”കണ്ണുകളിലെ ചില ചലനത്തിലാണ് അഭിനയം ഇരിക്കുന്നത് ” ; മോഹന്‍ലാലില്‍ നിന്നും പഠിച്ചതിനെക്കുറിച്ച് സംവിധായകന് ലാല്‍
സംവിധായകനായി പിന്നീട് നടനായി മാറിയ താരമാണ് ലാല്‍. മിമിക്രി വേദികളിലൂടെയാണ് ലാല്‍ അഭിനയലോകത്തേക്ക് എത്തിയത്. സംവിധായകന് സിദ്ദിഖിനൊപ്പം സിനിമകള്‍ ചെയ്താണ് താരം സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് സംവിധാനത്തിന് പുറമേ അഭിനേതാവായും സിനിമാ രംഗത്ത് സജീവമാവുകയായിരുന്നു. നായകനായും സഹനടനായും വില്ലനായും പ്രേക്ഷക മനസില്‍ ഇടം നേടിയ താരം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചു. സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളാണ് ടു ഹരിഹര്‍ നഗര്‍, കിംഗ് ലയര്‍ എന്നിവ.
ഇപ്പോഴിതാ മലയാളികളുടെ സ്വന്തം താരരാജാവ് മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. കണ്ണുകളിലെ ചില ചലനത്തിലൂടെയാണ് അഭിനയിക്കാമെന്ന് പഠിച്ചത് മോഹന്‍ലാലിന്റെ അഭിനയം കണ്ടിട്ടാണെന്നും മോഹന്‍ലാലുമായി വളരെ നല്ല അടുപ്പമാണെന്നും മോഹന്‍ലാല്‍ കാരണെ ഒരു തവണ തനിക്ക് വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ലാല്‍ വീഡിയോയില്‍ പറയുന്നുണ്ട്. വിയറ്റ്നാം കോളനി എന്ന സിനിമ സംവിധാനം ചെയ്യുമ്പോള്‍ ആദ്യത്തെ ദിവസങ്ങളില്‍ ഞങ്ങള്‍ പറഞ്ഞു മോഹന്‍ലാല്‍ പോര എന്ന്. കാരണം ഷോട്ട്സ് എടുക്കുമ്പോള്‍ അഭിനയിക്കുന്നുവെന്ന് തോന്നണ്ടേയെന്നും ഓരോ ഷോട്ട്സിലും ഒന്നും ചെയ്യുന്നില്ല, വെറുതെ വന്നിട്ട് പറയുന്ന ഒരു അവസ്ഥയായിരുന്നു.
ഇത് സത്യസന്ധമായിട്ട് പറയുന്നതാണ്. ഞാനും സിദ്ദിഖും ആയി ചര്‍ച്ച ചെയ്തിട്ടുണ്ട്. സിദ്ദിഖേ ഒന്നും വരുന്നില്ലല്ലോ, വെറുതേ പറഞ്ഞിട്ട് പോവുന്നു. സിദ്ദിഖും അപ്പോള്‍ പറഞ്ഞു അതേ ഒരു അഭിനയമില്ല. പിന്നീട് ആദ്യത്തെ കുറെ റഷ് അടിച്ച് വന്ന് കണ്ടപ്പോഴായിരുന്നു മനസിലായത് സിനിമയില്‍ അഭിനയിക്കേണ്ടത് അഭിനയിച്ചിട്ടല്ല. അഭിനയിക്കാതെയാണ് അഭിനയിക്കേണ്ടതെന്ന്. അത് കണ്ണുകളിലെ ചില ചലനത്തിലൊക്കെയാണ് അഭിനയമിരിക്കുന്നതെന്ന് അന്ന് മനസിലായി. ഞാനൊക്കെ ഇവിടെ എന്തൊക്ക ആയി ഇരിക്കുന്നത് ആ ക്ലാസുകളെല്ലാം വളരെ നന്നായി തന്നെ സഹായിച്ചിട്ടുണ്ടെന്നും ലാല്‍ മോഹന്‍ലാലിനെക്കുറിച്ച് കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ ഒരു ചങ്ങാത്തമെന്ന് പറയുന്നത് എവിടെയെങ്കിലുംവെച്ച് കാണുമ്പോള്‍ വലിയ ഫ്രണ്ട്ഷിപ്പാണ്. വളരെ അടുപ്പമായിരിക്കും. നേരിട്ട് കണ്ട് സംസാരിക്കുമ്പോള്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് മോഹന്‍ലാല്‍ ആണോ എന്ന് എനിക്ക് സംശയം വരാറുണ്ട്. പക്ഷേ അവിടെ നിന്ന് പിരിഞ്ഞ് പോയിക്കഴിഞ്ഞാല്‍ ഫോണ്‍ ചെയ്യുകയോ, അല്ലെങ്കില്‍ ഒരു തമാശ പറഞ്ഞ് ഓര്‍ക്കുമ്പോള്‍ വിളിച്ച് പറയുകയോ അങ്ങനെ ഒരു ബന്ധങ്ങളോ ഒന്നും ഉണ്ടാവാറില്ല. അപ്പോള്‍ വേറെ രണ്ട് പേരായി മാറുകയാണ്. പക്ഷേ എന്ന് കണ്ട് മുട്ടുന്നോ അടുത്ത സെക്കന്റില്‍ മോഹന്‍ലാല്‍ എന്റെ അടുത്ത സുഹൃത്താണെന്ന് തോന്നിപ്പിക്കാനുള്ള ഒരു മാജിക്കല്‍ പവര്‍ അദ്ദേഹത്തിനുണ്ടെന്നും ലാല്‍ പറയുന്നു.
അന്ന് സെറ്റിലൊരിക്കല് വെറുതേ ഒരു കാര്യവുമില്ലാതെ വഴക്ക് കേള്‍പ്പിച്ചിട്ടുണ്ട്. ഒരു ദിവസം പള്ളിയില്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഉമ്മര്‍ക്ക (കെപി ഉമ്മര്‍) വെറുതേ ഇങ്ങനെ നടന്നുപോയപ്പോള്‍ ഇദ്ദേഹം ഒരു കാര്യമില്ലാതെ ‘ലാലേ അങ്ങനെ പറയല്ലേട്ടാ, ഒന്നുമില്ലെങ്കില്‍ ഒറു സീനിയര്‍ ആര്‍ട്ടിസ്റ്റ് അല്ലേ, മോശമാണ് അങ്ങനെ പറയരുത്’ എന്ന്. അപ്പോള്‍ ഉമ്മര്‍ക്ക തിരിഞ്ഞ് നിന്ന് എന്നോട് പറഞ്ഞു മൂന്നക്ഷരം അത് നഷ്ടപ്പെടുത്തരുതെന്ന്. ഇങ്ങനെ ചില ക്രൂരമായ തമാശകളും മോഹന്‍ലാലിന്റെ കയ്യിലുണ്ടെന്നും ലാല്‍ വ്യക്തമാക്കുന്നു.