‘ ആക്ടര്‍ എന്നുള്ള ഇമേജ് തന്നയാണ് പണ്ടുള്ളതും ഇപ്പോള്‍ ഉള്ളതും, ബാക്കിയുള്ളതൊക്കെ ചാര്‍ത്തിയതാ ‘ ; മമ്മൂട്ടി
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി, മലയാളിത്തിന്റെ സ്വകാര്യ അഹങ്കാരമെന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 20ാമത്തെ വയസ്സില്‍ ആദ്യമായി ഫിലിം ക്യാമറയുടെ മുന്നിലെത്തി പിന്നീട് മലയാളികളുടെ അഭിമാനത്തിന് മാറ്റു കൂട്ടുകയായിരുന്നു. ഒരു ഡയലോഗ് പോലുമില്ലാതെ 1971ല്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍. 1973ലാണ് ഡയലോഗ് പറഞ്ഞ് കാലചക്രം എന്ന സിനിമയില്‍ അഭിനയിച്ചത്. പിന്നീട് നായകനിരയിലേക്ക് പ്രവേശിക്കുകയും പുഴു എന്ന സിനിമ വരെ ആ ചലച്ചിത്രയാത്ര എത്തിനില്‍ക്കുന്നു.
മൂന്ന് ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടി മഹാനടന് എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്. ഏറ്റെടുക്കുന്ന വേഷങ്ങളോട് മമ്മൂട്ടി കാണിക്കുന്ന ആത്മാര്ത്ഥയെല്ലാം ഏത് മേഖലയിലുള്ളവര്‍ക്കും കണ്ടുപഠിക്കാവുന്ന ഒന്നാണ്. കലാപാരമ്പര്യത്തിന്റെ തഴമ്പുകളില്ലാതെയാണ് മമ്മൂട്ടി സിനിമാലോകത്തേക്ക് എത്തിയത്. സിനിമാസ്വാദകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകര്‍ച്ചകളാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്. കടന്നുവന്ന അഞ്ചു പതിറ്റാണ്ടുകളോ കഥാപാത്രങ്ങളോ ഒന്നും തന്നെ മമ്മൂട്ടി എന്ന നടനെ അഭിനയത്തോടുള്ള അഭിനിവേശം കെടുത്തുന്നില്ല. ഇന്നും സിനിമയെന്നാല്‍ മമ്മൂട്ടിയ്ക്ക് ഒരു വികാരം തന്നെയാണ്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. ഞാന്‍ സിനിമാ നടനായിതില് വലിയ രീതിയില്‍ സന്തോഷമുള്ള ആളാണെന്നും ആക്ടര്‍ എന്നുള്ള ഇമേജ് തന്നെയാണ് തനിക്ക് പണ്ടും ഇപ്പോഴുമുള്ളതെന്നും എല്ലാകാലത്തും നമ്മള് താരമായിരിക്കില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറുന്നുണ്ട്. ‘ ഞാന്‍ സിനിമാ നടനായതില്‍ വലിയ ഹാപ്പിയായിട്ടുള്ള ഒരാളാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു ആക്ടര്‍ സാറ്റിസ്ഫൈ ചെയ്യുകയെന്നുള്ളതാണ്. അതില്‍ ഞെട്ടുക എന്നുള്ളതും സന്തോഷിക്കുക എന്നുള്ളതും ആളുകളുടെ താല്പര്യമാണ്. ആക്ടര്‍ എന്നുള്ള ഇമേജ് തന്നെയാണ് എനിക്ക് പണ്ടുള്ളതും ഇപ്പോള്‍ ഉള്ളതും. അതിനപ്പുറത്തേക്കില്ല. ബാക്കിയുള്ളതെല്ലാം ചാര്‍ത്തിയതാണ്.’ മമ്മൂട്ടി പറയുന്നു.
എല്ലാ കാലത്തും നമ്മള് താരമായിട്ട് ഇരിക്കില്ല, എല്ലാകാലത്തും നമ്മള് സൂപ്പര്‍സ്റ്റാര്‍ ആവുകയുമില്ല. എല്ലാത്തിനുമൊരു കാലഘട്ടമുണ്ട്. ഞാന്‍ പണ്ട് മുതേല പറയുന്ന കാര്യമാണ് ഒരു നടന് നല്ല നടന് ആവുക എന്നത് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. അന്ന് പറഞ്ഞ കാര്യം ഇപ്പോള്‍ ചെയ്യുന്നുവെന്ന് വിചാരിച്ചാല്‍ മതിയെന്നും മമ്മൂട്ടി പറയുന്നു. മമ്മൂട്ടിയുടേതായി ഇനി പുറത്തുവരാനിരിക്കുന്ന സിനിമകള്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, തെലുങ്ക് ചിത്രം ഏജന്റ് എന്നിവയാണ്. കൂടാതെ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്.