‘ഓക്സിജന്‍ ഒരു കുറവും വന്നിട്ടില്ല, കുറഞ്ഞത് തലയിലെ അൾത്താമസം മാത്രം’ മേജർ രവിയും ബാക്കി പ്രകൃതി സ്നേഹികളും കേൾക്കാൻ വേണ്ടി ബൈജു രാജ് എഴുതുന്നു
രാജ്യം നേരിടുന്ന ഓക്സിജൻ സിലണ്ടർ ദൗർബല്യത്തെ തുടർന്ന് പ്രകൃതിയുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോഷൂട്ടുളും പ്രസ്താവനകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരിക്കണം. മേജർ രവിയും ഇത്തരത്തിലുള്ള ഒരു പ്രസ്താവനയുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഏവരും ഉന്നയിക്കുന്ന ‘പ്രകൃതി ചൂഷണവും ഓക്സിജനും’ എന്ന വിഷയത്തെ കുറിച്ച് വളരെ ശാസ്ത്രീയമായ നിലയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ് ബൈജു രാജ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി ശാസ്ത്ര പ്രചാരണം നടത്താറുള്ള ബൈജു രാജിന്റെ പല പ്രസ്താവനകളും വലിയ ശ്രദ്ധ നേടാറുണ്ട്.ആധുനിക സൗകര്യങ്ങൾ വളരെ മികച്ച രീതിയിൽ ലഭ്യമാകുന്ന ഈ കാലഘട്ടത്തിലും ജനങ്ങൾക്കിടയിൽ ശാസ്ത്രീയ മനോവൃത്തിയുടെ അഭാവം വളരെ വ്യക്തമായി തന്നെ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രകൃതിസ്നേഹികൾക്ക് വ്യക്തമായ ശാസ്ത്രീയ വിശകലനം നൽകിക്കൊണ്ട് ബൈജു രാജ് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:, “വാർത്ത:ഓക്സിജന്‍ ക്ഷാമം പ്രകൃതിയോട് മനുഷ്യര്‍ ചെയ്ത അപരാധത്തിനുള്ള ശിക്ഷ: മേജര്‍ രവി.രാജ്യം ഇപ്പോള്‍ നേരിടുന്ന ഓക്സിജന്‍ ക്ഷാമം മനുഷ്യര്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണെന്ന് സംവിധായകന് മേജര്‍ രവി. നമ്മള് പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണിത്. സത്യത്തിൽ ഭൂമിയിൽ അല്ലെങ്കിൽ ഇന്ത്യയിൽ ഓക്സിജൻ കുറഞ്ഞിട്ടാണോ ഓക്സിജൻ ക്ഷാമം ഇപ്പോൾ ഉണ്ടായിരിക്കുന്നത് ?
അതുകൊണ്ടാണോ കോഡിഡ് ബാധിതർ ശ്വാസംമുട്ടനുഭവിക്കുന്നതു ??അല്ല എന്ന് അരിയാഹാരം തിന്നുന്ന എല്ലാവർക്കും അറിയാം. ഓക്സിജൻ സിലിണ്ടറുകൾക്കാണ് ക്ഷാമം. പ്രകൃതയിലെ ഓക്സിജന്‍ ഒരു കുറവും ഇപ്പോൾ ഇല്ല. മരങ്ങൾ കുറവുള്ള ഗൾഫ് നാടുകളിലും, മരങ്ങൾ ഇല്ലാത്ത അന്റാർട്ടിക്കയിലും മനുഷ്യനു സുഖമായി ശ്വസിക്കാം…ആണുബാധ ശ്വാസകോശത്തിൽ ഉണ്ടാവുമ്പോൾ ഓക്സിജൻ സ്വീകരിക്കാനുള്ള ശ്വാസകോശത്തിന്റെ ശേഷിയിൽ കുറവ് വരുന്നു. നമ്മുടെ അന്തരീക്ഷത്തിൽ ഏതാണ്ട് 20 -21% ഓക്സിജൻ ആണുള്ളത്. അതായത് വായുവിലെ അഞ്ചിൽ ഒന്ന് ഓക്സിജൻ. ( അഞ്ചിൽ ഒന്ന് മാത്രം ).എന്നിട്ടുപോലും ശ്വസിക്കുമ്പോൾ ഉള്ളിലെത്തുന്ന വായുവിലെ മുഴുവൻ ഓക്സിജനും ശ്വാസകോശം ഉപയോഗിക്കില്ല.കോവിഡോ, അല്ലെങ്കിൽ മറ്റു ഏതെങ്കിലും രോഗം ബാധിച്ചു ശ്വാസകോശത്തിന്റെ കാര്യക്ഷമത കുറഞ്ഞാൽ ശ്വസിക്കുന്നതിലെ അഞ്ചിലൊന്ന് ഓക്സിജൻ അയാൾക്ക് പോരാതെ വരും. ആ പോരായ്മ പരിഹരിക്കാൻ ഓക്സിജൻ കൂടുതൽ കൃത്രിമമായി കലർത്തിയ വായു ശ്വസിക്കേണ്ടി വരും.
അതിനാണ് ഓക്സിജൻ സിലിണ്ടർ യൂണിറ്റുകൾ. എന്നാൽ സാധാരണ ഒരു വ്യക്തി ഓക്സിജൻ കൂടുതൽ ശ്വസിച്ചതുകൊണ്ട് ഒരു നേട്ടവും ഇല്ല. പലപ്പോഴും അത് ദോഷമാവുകയും ചെയ്യും. കാരണം വായുവിലെ അഞ്ചിലൊന്ന് ഓക്സിജൻ ശ്വസിച്ചു ജീവിക്കാനാണ് നാം പരിണാമത്തിലൂടെ രൂപപ്പെട്ടിരിക്കുന്നത്. കൂടുതൽ ഓക്സിജൻ ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അത് കിട്ടുവാനായി നാം ശ്വാസോച്ഛാസം വേഗത്തിലാക്കും. കുറവ് ആവശ്യമുള്ള ഉറങ്ങുന്ന സമയത്തു ശ്വാസോച്ഛാസം മെല്ലെയും ആക്കും. അതിനുള്ള മെക്കാനിസമെല്ലാം നമ്മുടെ ശരീരത്തിൽത്തന്നെ ഉണ്ട്. അത് കാരണം ഒരു സാധാരണ വ്യക്തി ഓക്സിജൻ കൂടുതൽ ശ്വസിച്ചാൽ ഗുണത്തേക്കാളേറെ ദോഷം ആണുണ്ടാവുക. ഇനി മേജർ രവി പറഞ്ഞതുപോലെ നമ്മള് പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷ ആണോ ഇത് ? മരങ്ങൾ കുറഞ്ഞിട്ടാണോ ഓക്സിജൻ കുറയുന്നത്?അല്ല. ഇന്ത്യയിൽ ഈ അടുത്തൊന്നും മരങ്ങൾ കുറഞ്ഞിട്ടില്ല. അന്തരീക്ഷത്തിൽ ഓക്സിജൻ ക്ഷാമവും ഇല്ല. അപ്പോൾ ഒരു ചോദ്യം..ഭൂമിയിൽ ഉള്ള ഓസ്കിജൻ മുഴുവൻ മരങ്ങൾ പുറപ്പെടുവിക്കുന്നതാണോ ?അല്ല.പലരും പറഞ്ഞതു കേട്ടിട്ടുള്ളതാണ്.. ഭൂമിയിലെ ഓക്സിജൻ മുഴുവൻ കാടുകൾ അല്ലെങ്കിൽ ചെടികൾ പ്രകാശസംശ്ലേഷണം വഴി ഉഉണ്ടാക്കുന്നതാണ് എന്ന്.
എന്നാൽ അങ്ങനെ അല്ല. അവ കരയിലെ മരങ്ങൾ വഴി മാത്രം ഉണ്ടാവുന്നതല്ല. പകരം.. കടലിലെ പ്ലാക്റ്റേണുകളിൽ നിന്നാണു് !ഭൂമിയിലെ ഓക്സിജൻ ഉൽപാദനത്തിന്റെ 60 മുതൽ 80% വരെ സമുദ്രത്തിൽ നിന്നാണെന്ന് ഗവേഷകർ കണക്കാക്കുന്നത്. ഈ ഉൽപാദനത്തിന്റെ ഭൂരിഭാഗവും സമുദ്രത്തിലെ പ്ലാങ്ക്ടണിൽ നിന്നാണ് – ഡ്രിഫ്റ്റിംഗ് സസ്യങ്ങൾ, ആൽഗകൾ, പ്രകാശസംശ്ലേഷണം ചെയ്യാൻ കഴിയുന്ന ചില ബാക്ടീരിയകൾ ! സമുദ്രങ്ങളുടെയും തടാകങ്ങളുടെയും ഉപരിതലത്തിൽ വസിക്കുന്ന ചെറിയ സസ്യങ്ങളാണ് ഫൈറ്റോപ്ലാങ്ക്ടൺ. ഓരോന്നും നഗ്നനേത്രങ്ങൾക്ക് അദൃശ്യമാണ്, പക്ഷേ അവ വളരെയധികം കൂടിച്ചേരുമ്പോൾ, അവയ്ക്ക് വിവിധതരം ജലത്തെ അടിസ്ഥാനമാക്കി ചുവപ്പ്, പച്ച, നീല, അല്ലെങ്കിൽ വെള്ള നിറങ്ങളിൽ ആയിരിക്കും. ഫൈറ്റോപ്ലാങ്ക്ടൺ വളരെ ചെറുതാണെങ്കിലും ഒരൊറ്റ തുള്ളി വെള്ളത്തിൽ ആയിരക്കണക്കിന് ഫൈറ്റോപ്ലാങ്ക്ടൺ ഉണ്ടാവാം.
അവയിൽ നിറഞ്ഞിരിക്കുന്ന ഒരു സമുദ്രം ദിവസം മുഴുവൻ അദൃശ്യമായ ഓക്സിജൻ പുറന്തള്ളുന്നത് സങ്കല്പിച്ചുനോക്കുക !ചില ഫൈറ്റോപ്ലാങ്ക്ടണുകൾ സ്വയം പ്രകാശിക്കും. കൊച്ചിയിലും മറ്റും കടൽത്തീരങ്ങളിൽ ഇത്തരം തിളങ്ങുന്ന പ്ളാക്ടാണുകളെ ചില സീസണുകളിൽ കാണാറുണ്ട്. നീലയും, പച്ചയും നിറങ്ങളിൽ ഇവ പ്രകാശിക്കുന്നു. ഫൈറ്റോപ്ലാങ്ക്ടണുകളുടെ പ്രകാശം സൃഷ്ടിക്കാനുള്ള കഴിവ് ബയോലുമിനെസെൻസ് എന്നറിയപ്പെടുന്നു. ഭൂമിയിലെ ഏറ്റവും ചെറിയ പ്രകാശസംശ്ലേഷണം ചെയ്യുന്ന ജീവിയാണ് പ്രോക്ലോറോകോക്കസ് എന്ന ഒരു പ്രത്യേക ഇനം. എന്നാൽ ഈ ചെറിയ ബാക്ടീരിയ നമ്മുടെ ജൈവമണ്ഡലത്തിലെ ഓക്സിജന്റെ 20% വരെ ഉത്പാദിപ്പിക്കുന്നു !. ഭൂമിയിലെ എല്ലാ ഉഷ്ണമേഖലാ മഴക്കാടുകളേക്കാളും ഉയർന്ന ശതമാനമാണിത് !
സമുദ്രത്തിൽ ഉൽപാദിപ്പിക്കുന്ന ഓക്സിജന്റെ കൃത്യമായ ശതമാനം കണക്കാക്കുന്നത് ബുദ്ധിമുട്ടാണ്, കാരണം അളവ് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. പ്രകാശസംശ്ലേഷണം പ്ലാങ്ക്ടൺ ട്രാക്കുചെയ്യാനും സമുദ്രത്തിൽ സംഭവിക്കുന്ന പ്രകാശസംശ്ലേഷണത്തിന്റെ അളവ് കണക്കാക്കാനും ഗവേഷകർക്ക് സാറ്റലൈറ്റ് ഇമേജറി ഉപയോഗിക്കാം, പക്ഷേ സാറ്റലൈറ്റ് ഇമേജറിക്ക് മുഴുവൻ കഥയും പറയാൻ കഴിയില്ല. ജലത്തിന്റെ പോഷകത്തിന്റെ അളവ്, താപനില, മറ്റ് ഘടകങ്ങൾ എന്നിവയിലെ മാറ്റങ്ങൾക്ക് പ്രതികരണമായി കാലാനുസൃതമായി പ്ലാങ്ക്ടണിന്റെ അളവ് മാറുന്നു. നിർദ്ദിഷ്ട സ്ഥലങ്ങളിലെ ഓക്സിജന്റെ അളവ് ദിവസത്തിന്റെ സമയവും വേലിയേറ്റവും അനുസരിച്ച് വിത്യാസപ്പെട്ടുകൊണ്ടിരിക്കും. എന്തായാലും നമ്മൾ ശ്വസിക്കുന്ന അധികം ഓക്സിജനും കടലിലെ പ്ലാക്റ്റേണുകളിൽ നിന്നാണു് ! എന്തായാലും നമ്മുടെ രാജ്യത്തു അന്തരീക്ഷത്തിലെ ഓക്സിജന്‍ ഒരു കുറവും വന്നിട്ടില്ല. മരങ്ങളും കുറഞ്ഞിട്ടില്ല. കുറഞ്ഞത് തലയിലെ അൾത്താമസം മാത്രം.