മാത്യു മാഞ്ഞൂരാനായി മോഹന്‍ലാല്‍ വിസ്മയിപ്പിച്ചിട്ട് അഞ്ച് വര്‍ഷം ; ആഘോഷമാക്കി ആരാധകര്‍
ബി. ഉണ്ണികൃഷ്ണന് തിരക്കഥയെഴുതി സംവിധാനം ചെയ്ത്, 2017ല്‍ പുറത്തിറങ്ങിയ ഒരു കുറ്റാന്വേഷണ ചിത്രമാണ് വില്ലന്‍. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പികുന്ന ചിത്രത്തില്‍ മാത്യൂ മാഞ്ഞൂരാന് എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തെ നിരവധി പേര് പ്രശംസിച്ചിരുന്നു. ഇന്നും അ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ച് സിനിമാപ്രേമികള്‍ രംഗത്തെത്താറുണ്ട്. വില്ലന്‍ സിനിമ പുറത്തിറങ്ങിയിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുകയാണ്. ‘കരഞ്ഞുകൊണ്ട് ചിരിക്കുന്ന മനുഷ്യന്.. ലാലേട്ടാ നിങ്ങള്‍ക്കൊരു പകരക്കാരന് ഇല്ല വില്ലനിലെ അഭിനയം പെരുത്തിഷ്ടായി’… വില്ലന്‍ സിനിമ കണ്ടിറങ്ങിയവര്‍ ഒരുപോലെ പറഞ്ഞൊരു ഡയലോഗ് ആയിരുന്നു ഇത്. ഇപ്പോഴിതാ വില്ലന്‍ ചിത്രത്തെക്കുറിച്ച് അനൂപ് പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഞാന്‍ അവളോട് നിന്നെ ഞാന്‍ രക്ഷപ്പെടുത്തട്ടേ എന്ന് ചോദിച്ചപ്പോള്‍ അവള് എന്റെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചു. ആ കണ്ണുകള്‍ അടയുന്നത് ആ ചങ്കിടിപ്പ് നിലയ്ക്കുന്നത് ഞാന്‍ നോക്കി നിന്നു. അപ്പോഴാണ് ഞാന്‍ അറിഞ്ഞത് സ്നേഹത്തിന്റെ അവസാനത്തെ അര്‍ത്ഥം മരണം ആണെന്ന്. മോഹന്‍ലാല്‍ എന്ന നടന്റെ ഒരു കഥാപാത്രമായുള്ള പകര്‍ന്നാട്ടം അതാണ് ഈ പറഞ്ഞ രംഗങ്ങളിലൂടെ നമുക്ക് കാണാന്‍ സാധിച്ചത്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ വില്ലന്‍ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ മാത്യു മാഞ്ഞൂരാന് തന്റെ ഭാര്യയായ നീലിമയോട് അവസാനമായി പറഞ്ഞ വാക്കുകളാണ് ഇത്. ജീവനേക്കാള്‍ ഏറെ സ്നേഹിച്ച ഭാര്യയെ സ്വന്തം കൈ കൊണ്ട് കൊല്ലേണ്ടി വരുന്ന ആ ഒരു നായകന്, സിനിമയില്‍ ഒരു ദാര്‍ശനിക നീതിയാണ് ഒരിക്കലും വേദനയുടെ ലോകത്തില്‍ നിന്ന് ഒരു തിരിച്ചു വരവ് ഉണ്ടാകില്ലെന്ന് അറിയുന്ന അയാളുടെ ഭാര്യയ്ക്ക് നേടി കൊടുക്കുന്നത്.
സിനിമ കണ്ടിരിക്കുന്ന ഒരു പ്രേക്ഷകനെ വല്ലാത്തൊരു തലത്തിലേക്കാണ് ഈ ഒരു രംഗം കൊണ്ടെത്തിക്കുന്നത്. ആ രംഗത്തിന്റെ പൂര്‍ണതയിലെത്തിക്കുന്ന ലാലേട്ടന്റെ സൗണ്ട് മോഡുലേഷനും. ഈ അടുത്ത കാലത്ത് സത്യം പറഞ്ഞാല്‍ ഇത്തരം സൗണ്ട് മോഡുലേഷന് വളരെ വിരളമായെ കാണാന്‍ സാധിച്ചിട്ടുള്ളൂ. അത്രയധികം വേദന അനുഭവിക്കുന്ന നായികയ്ക്ക് സുഖമായ ഒരു മരണം ആണ് നായകന് സമ്മാനിക്കുന്നത്. സത്യത്തില്‍ അവളുടെ ആ വേദനയില്‍ നിന്നുള്ളൊരു വിമോചനമാണ് ഇതിലെ നായികയെ സംബദ്ധിച്ചിടത്തോളം ഈ മരണം. അത്രമേല്‍ സ്നേഹിച്ചിരുന്ന ഭാര്യയെ അയാള്‍ക്ക് സ്വന്തം കൈ കൊണ്ട് കൊല്ലേണ്ടിവരുന്നത് അയാളുടെ അളവറ്റ സ്നേഹം കൊണ്ടാണ്. സിനിമയില്‍ പറയുന്ന പോലെ ഇവിടെ സ്നേഹത്തിന്റെ അവസാനത്തെ അര്‍ത്ഥം മരണമാണ്.
ഏറെ പ്രിയപ്പെട്ടത് നഷ്ടപ്പെട്ട വേദനയും നിസ്സഹായതയും അയാളുടെ നനഞ്ഞ കണ്ണുകളിലുണ്ട്. അതേ സമയം അവളോടുള്ള സ്നേഹത്തിന്റെ നീതി നടപ്പാക്കിയതിന്റെ സന്തോഷവും സംതൃപ്തിയും അയാളുടെ ചുണ്ടിലെ പുഞ്ചിരിയിലുമുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ സ്വന്തം ഹൃദയം തകരുന്ന വേദനയോടെ ഒരു മനോഹരമായ പുഞ്ചിരി നല്കി അയാള്‍ അയാളുടെ ഭാര്യയെ എന്നന്നേക്കുമായി യാത്രയാക്കുന്നു. ജീവിതകാലം മുഴുവനും ആ ഹൃദയവേദനയോടെ മാത്രമേ ജീവിക്കാനും സാധിക്കൂ എന്ന് ആ സിനിമ നമുക്ക് കാണിച്ച് തരുന്നു. നായകനായി ലാലേട്ടനും നായികയായി മജ്ഞു വാര്യരും ഈ സിനിമയില്‍ തിളങ്ങി നിന്നു. ഓരോ നായകനിലും ഒരു വില്ലന്‍ ഉണ്ട്. That Scene. That Bgm . That Acting Level ലാലേട്ടന്റെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ മാത്രം ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു അഭിനയ രംഗത്തിനും, അതിലെ മാത്യൂ മഞ്ഞൂരാന് എന്ന എനിക്ക് അത്രയേറെ പ്രിയപ്പെട്ട കഥാപാത്രത്തിനും ഇന്ന് അഞ്ച് വയസ്സ് തികയുന്നു.