”ഇത് മോഹന്‍ലാലിന്റെ മുഖത്ത് വരുന്ന എക്സ്പ്രഷന്‍കൊണ്ട് മാത്രം സാധിക്കാവുന്ന ഒരു പെര്‍ഫോമന്‍സാണ്”; അന്ന് അത് കണ്ട് ദേവരാജന്‍ മാസ്റ്റര്‍ തന്നോട് പറഞ്ഞത്
കഥകളുടെ തമ്പുരാന് എന്ന് സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന തിരക്കഥാകൃത്തായിരുന്നു ജോണ്‍ പോള്‍. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച അതുല്യ പ്രതിഭ ആയിരുന്നു അദ്ദേഹം. 1980 കളുടെ തുടക്കത്തില്‍ മലയാളത്തിലെ പ്രഗല്ഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവര്‍ത്തിച്ച ജോണ്‍പോള്‍ നൂറിലധികം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയപുരസ്കാരങ്ങള്‍ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ജോണ്‍പോള്‍ ആയിരുന്നു.
ജോണ്‍പോള്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധനേടുന്നത്. മോഹന്‍ലാലിനെക്കുറിച്ച് ഏറ്റവും നല്ല ഒരു പ്രവചനം പറഞ്ഞത് അന്തരിച്ച ദേവരാജന്‍ മാസ്റ്ററാണെന്നാണ് അഭിനയത്തില്‍ കള്ളത്തരം മോഹന്‍ലാലിന് അസാധ്യമെന്നും ജോണ്‍പോള്‍ പറയുന്നു. ചെറുപുഷ്പം ഫിലിംസിന്റെ ഹിമവാഹിനി എന്ന ചിത്രത്തിന്റെതാണെന്ന് തോന്നുന്നു. മാഷ് ആയിരുന്നു അതിന്റെ സംഗീതം നിര്‍വഹിച്ചത്. ദേവരാജന്‍ മാസ്റ്റര്‍ റീ റെക്കോര്‍ഡിംങ് ചെയ്തുകൊണ്ടിരിക്കുന്ന സ്ഥലത്ത് കാണാന്‍വേണ്ടി ഞാന്‍ പോയപ്പോള്‍ മോഹന്‍ലാലിന്റെ ചെറിയ എന്തോ വേഷം, അദ്ദേഹത്തിന്റെ വില്ലനിസം എക്സ്പോസ് ചെയ്യുന്ന ചെറിയ ഭാഗം ആയിരുന്നു എഡിറ്റ് ചെയ്തുകൊണ്ടിരുന്നത്. ആ സീന്‍ ഒരു മൂന്ന് തവണ മാഷ് റിപീറ്റ് ചെയ്ത കണ്ടു.
അദ്ദേഹത്തിന് മ്യൂസിക്ക് കൊണ്ട് അത്ഭുതം കാണിക്കാന്‍ വേണ്ടിയാണ് ഇത് വീണ്ടും കാണുന്നത്. ആ സമയത്ത് എന്നെ അടുത്ത് വിളിച്ചുകൊണ്ട് പറഞ്ഞു, ‘ഇത് മോഹന്‍ലാലിന്റെ മുഖത്ത് വരുന്ന എക്സ്പ്രഷന്‍കൊണ്ട് മാത്രം സാധിക്കാവുന്ന ഒരു പെര്‍ഫോമന്‍സ് ആണ്. പക്ഷേ ജോണ്‍ ശ്രദ്ധിച്ചോ, അയാളുടെ വലതുകാലിന്റെ തള്ളവിരല്‍ വരെ ഈ കഥാപാത്രത്തിന്റെ ഭാവപ്രകാശനത്തിന് വേണ്ടി ചലിക്കുന്നുണ്ട്. അയാളുടെ ഇടതുവശത്തെ മുട്ട് ഒരല്‍പ്പം ഉയരുന്നതെല്ലാം മോഹന്‍ലാല്‍ അറിഞ്ഞുകൊണ്ട് ബോധപൂര്‍വ്വം ചെയ്യന്നതല്ല. അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരം മൊത്തമായി ഒരു വൈബ്രേഷനാണ്. അത് ഈ പറഞ്ഞ കഥാപാത്രത്തിന് ആവശ്യമുണ്ടോ എന്നുള്ളതല്ല. അഭിനയത്തില്‍ അദ്ദേഹത്തിന് കള്ളത്തരം അസാധ്യം ആയതുകൊണ്ടാണ്. എന്നായിരുന്നു അന്ന് ദേവരാജന്‍ മാഷ് പറഞ്ഞതെന്ന് ജോണ്‍പോള്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
അന്ന് മോഹന്‍ലാല്‍ ഇങ്ങനെ സൂപ്പര്‍സ്റ്റാര്‍ എന്ന അവസ്ഥയിലേക്ക് എത്തുമെന്ന് ആര്‍ക്കും കണക്കുകൂട്ടലുണ്ടായിരുന്നില്ല. എന്തിന് മോഹന്‍ലാല്‍ പോലും വിചാരിച്ചുകാണില്ല. അന്ന് ദേവരാജന്‍ മാഷ് പറഞ്ഞു മോഹന്‍ലാല്‍ എവിടെയൊക്കെയോ എത്താനുള്ള ആളാണ്. അന്ന് ചിലപ്പോള്‍ ഞാന്‍ ഉണ്ടാവില്ല താന്‍ ഓര്‍ത്തോ എന്നും ജോണ്‍പോള്‍ വീഡിയോയില്‍ പറയുന്നുണ്ട്.