‘അഭിനയത്തിലെന്നപോലെ ഫൈറ്റ് രംഗങ്ങളിലും മോഹന്‍ലാല്‍ ഒരു മജീഷ്യനാണ് ‘ ; നടന് ബാല
വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായ നടനാണ് ബാല. ജന്മം കൊണ്ട് തമിഴനെങ്കിലും മലയാളത്തിലാണ് ബാലയുടെ കൂടുതല്‍ ചിത്രങ്ങളും പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മലയാളചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ‘അന്പ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. പിന്നീട് മമ്മൂട്ടിയോടൊപ്പം ബിഗ് ബി എന്ന ചിത്രത്തില്‍ അഭിനയിക്കുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയുമായിരുന്നു. മുഖം, അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.
ഒരുപാട് താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുള്ള ബാല മോഹന്‍ലാലില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചിവെന്ന് പറയുകയാണ് ഒരു അഭിമുഖത്തില്‍. ലാലേട്ടനെ കണ്ട് പഠിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തെപോലൊരു വേറെ നടനെ എനിക്കല്ല, ആര്‍ക്കും കാണാന്‍ സാധിക്കില്ല. മോഹന്‍ലാല്‍ ഒരു അവതാരമാണെന്നും കൂടെ അഭിനയിക്കുമ്പോള്‍ മനസിലാവുമെന്നും ബാല പറയുന്നു. മോഹന്‍ലാലിനോടുള്ള ആരാധനകൊണ്ടല്ല ഇക്കാര്യം പറയുന്നത്. ടെക്നിക്കലിയാണ് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. അഭിനയിക്കുന്നതിന് മുമ്പ് ഒരു റിഹേഴ്സലും ലാലേട്ടന് ആവശ്യമില്ല. പക്ഷേ റിഹേഴ്സല്‍ ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്. നാല് റിഹേഴ്സലിലും വേറെ വേറെ കാര്യങ്ങളായിരിക്കും അദ്ദേഹം കാണിക്കുന്നത്. എന്നാല്‍ ടേക്കില്‍ വരുമ്പോള്‍ എല്ലാവരേയും തകര്‍ത്ത് മുന്നേറുന്ന നടനാണ് മോഹന്‍ലാല്‍ എന്നും ബാല വ്യക്തമാക്കുന്നു.
മോഹന്‍ലാലും ബാലയും നേര്‍ക്കുനേര്‍ അഭിനയിച്ച സിനിമയാണ് ലൂസിഫര്‍. ഫൈറ്റ് രംഗങ്ങളിലായിരുന്നു ഇരുവരും തകര്‍ത്തഭിനയിച്ചത്. ഈ സീന്‍ ലൂസിഫറിലെ തന്നെ ഏറ്റവും മാസായ രംഗങ്ങളില്‍ ഒന്നായിരുന്നു. പുലിമുരുകന് എന്ന ചിത്രത്തിലും മോഹന്‍ലാലുമായി ഫൈറ്റ് സീനുണ്ട്. ലൂസിഫറിലെ ഫൈറ്റ് രംഗം ചെയ്തതിന് ശേഷം മോഹന്‍ലാലിനെ മനസിലാക്കാന്‍ സാധിച്ചുവെന്നും അന്ന് ബാല പറയുകയുണ്ടായി. അഭിനയത്തിലെന്നപോലെ ഫൈറ്റ് രംഗങ്ങളിലും മോഹന്‍ലാല്‍ ഒരു മജീഷ്യനാണ്. ഫൈറ്റ് രംഗങ്ങളില്‍ മോഹന്‍ലാലിനെപോലൊരു നടനെ എതിരാളിയായി കിട്ടുന്നത് ഏതൊരു നടന്റേയും ഭാഗ്യമാണ്. അതിന് കാരണം അപാര ടൈമിങാണ് മോഹന്‍ലാലിന്. നമുക്ക് കിട്ടുന്ന കിക്കും ഇടിയുമെല്ലാം തലോടിയാണ് മോഹന്‍ലാല്‍ ചെയ്യുന്നതെന്നും വേധനിപ്പിക്കുന്ന ഒരു ഇടിയും അദ്ദേഹത്തില്‍ നിന്ന് നമുക്ക് കിട്ടില്ലെന്നും ബാല പറയുന്നു.