനം എന്നോട് കാണിക്കുന്നത് ഗോകുല്‍ മാത്രമാണ്. ബാക്കിയെല്ലാം എന്റെ തലയില്‍ കയറി ഇരുന്ന് നിരങ്ങുവാണ്. ഇളയവനാണെങ്കില്‍ അവന്‍ എന്റെ തല വെട്ടി ശാപ്പിടും. അങ്ങനത്തെയാളാണെന്ന്.

കാവലിന് ശേഷം സുരേഷ് ഗോപിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് പാപ്പന്‍. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പന്‍ സുരേഷ് ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രം കൂടിയാണ്. നീത പിള്ള, നൈല ഉഷ, വിജയരാഘവന്‍, ജനാര്‍ദനന്‍, ടിനി ടോം, നന്ദു, ചന്തുനാഥ്, ആശ ശരത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റേയും ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റേയും ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.